വിശാലിന്റെ ആക്​ഷൻ ചിത്രം തുപ്പറിവാളൻ സെപ്റ്റംബർ 14ന്

വിശാലിന്റെ പുതിയ ചിത്രമായ തുപ്പറിവാളൻ പ്രദർശനത്തിനെത്തുന്നു. ആദ്യന്തം ജിജ്ഞാസാഭരിതവും ഉദ്വേഗപൂർണവുമായ ഒരു കുറ്റാന്വേഷണ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ആക്​ഷൻ പശ്ചാത്തലത്തിലുള്ള തുപ്പറിവാളൻ. കണിയൻ പൂങ്കുൻറൻ എന്ന ഡിറ്റക്ടീവ്  നായക കഥാപാത്രത്തെയാണ് വിശാൽ അവതരിപ്പിക്കുന്നത്. മിഷ്കിൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. 

മിഷ്കിൻ സിനിമകൾ എന്നും മറ്റുള്ള സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുന്നവയാണ്. അതു കൊണ്ടു തന്നെ മിഷ്കിൻ സിനിമകൾ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നവയുമാണ്.ഇക്കുറി മിഷ്കിനും വിശാലും ഒന്നിയ്ക്കുന്നുവെന്നത് തന്നെ പ്രേക്ഷകരിൽ ആകാംക്ഷയും പ്രതീക്ഷയും  വർദ്ധിപ്പിക്കുന്നു.

തുപ്പറിവാളനെക്കുറിച്ച് വിശാല്‍– " ഞാൻ ഇതു വരെ അഭിനയിച്ചിട്ടുള്ള സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ ചടുലവും ഉദ്വേഗഭരിതവുമായ ഒരു ഇതിവൃത്തമാണ് തുപ്പറിവാളന്റേത്. ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ത്രില്ലിങ്ങ്  ഈ സിനിമ കാണുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടും. ഇതിൽ സാഹസികമായ ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെയാണ് ഞാൻ അഭിനയിച്ചത്. അതു കൊണ്ട് തന്നെ ശാരീരികമായി ഒട്ടേറെ പരിക്കുകളും പറ്റി.’

കഥയും,കഥാപാത്രവും, ആക്​ഷൻ രംഗങ്ങളും എന്നെ അത്രയധികം സ്വാധീനിച്ചും. അതു കൊണ്ടാണ് ഡ്യൂപ്പില്ലാതെ തന്നെ റിസ്ക്കെടുത്ത് അഭിനയിയ്ക്കാൻ നിശ്ചയിച്ചത്. ചിത്രത്തിലെ  ഒരു ചൈനീസ്  സംഘട്ടനം രംഗം നമ്മുടെ സിനിമയ്ക്ക് തന്നെ പുതിയ അനുഭവമായിരിയ്ക്കും . വളരെ നാളുകൾക്കു ശേഷം വരുന്ന ഒരു ഡിറ്റക്ടീവ് സിനിമയായതു കൊണ്ട് തുപ്പറിവാളൻ എല്ലാം കൊണ്ടും പുതുമയുളളതായിരിയ്ക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.മാത്രമല്ല മാസ്മരികമായ ഒരു 'മിഷ്കിൻ ടച്ച് 'ചിത്രത്തിനുണ്ടാവും.എല്ലാ ആരാധകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ആക്ഷൻ ത്രില്ലറായിരിയ്ക്കും തുപ്പറിവാളൻ." 

വിശാൽ പറഞ്ഞു. 

അനു ഇമ്മാനുവലാണ്  തുപ്പറിവാളനിലെ നായിക. വളരെ നാളുകൾക്കു ശേഷം സിമ്രാൻ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.  ആൻഡ്രിയാ,പ്രസന്ന, വിനയ്,കെ.ഭാഗ്യരാജ്,'തലൈവാസൽ'വിജയ്,ജയപ്രകാശ്, ജോൺ വിജയ്, അജയ് രത്നം,ധീരജ് രത്നം എന്നിങ്ങനെ വലിയൊരു താര നിര മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരോൾ കൊറേല്ലി സംഗീത സംവിധാനവും കാർത്തിക്ക് വെങ്കിട്ട് റാം ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.വിശാൽ ഫിലിം ഫാക്ടറി നിർമ്മിച്ച തുപ്പറിവാളൻ സെപ്റ്റംബർ 14ന് പ്രദർശനത്തിനെത്തുന്നു.