ശിവകാർത്തികേയൻ–ഫഹദ് ചിത്രമായ വേലൈക്കാരനിലൂടെ തമിഴിൽ ശക്തമായ തിരിച്ചുവരാണ് നടി സ്നേഹ നടത്തിയത്. സിനിമ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെടുമ്പോഴും നടി ആകെ നിരാശയിലാണ്.
സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഏഴു കിലോ തടി കുറക്കുകയും 18 ദിവസം ഷൂട്ടിങ് നടത്തുകയും ചെയ്തിട്ടും വെറും 5 മിനിട്ട് മാത്രമാണ് സിനിമയില്‍ സ്നേഹയുടെ രംഗം.
‘തമിഴിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍, ലഭിക്കുന്ന വേഷം എത്രത്തോളം മികവുറ്റതാക്കാന്‍ കഴിയുമോ അത്രയും മികച്ചതാക്കണം എന്നായിരുന്നു ആഗ്രഹം. അതിന് വേണ്ടി എന്തിനും തയ്യാറുമായിരുന്നു.പ്രസവ ശേഷമുള്ള തടി കുറയ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍ വേലൈക്കാരന് എന്ന ചിത്രത്തിന് വേണ്ടി, ചിത്രം സമൂഹത്തിന് നല്കുന്ന സന്ദേശത്തിന് വേണ്ടി അതിന് തയ്യാറായിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് ഏഴ് കിലോയോളം കുറച്ചു.’–സ്നേഹ പറയുന്നു.
‘പതിനെട്ട് ദിവസമാണ് എന്റെ ഭാഗം ഷൂട്ട് ചെയ്തത്. മിക്കതും വീടിന് അകത്ത് വച്ചുള്ളത് തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക് വേഷം മാറണം. പല ഷോട്ടുകളും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചെയ്യുമ്പോള്‍, ഞാന്‍ തളര്‍ന്നുവെങ്കിലും ചിത്രവുമായി പൂര്‍ണമായും സഹകരിച്ചു. എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. 18 ദിവസം കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതില്‍ അവസാന മൂന്ന് ദിവസത്തെ രംഗങ്ങള്‍ മാത്രമേ സിനിമയിലുള്ളൂ. പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമെങ്കിലും എന്റെ കഥാപാത്രത്തിനുണ്ടാവുമെന്ന് കരുതിയെങ്കിലും വെറും അഞ്ച് മിനിട്ടില്‍ ഒതുക്കി.’–സ്നേഹ പറയുന്നു.
‘കഷ്ടപ്പെട്ട് തടി കുറച്ചതൊക്കെ വെറുതെയായി. അത്തരം രംഗങ്ങളൊന്നും സിനിമയ്ക്ക് ആവശ്യമായേ വന്നില്ല. ഇപ്പോള്‍ എന്റെ ശരീരത്തോട് എനിക്ക് തന്നെ പരിഹാസം തോന്നുകയാണ്.– താരം പറഞ്ഞു.
‘ചിത്രീകരണത്തിനായി സെറ്റിലെത്തിയപ്പോഴാണ് പറഞ്ഞത്, മാഡത്തിന് മേക്കപ്പ് വേണ്ട. മുഖം സഹതാപത്തിന്റേതായിരിക്കണം എന്ന്. പക്ഷെ അക്കാര്യം കഥ പറയുമ്പോള്‍ പറഞ്ഞില്ല. എന്നാല്‍ ചിത്രം നല്കുന്ന സന്ദേശം ഓര്‍ത്ത് അതിനും തയ്യാറായി. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നത് എനിക്ക് പ്രശ്നമല്ല. പക്ഷെ പ്രസന്നതയുള്ള വേഷമാണെന്ന് പറഞ്ഞാണ് വിളിച്ചത്.– സ്നേഹ വ്യക്മാക്കുന്നു.