കോളിവുഡിൽ ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട വിശാൽ–വരലക്ഷ്മി പ്രണയബന്ധം തകർന്നു. വിവാഹം വരെ എത്തിനിന്ന പ്രണയബന്ധത്തിനാണ് ഇപ്പോൾ അവസാനമായത്. നടി വരലക്ഷ്മി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
‘വേര്‍പിരിയലുകള്‍ മറ്റൊരു തലത്തിലെത്തിയിരിക്കുന്നു. ഏഴു വർഷം നീണ്ടുനിന്ന പ്രണയബന്ധം അയാള്‍ തന്റെ മാനേജര്‍ മുഖേന വഴിപിരിയുന്നതായി അറിയിക്കുന്നു. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. എവിടെയാണ് സ്നേഹം? ...ഇങ്ങനെയാണ് വരലക്ഷ്മിയുടെ ട്വീറ്റ്. വിശാലും വരലക്ഷ്മിയും പിരിഞ്ഞെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും പ്രതികരിച്ചുന്നില്ല. എന്നാൽ വരലക്ഷ്മിയുടെ ഈ വെളിപ്പെടുത്തലോടെ സംഭവം സത്യമാണെന്ന് തന്നെ ആരാധകരും പറയുന്നു.
നടികർ സംഘം തിരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറിനെതിരെ വിശാൽ നടത്തിയ പോരാട്ടത്തിൽ പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച വിശാൽ തന്റെ ഉറ്റസുഹൃത്തായ വരലക്ഷ്മിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു. അതിനിടെ 2018ല്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന് വിശാല്‍ പരസ്യമായി പ്രഖ്യാപിച്ചു.
എന്നാല്‍ വിശാലിന്റെ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചെന്നും ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വേർപിരിയലിൽ കൊണ്ടെത്തിച്ചതെന്നുമാണ് വാർത്ത. വിശാലിന്റെ പ്രഖ്യാപനം കരിയറിനെ ബാധിച്ചെന്നും പല അവസരങ്ങളും നഷ്ടപ്പെടുമെന്നും വരലക്ഷ്മി ആരോപിച്ചു. ഇരുവരും തമ്മില്‍ വലിയ വാക്ക് തര്‍ക്കവും ഉണ്ടായി. ഒടുവില്‍ തനിക്ക് ആരോടും പ്രണയമില്ലെന്ന് വരലക്ഷ്മി തുറന്നടിച്ചിരുന്നു.