സുചിലീക്സിൽ കുഴങ്ങി വീണ്ടും തമിഴ്സിനിമാലോകം. ധനുഷ്, അമല പോൾ , അനിരുദ്ധ് , തൃഷ തുടങ്ങിയവർക്ക് തലവേദന സൃഷ്ടിച്ച സുചിലീക്സ് വീണ്ടും. ഇത്തവണ യുവനടി നിവേത പേതുരാജാണ് ഇര.
നടിയുടെ പേരിൽ നഗ്നചിത്രങ്ങളും വിഡിയോകളുമാണ് സുചിലീക്സ് എന്ന വ്യാജട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നടിയുമായി സാമ്യമുള്ള മുഖമായതിനാൽ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. സംഭവത്തിൽ നടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സുചി എന്നു യൂസർ നെയിം ഉള്ള അക്കൗണ്ടിൽ നിന്ന് ധനുഷിനെതിരെയുള്ള ട്വീറ്റുകളോടെ സുചിലീക്സിനു തുടക്കമായത്. ഒരു പാർട്ടിക്കിടെ നടൻ ധനുഷിനൊപ്പം വന്നവരിൽ ആരോ ഒരാൾ തന്റെ കൈ പിടിച്ച് തിരിച്ച് ഞെരിച്ച് ചതച്ചുവെന്നാരോപിച്ചായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്.
അതിനു പിന്നാലെയായിരുന്നു ധനുഷിനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനുമെതിരെ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സുചിത്ര ട്വിറ്ററിൽ ആഞ്ഞടിച്ചത്. ഗായിക ചിൻമയി ശ്രീപദയ്ക്കെതിരെയും സുചിത്ര ട്വിറ്ററില്‍ വാളെടുത്തിരുന്നു. ഈ ചിത്രങ്ങളും ട്വീറ്റുകളും വൻ കോളിളക്കമാണ് തമിഴകത്ത് സൃഷ്ടിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ തട്ടിയെടുത്തതാണെന്ന് താരം പറയുമ്പോഴും വിവാദ ട്വീറ്റുകൾ എത്തിക്കൊണ്ടേയിരുന്നു. അപ്രത്യക്ഷമായിക്കൊണ്ടുമിരുന്നു. 40-50 വ്യാജ പ്രൊഫൈലുകളാണ് സുചിത്രയുടെ പേരിൽ പിന്നീട് സൃഷ്ടിക്കപ്പെട്ടത്. ഒടുവിൽ സുചിത്ര ലണ്ടനിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന വാര്‍ത്തയോടെയാണ് എല്ലാം അടങ്ങിയത്.
അടുത്തിടെയാണ് താരം തിരിച്ചെത്തിയത്. സംഭവിച്ചു പോയതിലെല്ലാം നാണക്കേടുണ്ടെന്നും താൻ നിരപരാധിയാണെന്നും സുചിത്ര പറഞ്ഞിരുന്നു. ഇ-മെയിൽ ആരോ ഹാക്ക് ചെയ്തുവെന്നും പിന്നീട് അത് ഡി ആക്ടിവേറ്റ് ചെയ്തിരുന്നെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു. എന്നാൽ വീണ്ടും സുചിലീക്സ് എന്ന ഹാഷ് ടാഗോടു കൂടി വിവാദങ്ങൾ ഉയരുകയാണ്.