ബ്രഹ്മാണ്ഡചിത്രം 2.0യുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ രജനീകാന്ത് ദുബായിയിൽ എത്തി. ദുബായി ബുർജ് പാർക്കിൽ ആണ് ചടങ്ങ് നടക്കുക. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ, ശങ്കര്‍, എ ആർ റഹ്മാൻ എന്നിവർ ദുബായിയിൽ എത്തിക്കഴിഞ്ഞു. ഇമാർ പ്രോപ്പർട്ടീസുമായി ചേർന്ന് ലൈക്ക പ്രൊഡക് ഷൻസാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് മാധ്യമങ്ങൾക്കായി പ്രസ്മീറ്റ് സംഘടിപ്പിക്കുന്നുണ്ട്.
തന്റെ ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ ആദ്യമായാണ് രജനി ഇന്ത്യക്ക് പുറത്ത് പങ്കെടുക്കുന്നത്. കമൽഹാസനാണ് വിശിഷ്ടാതിഥി. 125 സിംഫണി മ്യൂസീഷ്യൻസുമായി ചേർന്നുള്ള ലൈവ് സ്റ്റേജ് ഷോ ആകും മുഖ്യ ആകർഷണം. ചിത്രത്തിലാകെ ഒരുഗാനം മാത്രമാണുള്ളത്. എന്നാൽ ആൽബത്തിൽ അഞ്ചുഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
യുഎഇയിൽ ഇതുവരെ നടന്ന ഒാഡിയോ ലോഞ്ചിനെ കവച്ചുവയ്ക്കുന്ന രീതിയിലായിരിക്കും 2.0 സംഗീത പരിപാടി അരങ്ങേറുകയെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ പറഞ്ഞു. ഏകദേശം 15 കോടിയാണ് ഓഡിയോ ലോഞ്ചിനായി മാത്രം ചിലവാക്കുന്നത്. ലോഞ്ച് തത്സമയം കാണാന്‍ 2 കോടി രൂപ മുടക്കിൽ വമ്പൻ എൽഇഡി സ്ക്രീനുകളിൽ ദുബായിയിലെ പ്രമുഖ ഷോപ്പിങ് മാളുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
ശബ്ദവും വെളിച്ചവും സങ്കലിക്കുന്ന കണ്ണഞ്ചിക്കുന്ന പരിപാടിയിൽ ചിത്രത്തിന്റെ നായിക ആമി ജാക്സന്റെ നൃത്തങ്ങളുമുണ്ടായിരിക്കും. ഇന്ത്യയിലെ പ്രമുഖ കൊറിയോഗ്രഫർ ബോസ്കോ മാർടിസ് ആണ് നൃത്തങ്ങളൊരുക്കുന്നത്. 12000 പേർ പരിപാടി ആസ്വദിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇമാർ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടർ അഹമ്മദ് അൽ മത്റൂഷി പറഞ്ഞു. പരിപാടിയിലേയ്ക്ക് ഒരാൾക്ക് നാല് പ്രവേശന പാസുകൾ സൗജന്യമായി നൽകും. ആദ്യം വന്നവർക്ക് ആദ്യം പ്രവേശിക്കാം.
2.0 യെ ഏറെ പ്രതീക്ഷയോടെയാണ് ഗൾഫിലടക്കമുള്ള ഇന്ത്യക്കാർ കാത്തിരിക്കുന്നത്. തമിഴ് ചിത്രങ്ങൾക്ക് മലയാളികളടക്കം വൻ ആരാധകർ ഗൾഫിലുണ്ട്; പ്രത്യേകിച്ച് രജനി ചിത്രങ്ങൾക്ക്. രജനിയുടെ ഏറ്റവും ഒടുവിൽ റിലീസായ കബാലി യുഎഇ അടക്കം ഗൾഫിൽ പണം വാരിയ ചിത്രമാണ്. 90 ദശലക്ഷം യുഎസ് ഡോളർ ചെലവഴിച്ചാണ് 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രം നിർമിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. 2010ൽ പുറത്തിറങ്ങിയ യന്തിരനിൽ രജനിയുടെ ഇരട്ട കഥാപാത്രങ്ങളിലൊന്ന് ചിട്ടി എന്ന യന്ത്രമനുഷ്യനും മറ്റൊന്ന് ചിട്ടിയെ നിർമിച്ച ഡോ.വസീഗരയും. രണ്ട് കഥാപാത്രങ്ങളും തകർത്താടിയപ്പോൾ, അത് ആരാധകർക്ക് ഉത്സവമായി. രണ്ടാം ഭാഗത്തിലും ഇത്തരത്തിലുള്ള അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന വിവരം. അക്ഷയ് കുമാറാണ് ചിത്രത്തിലെ പ്രധാന വില്ലൻ എന്ന പ്രത്യേകതയുമുണ്ട്.