എന്നാലും ജോ, അങ്ങനെ പറയരുതായിരുന്നു!

കമ്മീഷണർ സിനിമയിൽ സുരേഷ് ഗോപിയുടെ സൂപ്പർഡയലോഗുകൾ കേട്ട് കയ്യടിച്ചവരാണ് മലയാളികൾ. തമിഴകത്താകട്ടെ രജനിയും വിജയ്‌യുമൊക്കെയാണ് പഞ്ച് ഡയലോഗിലൂടെ കയ്യടി നേടുന്ന താരങ്ങൾ. അങ്ങനെയൊരു ഡയലോഗ് ആണ് ഇപ്പോൾ ജ്യോതികയ്ക്ക് വിനയായത്.

ബാല സംവിധാനം ചെയ്യുന്ന നാച്ചിയാർ എന്ന സിനിമയില്‍ തന്റേടിയായ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിൽ ജ്യോതികയുടെ കഥാപാത്രം അസഭ്യം പറയുന്നുണ്ട്. 

എന്നാൽ ഈ ഡയലോഗ് തമിഴ് പ്രേക്ഷകർക്ക് അത്ര പിടിച്ചിട്ടില്ല. ഞങ്ങളുടെ ജോ ഇങ്ങനല്ലെന്നും ജ്യോതിക അങ്ങനെ പറയരുതായിരുന്നെന്നും വിമർശനം ഉയർന്നു. നിരവധി ട്രോളുകളും ജ്യോതികയ്ക്കെതിരെ വരുന്നുണ്ട്. എന്നാൽ ഇതിൽ ജ്യോതികയുടെ പ്രതികരണം ലഭ്യമല്ല.

ജ്യോതിക, ജി.വി. പ്രകാശ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് നാച്ചിയാർ. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജ്യോതിക ചിത്രത്തിലെത്തുക. 

ഇളയരാജ സംഗീതം നിർവഹിക്കുന്നു. മോഹൻലാലിന്റെ വില്ലൻ സിനിമയുടെ നിർമാതാവ് റോക്ലിൻ വെങ്കടേഷ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ കഥയും ബാലയുടേതാണ്.