പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള എങ്ക വീട്ട് മാപ്പിള്ളൈ എന്ന റിയാലിറ്റി ഷോയുടെ അവസാനം. ഇപ്പോൾ ആരെയും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആര്യ അവസാന നിമിഷത്തില്‍ വെളിപ്പെടുത്തിയത്. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും മുൻകൂട്ടി തീരുമാനിച്ച തിരക്കഥയിൽ നടന്ന തട്ടിപ്പാണെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം.
എന്നാൽ ഫൈനലിൽ വന്ന അഗതയുടെയും സീതാലക്ഷ്മിയുടെയും സൂസന്നയുടെയും അവസ്ഥ എന്തെന്ന് ആരും ചിന്തിച്ചില്ല. ആര്യയുടെ ഞെട്ടിക്കുന്ന തീരുമാനത്തിന് ശേഷം മൂവരും ശരിക്കുമൊരു ഷോക്കിൽ തന്നെയായിരുന്നു. എന്നാൽ പിന്നീട് അവർ അത് ഉൾക്കൊള്ളുകയായിരുന്നു. ആര്യ പിന്നീട് തീരുമാനം അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആ വാക്കുകൾക്കായി കാത്തിരിക്കുകയുമാണെന്നാണ് മൂവരും പറയുന്നത്.
‘ആര്യയെ സംബന്ധിച്ചടത്തോളം ഒരു തീരുമാനമെടുക്കുക വളരെ കഷ്ടമാണ്. അദ്ദേഹം കുറച്ച് സമയം വേണമെന്നല്ലെ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ സ്ഥാനത്ത് ഞങ്ങൾ ആരെങ്കിലുമാണെങ്കിലും ഇതുപോലെ തന്നെയാകും. ഏറെ ബുദ്ധമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.’–സീതാലക്ഷ്മി പറഞ്ഞു.
കൂടാതെ വളയുടെ ചിത്രവും സീതാലക്ഷ്മി പങ്കുവച്ചു. അതിൽ ഒന്ന് ശ്രീയയുടെ സമ്മാനമാണെന്നും ഒന്ന് തന്നത് ആര്യയാണെന്നും സീത വെളിപ്പെടുത്തി.
‘നിങ്ങളുടെ സ്നേഹത്തിന് നന്ദി. വിജയി ആരാണെന്ന് തീരുമാനിച്ചിട്ടില്ല. ആര്യയെ നിങ്ങൾ വെറുതെ വിടൂ. അദ്ദേഹത്തിന് ഇപ്പോൾ തന്നെ മനസ്സിൽ ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുമുണ്ട്. അദ്ദേഹത്തിന് ചിന്തിക്കാനുള്ള സമയം കൊടുക്കുകയാണ് വേണ്ടത്. നിങ്ങൾ ഇപ്പോൾ വിഷമത്തിലും ദേഷ്യത്തിലും സംശയത്തിലുമാണെന്നും എനിക്ക് അറിയാം. ഇതിന്റെ നല്ലതിനെക്കുറിച്ച് ചിന്തിക്കാം. വലിയൊരു താരത്തിന് ടിവിയുടെ മുന്നിൽ വന്ന് മൂന്നുപെൺകുട്ടികളിൽ ഒരാളെ തിരഞ്ഞെടുക്കുക പ്രയാസമേറിയ കാര്യമാണ്. തന്നെക്കാൾ മറ്റുള്ളവരുടെ വിഷമം അറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിക്കുന്ന ആളാണ് എന്റെ ഇക്ക. എനിക്ക് അറിയില്ല ആരാണ് വിജയി എന്ന്. ഇപ്പോൾ എല്ലാവരും പ്രാർത്ഥിക്കുക. അദ്ദേഹത്തിന്റെ തീരുമാനം എന്തായാലും അതിനോട് നിങ്ങളും പിന്തുണയ്ക്കുക. അത് ആര്യയെ ഒരുപാട് സഹായിക്കും. ആര്യയും ഒരു മനുഷ്യനാണ്.’–അഗത പറഞ്ഞു.
സൂസന്നയാണ് ഫൈനലിൽ വന്ന മറ്റൊരു മത്സരാർഥി. വിവാഹമോചിതയായ സൂസന്നയ്ക്ക് ഒരു മകനുണ്ട്. സൂസന്ന വിജയിയാകും എന്നായിരുന്നു ആരാധകർ ചിന്തിച്ചിരുന്നത്. ആര്യ ഒരുപാട് വിഷമത്തിലാണെന്ന് അറിയാമെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും സൂസന്ന പറയുന്നു. ഒരാളെയും നിർബന്ധിപ്പിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഭാവിയിൽ അദ്ദേഹത്തിന്റെ തീരുമാനം എന്തെന്ന് നോക്കാമെന്നും സൂസന്ന പറഞ്ഞു. മാത്രമല്ല സൂസന്ന തിരികെ കാനഡയ്ക്ക് പോകുകയും ചെയ്തു.