ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദവിഷയമാണ് ഹൃതിക് റോഷൻ–കങ്കണ പ്രണയവിവാദം. ഹൃതിക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പലപ്പോഴും കങ്കണ രംഗത്തുവന്നപ്പോൾ മൗനം പാലിക്കുകയായിരുന്നു ഹൃതിക് ചെയ്തത്. നടിയുടെ കഴിഞ്ഞ ചിത്രമായ സിമ്രാന്റെ പ്രചാരണപരിപാടികളിലും നടി ആയുധമാക്കിയത് ഇതേ വിഷയം തന്നെ. കഴിഞ്ഞ ദിവസം കങ്കണയുടെ സഹോദരിയും ഹൃതിക്കിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചു. അവസാനം ഈ വിഷയത്തിൽ ഹൃതിക് റോഷൻ തന്നെ നേരിട്ട് രംഗത്തെത്തി. ഒരു ടിവി അഭിമുഖത്തിലാണ് താരം എല്ലാ തുറന്ന് പറഞ്ഞത്.
താൻ ഒരു ഇരയല്ലെന്നു പറഞ്ഞു കൊണ്ടായിരുന്നു ഹൃതിക് തുടങ്ങിയത്. ആരുമായി ഒരു പ്രശ്നത്തിനും പോകാത്തവനാണ് താൻ. വിവാഹമോചനത്തിൽപ്പോലും പങ്കാളിയുമായി വഴക്കുണ്ടായിട്ടില്ല. പരസ്പരം അപമാനിച്ചിട്ടില്ല. ആരുടേയും സഹതാപത്തിനു വേണ്ടിയല്ല ഇതു പറയുന്നത്. റോഡിലൂടെ നടന്നു പോകുമ്പോൾ ഒരാൾ ശല്യം ചെയ്താൽ ഗൗനിക്കേണ്ടതില്ല. എന്നാൽ വീടിനു നേരെ കല്ലെറിഞ്ഞാലോ ? അത് നമ്മുടെ പ്രിയപ്പെട്ടവരേയും ബാധിക്കും. അതോടെ പ്രതികരിക്കേണ്ടി വന്നു.
കങ്കണയെ ആദ്യം കാണുന്നത് 2008 ലാണ്. അടുത്ത സുഹൃത്തുക്കളൊന്നുമായിരുന്നില്ല തങ്ങൾ. കങ്കണയ്ക്കു സ്വന്തം പ്രഫഷനോടു വല്ലാത്ത ആത്മാർഥതയായിരുന്നു. ആ അർപ്പണമനോഭാവം കാണുമ്പോൾ അഭിമാനം തോന്നിയിട്ടുണ്ട്. നേരിട്ട് അഭിനന്ദിച്ചിട്ടുമുണ്ട്. ഒരിക്കൽ ജോർദാനിൽ വച്ച് ഒരു പാർട്ടി നടന്നു. നിരവധി പേർ പങ്കെടുത്തു. പാർട്ടിയ്ക്കിടെ കങ്കണ തന്നോടു കുറച്ചു സംസാരിക്കാനുണ്ടെന്നു പറഞ്ഞു. രാവിലെ സംസാരിക്കാമെന്നു പറഞ്ഞ് താൻ സ്വന്തം മുറിയിലെത്തി. അപ്പോൾ വാതിലിൽ ആരോ ശക്തമായി മുട്ടുന്നതു കേട്ടു. കങ്കണയായിരുന്നു പുറത്ത്. മദ്യപിച്ച് ലക്ക് കെട്ട നിലയിലായിരുന്നു അവർ. ഉടൻ തന്നെ അവരുടെ സഹോദരിയെ വിളിച്ചു വരുത്തി. സഹോദരി രംഗോലി തന്നോടു ക്ഷമ ചോദിച്ചു. താൻ അതു വലിയ കാര്യമായി എടുത്തില്ല.
തങ്ങൾ പ്രണയത്തിലാണെന്ന വാർത്ത വരുന്നത് 2013 ലാണ്. എന്നാൽ തങ്ങൾ ഇരുവരും കാണുന്നത് തന്നെ വല്ലപ്പോഴുമായിരുന്നു. താൻ വിവാഹാഭ്യർഥന നടത്തിയെന്ന വ്യാജവാർത്തയും പ്രചരിച്ചു. രണ്ടു പേരുടേയും ഫോട്ടോഷോപ്പ് ചെയ്ത ചിത്രവും പ്രചരിക്കുന്നുണ്ടായിരുന്നു.
കങ്കണ തനിക്കയച്ച ഇ-മെയിലുകളെക്കുറിച്ചുള്ള സത്യാവസ്ഥയും ഹൃതിക് വിശദീകരിച്ചു. താൻ മാക്ബുക്ക് പ്രോ ആണ് ഉപയോഗിച്ചിരുന്നത്. ഇതിൽ ബ്ളോക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവരെ ബ്ളോക്ക് ചെയ്യാതിരുന്നത്. അവരെ സ്പാം ലിസ്റ്റിൽ ഉൾപ്പെടുത്തുകയാണുണ്ടായത്. നാലായിരത്തോളം മെയിലുകൾ അവർ അയച്ചിരുന്നു. അൻപതെണ്ണമേ താൻ വായിച്ചിട്ടുണ്ടാകൂ.
തുടക്കത്തിൽ പലതും കണ്ടില്ലെന്നു നടിച്ചു. പിന്നെ ചില സുഹൃത്തുക്കൾ വഴി കങ്കണയോടു സംസാരിച്ചു. ഫലമുണ്ടായില്ല. ആരോപണങ്ങൾ ഇനിയും വരട്ടെ. നേരിടാൻ താൻ തയ്യാറെന്നും ഹൃതിക് അഭിമുഖത്തിൽ പറഞ്ഞു.