ധ്രുവങ്ങൾ പതിനാറ് സംവിധായകന്റെ അടുത്ത ചിത്രത്തിൽ അരവിന്ദ് സ്വാമി

ധ്രുവങ്ങൾ പതിനാറ് എന്ന ആദ്യ ചിത്രം കൊണ്ട് സിനിമാപ്രേക്ഷകരെ ഞെട്ടിച്ച 22 കാരനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അരവിന്ദ് സ്വാമി പ്രധാനവേഷത്തിലെത്തുന്നു. നരഗസൂരനി എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ആക്​ഷന് പ്രാധാന്യമുള്ള ഗാങ്സ്റ്റർ സിനിമയുമായാണ് ഇത്തവണ കാർത്തിക് എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് അരവിന്ദ് സ്വാമിയുമായി ചർച്ച നടത്തിയെന്നും തിരക്കഥ ഇഷ്ടപ്പെട്ട അദ്ദേഹം അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചുവെന്നും കാർത്തിക് പറഞ്ഞു. സിനിമയിൽ മലയാളത്തിൽ നിന്നൊരു പ്രധാനതാരം കൂടി എത്തുമെന്ന് കാർത്തിക് വെളിപ്പെടുത്തിയിരുന്നു.

‘2016ലെ ഏറ്റവും മികച്ച തമിഴ് ക്രൈം ത്രില്ലർ’ എന്നാണു കാർത്തികിന്റെ ആദ്യ ചിത്രമായ ധ്രുവങ്ങൾ പതിനാറെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന പ്രശംസ. സാൾട് ആൻഡ് പെപ്പർ ലുക്കിലെത്തിയ റഹ്മാന്റെ അഭിനയപ്രകടനവും ചിത്രത്തെ വേറിട്ട് നിർത്തി. ജെയ്ക്സ് ബിജോയ്‌ ആണു പശ്ചാത്തലസംഗീതം ഒരുക്കിയത്. സുജിത് സാരംഗിന്റേതാണു ക്യാമറ, ശ്രീജിത് സാരംഗ്-എഡിറ്റിങ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പുറത്തിറങ്ങിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിൽ ഏറ്റവമുധികം ലാഭമുണ്ടാക്കിയ സിനിമകൂടിയാണ് ധ്രുവങ്ങൾ പതിനാറ്.