ഇത് അങ്കമാലി ‍ഡാ! അങ്കമാലി ഡയറീസിനെ പുകഴ്ത്തി കബാലി സംവിധായകൻ

86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ 'അങ്കമാലി ഡയറീസി'നെ പ്രശംസിച്ച് കബാലി സംവിധായകൻ പാ രഞ്ജിത്. വിസ്മയം എന്നാണ് ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. അങ്കമാലിയിലെ അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

നേരത്തെ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ്, തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്, ബിജോയ് നമ്പ്യാർ എന്നിവർ  ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ‘ഗംഭീര സിനിമ. വിസ്മയിപ്പിക്കുന്ന ചിത്രം, ലിജോ, ഈ വര്‍ഷം ഞാൻ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സിനിമ.–സിനിമ കണ്ട ശേഷം അനുരാഗ് കാശ്യപ് കുറിച്ചു.

സിനിമയെ പുകഴ്ത്തി മോഹന്‍ലാലും പൃഥ്വിരാജും നിവിന്‍ പോളിയും എത്തിയിരുന്നു. ‘അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.’–മോഹൻലാൽ പറഞ്ഞു.

പരീക്ഷണസിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ലിജോ ജോസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രമുഖതാരങ്ങളെ ഉൾപ്പെടുത്താതെ പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

‘കട്ട ലോക്കല്‍’ എന്ന് ടാഗ്‌ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറാമാന്‍. പ്രശാന്ത് പിള്ള സംഗീതം. അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് താരങ്ങൾ‍.

11 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. 1000ഓളം നടീനടന്‍മാര്‍ ഈ രംഗത്തില്‍ എത്തുന്നുണ്ട്.