2.0യിൽ ഉപയോഗിച്ചത് ഒരുലക്ഷം മൊബൈൽ ഫോണുകൾ

അക്ഷയ്, രജനി, മുത്തുരാജ് (കലാസംവിധായകൻ)

ശങ്കർ ചിത്രം 2.0യിൽ പ്രവർത്തിക്കുന്നത് എട്ടുസിനിമകൾക്ക് തുല്യമായിരുന്നെന്ന് പ്രൊഡക്​ഷന്‍ ഡിസൈനർ മുത്തുരാജ്. വളരെ പ്രയാസപ്പെട്ടാണ് യന്തിരന്റെ പലരംഗങ്ങളും ചിത്രീകരിക്കേണ്ടി വന്നതെന്ന് മുത്തുരാജ് പറയുന്നു. രജനിയുടെ യന്തിരന്‍ സ്യൂട്ടിന് തന്നെ ഒരു കോടിയ്ക്ക് മുകളില്‍ ചെലവായെന്നും ഒരുലക്ഷം മൊബൈൽ ഫോണുകൾ ചിത്രത്തിനായി ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ബാഗുകളിലായാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. സെറ്റിലെ ഓരോരുത്തരുടെ കൈകളില്‍ ഈ ബാഗുകളുണ്ടായിരുന്നു. ഷോപ്പുകളില്‍ ഡിസ്പ്ലേ ചെയ്യുന്ന ഡമ്മി മൊബൈലുകളാണ് ഇവയില്‍ അധികവും. ഇത്തരം ഡമ്മി പീസുകള്‍ ഷോപ്പുകളില്‍ നിന്നും വിലയ്ക്കു വാങ്ങി’. 

‘ഡാമേജ് ആയതും, ഉപയോഗ ശൂന്യമായതുമായ മൊബൈല്‍ ഫോണുകള്‍ പല സ്ഥലങ്ങളില്‍ നിന്നും നിരവധി സ്റ്റോറുകളില്‍ നിന്നും ശേഖരിച്ചു. മൊബൈല്‍ ഫാക്ടറികളിൽ പോയി ശേഖരിച്ചു.’–മുത്തുരാജ് പറയുന്നു.

യന്തിരൻ ആദ്യഭാഗത്തിന്റെ കലാസംവിധാനം നിർവഹിച്ചത് മുത്തുരാജിന്റെ മെന്റർ കൂടിയായ സാബു സിറിലാണ്. ആവർത്തനം ഒഴിവാക്കുന്നതായി 2.0യിലെ എല്ലാ വസ്തുക്കളും വീണ്ടും നിർമിക്കുകയായിരുന്നു. 2.0യിലെ വസീഗരന്റെ ലാബ് വരെ പുതുതായി നിർമിച്ചതാണ്. 

‘ചിത്രത്തിൽ രജനി സാർ ഉപയോഗിക്കുന്ന ചിട്ടി സ്യൂട്ടിന്റെ വില കോടികളാണ്. ഒരു സ്യൂട്ട് മാത്രം ഒറിജിനലും ബാക്കി സ്യൂട്ടുകളുടെ ഡമ്മികൾ ഉണ്ടാക്കുകയുമായിരുന്നു.സിനിമയിലെ സിജിഐ രംഗങ്ങൾ കുറച്ച് പരമാവധി യഥാർഥ വസ്തുക്കളിൽ രംഗങ്ങൾ ചിത്രീകരിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. 200 അടിയുള്ള പക്ഷിരാജൻ റോഡിലേയ്ക്ക് പറന്നിറങ്ങി അപകടം ഉണ്ടാക്കുന്ന രംഗമുണ്ട്. അതില്‍ കാണിക്കുന്ന പട്ടണവും വണ്ടിയുമൊക്കെ യഥാർഥത്തിൽ ഉള്ളതുതന്നെയാണ്. ഒന്നരകിലോമീറ്റർ റോഡ് ആണ് സിനിമയ്ക്കായി നിർമിച്ചത്. ’

‘20 ആർമി ടാങ്കറുകൾ ഉണ്ടാക്കി, അതിനുപുറമെ സയന്റിഫിക് റിസർച്ച് സെന്ററിനു ഉപയോഗിക്കുന്ന പ്രത്യേക വണ്ടി. ആ വണ്ടിക്ക് അകത്തുള്ള സംവിധാനങ്ങൾ. വാഹനങ്ങൾ മാത്രം ഉണ്ടാക്കാൻ വേണ്ടി വന്നത് എട്ടുമാസമാണ്.’

‘റോബോട്ടിക് ലാബിന്റെ പ്രവർത്തനം അറിയാൻ ചെന്നൈയിലെ ചില റോബോട്ടിക് എൻജിനിയേർസിനെ ഞാൻ കണ്ടിരുന്നു. എന്നാൽ അവരുടെ നിർദേശപ്രകാരം കൃത്യമായ രീതിയിൽ ഇതൊക്കെ നിർമിക്കണമെങ്കിൽ ഏകദേശം 5000 കോടി വേണ്ടിവരും. യന്തിരൻ ആദ്യഭാഗത്തിലെ ഡിസൈനുകൾ 2.0യ്ക്ക് വളരെയധികം സഹായമായി.’ –മുത്തുരാജ് പറഞ്ഞു.

1993ൽ മോഹൻലാൽ ചിത്രം ബട്ടർഫ്ലൈസിലൂടെയാണ്  മുത്തുരാജ് കലാസംവിധാനത്തിലേയ്ക്കു കടക്കുന്നത്. ഒളിംബ്യൻ അന്തോണി ആദം, പഴശിരാജ, ഗുരു, ഒരേകടൽ, നൻപൻ, രാജാറാണി, തെരി, മെർസൽ, ഐ എന്നിവയാണ് പ്രധാനസിനിമകൾ.