ധ്രുവങ്ങൾ പതിനാറ് എന്ന ആദ്യ ചിത്രം കൊണ്ട് സിനിമാപ്രേക്ഷകരെ ഞെട്ടിച്ച 23 കാരനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നരഗസൂരന്റെ ചിത്രീകരണം പൂർത്തിയായി. അരവിന്ദ് സാമി, ഇന്ദ്രജിത്ത് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് സംവിധായകനായ ഗൗതം വാസുദേവ മേനോൻ ആണ്.
‘തീരുമാനിച്ചതുപോലെ തന്നെ കൃത്യം 41 ദിവസം കൊണ്ട് നരഗസൂരന്റെ ചിത്രീകരണം പൂർത്തിയായി. കാർത്തിക് നരേൻ അഭിനന്ദനങ്ങൾ. സിനിമയുടെ നിർമാതാവായതുകൊണ്ട് ഈ ചിത്രം ആദ്യം കാണാൻ എനിക്ക് സാധിക്കും. അതിനായി കാത്തിരിക്കുന്നു.’– ഗൗതം മേനോൻ ട്വിറ്ററിൽ കുറിച്ചു.
അരവിന്ദ് സ്വാമി, സൃയാ ശരണ്‍, സുദീപ് കിഷന്‍, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ധ്രുവ് എന്നാണ് അരവിന്ദ് സാമിയുടെ കഥാപാത്രത്തിന്റെ പേര്. ലക്ഷ്മണ്‍ എന്ന പൊലീസ് കഥാപാത്രമായി ഇന്ദ്രജിത്ത് എത്തുന്നു.
മികച്ച തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയിലെ വേഷം താൻ ഇന്നുവരെ ചെയ്തിട്ടുള്ള പൊലീസ് കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതാണെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.
‘2016ലെ ഏറ്റവും മികച്ച തമിഴ് ക്രൈം ത്രില്ലർ’ എന്നാണു കാർത്തികിന്റെ ആദ്യ ചിത്രമായ ധ്രുവങ്ങൾ പതിനാറെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന പ്രശംസ. സാൾട് ആൻഡ് പെപ്പർ ലുക്കിലെത്തിയ റഹ്മാന്റെ അഭിനയപ്രകടനവും ചിത്രത്തെ വേറിട്ട് നിർത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പുറത്തിറങ്ങിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിൽ ഏറ്റവമുധികം ലാഭമുണ്ടാക്കിയ സിനിമകൂടിയാണ് ധ്രുവങ്ങൾ പതിനാറ്.