നടൻ ആര്യയ്ക്കു ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട് മാപ്പിളൈയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. റിയാലിറ്റി ഷോയുടെ ഭാഗമായി മത്സരാർത്ഥികളിൽ ഒരാളുടെ കുംഭകോണത്തെ വീട് സന്ദർശിക്കാൻ പോയ ആര്യയ്ക്ക് നേരിടേണ്ടി വന്നത് വൻ പ്രതിഷേധമെന്ന് റിപ്പോർട്ട്. വനിതാസംഘടനകൾ ഉയർത്തിയ പ്രതിഷേധം ശക്തമായതോടെ മത്സരാർത്ഥിയുടെ വീട് സന്ദർശിക്കാനുളള നീക്കത്തിൽ നിന്ന് ആര്യ പിൻമാറി. ആര്യയും സംഘവും ഷൂട്ട് മതിയാക്കി ചെന്നൈയിലേയ്ക്ക് മടങ്ങിയതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കളേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ലൗ ജിഹാദാണെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് നേതൃത്വം രംഗത്തു വന്നതിനു തൊട്ടുപിന്നാലെയാണ് പുതിയ വിവാദം.നടി വരലക്ഷ്മി അതിഥിയായി എത്തിയ എപ്പിസോഡിലാണ് ലൗ ജിഹാദ് വിവാദം ഉടലെടുത്തത്. ആര്യയുടെ യഥാർത്ഥ പേര് ജംഷാദ് എന്നാണ്. ആര്യ ഒരിക്കലും അങ്ങനെ പറയില്ല എന്നാൽ ആവശ്യപ്പെട്ടാൽ മുസ്ലീം ആയ ആര്യയ്ക്ക് വേണ്ടി മതം മാറുമോ എന്ന ചോദ്യമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. മതം മാറില്ലെന്ന് ചിലർ ഉറപ്പിച്ചു പറഞ്ഞപ്പോൾ മറ്റ് ചിലർ സമ്മതം മൂളി.റിയാലാറ്റി ഷോയ്ക്ക് എതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ അടക്കമുളളവർ രംഗത്തു വന്നിരുന്നു..
സമൂഹമാധ്യമങ്ങൾ വധുവിനെ തെരഞ്ഞെടുക്കാനുളള ആര്യയുടെ തീരുമാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം കോളുകളും ആര്യയെ തേടിയെത്തിയതോടെ റിയാലിറ്റി ഷോ നടത്താൻ തീരുമാനിക്കുകയായിരുന്നു. ലഭിച്ച അപേക്ഷകളിൽ നിന്നും പതിനാറു പേരെ തെരഞ്ഞെടുത്തതിന് ശേഷമാണ് റിയിലാറ്റി ഷോ നടത്തുന്നത്.