ഒരിറ്റു ജലത്തിനായി...ഒരു തുളളി വെള്ളത്തിനായി വരണ്ട മണ്ണിലൂടെ അനേകം ദൂരം താണ്ടിയലയുന്ന മനുഷ്യർ. ജലക്ഷാമത്തിന്റെ പ്രതീകമായി ദശാബ്ദങ്ങളായി കാണുന്ന ചിത്രമാണിത്. എന്നാൽ അടുത്തിടെയായി നമ്മളത് നേരിൽ കാണുകയോ അനുഭവിക്കുകയോ ചെയ്യുന്നുണ്ട്. ജലക്ഷാമത്തിന്റെ ക്രൂരമായ മുഖം തുറന്നുകാട്ടി ഈ അവസ്ഥയേയും അതിന്റെ കാരണത്തേയുമൊക്കെ വളരെ ക്രിയാത്മകമായി അവതരിപ്പിക്കുകയാണ് ലാസ്റ്റ് ഡ്രോപ് എന്ന ഷോർട് ഫിലിം. കഥാപാത്രങ്ങളുടെ രൂപങ്ങളിലും അവരുടെ ഓരോ നോട്ടത്തിലും ജലദൗർലഭ്യതയുടെ ക്രൂരമായ മുഖം കാണാം...അധികം സംഭാഷണങ്ങളില്ല, യാഥാർഥ്യത്തെ അതേ തന്മയത്തത്തോടെ സംഗീത സാന്ദ്രമായ ഫ്രെയിമുകളിലൂടെ അവതരിപ്പിക്കുന്നു ലാസ്റ്റ് ഡ്രോപ്. ഭൂമിയിലെ ജലകണങ്ങളോരോന്നും അകന്ന് വരൾച്ച ബാക്കിവയ്ക്കുന്നത് പെൺ മുഖത്തിൽ തെളിയുന്ന ചുളിവുകളിലൂടെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം അവതരണത്തിലും ഏറെ വേറിട്ടു നിൽക്കുന്നു.
സ്വന്തം കുഞ്ഞിനുള്ള ദാഹജലം തേടിയലയുന്ന മനുഷ്യൻ. തേടിച്ചെല്ലുന്നൊരിടത്തു പോലും നാവുനനയ്ക്കാൻ പോലും വെള്ളമില്ല. കടൽവെള്ളത്തിൽ പോലും പുഴുവരിയ്ക്കുന്നു. ജീർണതകളുടെ കടൽത്തീരത്ത് മരണത്തിലേക്കു കൈ നീട്ടി കിടക്കുന്ന അയാളിലൂടെ ഒരു വലിയ സന്ദേശമാണ് ലാസ്റ്റ് ഡ്രോപ് തരുന്നത്. വെള്ളമില്ലായ്മയുടെ എത്ര ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടയിലും വരദാനമായി കിട്ടുന്ന ഉറവകളെ നശിപ്പിക്കാൻ ഇന്നും മനുഷ്യനു മടിയില്ലെന്നും, അതിനെ കണ്ടില്ലെന്നു നടിച്ച് വിലപിച്ചിരിക്കാന്‍ എന്നും വലിയൊരാൾക്കൂട്ടമുണ്ടാകുമെന്നും പറയുന്നു ഈ ഹ്രസ്വ ചിത്രം. ഏറെ വേദനിപ്പിക്കുന്ന കുറേ കാര്യങ്ങൾ പറയുന്ന ചെറു ചിത്രം നന്മയുടെ നാമ്പ് ആൾക്കൂട്ടത്തിലൊരാളിൽ നിന്ന് ജീവൻ വയ്ക്കുമെന്നാണ് പറഞ്ഞാണ് അവസാനിക്കുന്നത്...
ഹ്രസ്വ ചിത്രത്തിലെ നോബിള്‍ പീറ്ററിന്റെ സംഗീതവും ഷിനൂബ് ചാക്കോയും സ്‍മിറിന്‍ സെബാസ്റ്റ്യനും ചേർന്നുള്ള കാമറയും അതിമനോഹരമാണ്. റോയ് കരക്കാട് കാപുചിന്‍ ആണ് ദ ലാസ്റ്റ് ഡ്രോപ് സംവിധാനം ചെയ്‍തിരിക്കുന്നത്. ആന്റണി എല്‍ കാപുചിനും റോയ് കരക്കാട് കാപുചിനും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.ജിബിന്‍ ജോര്‍ജ് ആണ്എഡിറ്റിംഗ് ചെയ്‍തിരിക്കുന്നത്. ആണ് സംഗീത സംവിധായകന്‍. രജീഷ് കെ എം, സന്ധ്യ വിശ്വനാഥ്, അമല, ചിക്കു തുടങ്ങിയവരാണ് അഭിനേതാക്കള്‍.