Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊമ്പ ചിന്നപ്പയ്യൻ, പക്ഷേ, ‘പടം ബഡാമാസ്’

karthik-rahman കാർത്തിക് നരേൻ

മെക്കാനിക്കൽ എൻജിനീയറിങ് കോഴ്സ് പാതിവഴിക്കു നിർത്തി തിരിച്ചെത്തിയപ്പോൾ കാർത്തിക് നരേനോടു വീട്ടുകാർ ചോദിച്ചു: ‘അല്ലാ, എന്താണു ഭാവി പരിപാടി...?’ കക്ഷി മറുപടി പറഞ്ഞു: ‘സിനിമ പഠിക്കണം. പിന്നെയൊരു സിനിമ പിടിക്കണം.’

നല്ലവരായ വീട്ടുകാർ സമ്മതിച്ചു. കാരണവുമുണ്ട്, പയ്യൻസ് നേരത്തേ ചെയ്ത ചില ഷോർട് ഫിലിമുകൾക്ക് അവാർഡുകളൊക്കെ കിട്ടിയിരുന്നു. എന്തായാലും മണിരത്നം മുതൽ ക്രിസ്റ്റഫർ നോളൻ വരെയുള്ള സകല സംവിധായകരുടെയും സിനിമകൾ കണ്ടു തള്ളിനീക്കിയ രാപ്പകലുകളായിരുന്നു പിന്നീടങ്ങോട്ട്.

karthik-rahman-2

ഒടുവിലൊരുനാൾ ഒരുഗ്രൻ സ്ക്രിപ്റ്റുമായി കാർത്തിക് കോയമ്പത്തൂരിൽ നിന്നു ചെന്നൈയിലേക്കു വണ്ടിപിടിച്ചു. സിനിമയുടെ കഥ പറഞ്ഞു പ്രൊഡ്യൂസർമാരെത്തേടിയലഞ്ഞു. ചിലർ സമ്മതിച്ചു. തൊട്ടുപുറകെ പിൻവാങ്ങുകയും ചെയ്തു-‘റൊമ്പ ചിന്നപ്പയ്യൻ... ഇവനു സിനിമയെപ്പറ്റി എന്തറിയാനാ...’ എന്നായിരുന്നു പലരുടെയും മറുപടി.

Dhuruvangal Pathinaaru - D16 | Official Trailer w/eng subs | Rahman | Karthick Naren | Dec 29, 2016

പഠനം പാതിവഴിയിലിട്ടു സിനിമയിലേക്കിറങ്ങിയതു ശരിയായോ എന്നു പോലും ചിന്തിച്ച നിമിഷം. പക്ഷേ, വീട്ടുകാരുടെയും കൂട്ടുകാരുടെയുമൊക്കെ സഹായത്തോടെ ‘നൈറ്റ് നൊസ്റ്റാൾജിയ’ എന്ന പ്രൊഡക്‌ഷൻ ഹൗസ് വഴി കാർത്തിക് തന്റെ സ്വപ്നം യാഥാർഥ്യമാക്കി.

‘ധ്രുവങ്ങൾ 16 (ഡി16)’ എന്ന ചിത്രം തിയറ്ററുകളിലെത്തി. റഹ്മാൻ നായകനായ ചിത്രം പുറത്തിറങ്ങും മുൻപേ തന്നെ ചലച്ചിത്രമേഖലയിലെ പ്രമുഖർക്കും നിരൂപകർക്കും ക്ഷണിക്കപ്പെട്ട പ്രേക്ഷകർക്കും മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. അന്നു കണ്ടവർ നൽകിയ കയ്യടിയുടെയും ചൊരിഞ്ഞ പ്രശംസകളുടെയും ആവേശം ചെറുതായിരുന്നില്ല. മാത്രവുമല്ല, ചിത്രത്തിലെ ഒരു പാട്ടും ട്രെയ്‌ലറും തന്റെ ട്വിറ്റർ അക്കൗണ്ട് വഴി റിലീസ് ചെയ്തതു സംഗീതചക്രവർത്തി എ.ആർ. റഹ്മാൻ! ഗൗതം മേനോനാണു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

karthik-rahman-3

കോയമ്പത്തൂർ, ചെന്നൈ, ഊട്ടി എന്നിവിടങ്ങളിലായി 28 ദിവസം കൊണ്ടു ചിത്രീകരണം പൂർത്തിയായി. അൻപതുകളിലെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടാണു ചിത്രത്തിൽ റഹ്മാൻ അഭിനയിച്ചത്. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ കാലിനു പരുക്കേറ്റു. വിശ്രമജീവിതത്തിനിടെ ആ കേസിനാസ്പദമായ സംഭവം, അഞ്ചു വർഷത്തിനു ശേഷം വീണ്ടും അന്വേഷിക്കുകയാണ് അദ്ദേഹം.

karthik-rahman-1

ഫ്ലാഷ്ബാക്കിലേക്കു പോകുന്നതിനു പകരം അഞ്ചു വർഷം മുൻപിലേക്കാണു ‘ഡി16’ന്റെ കഥ പോകുന്നത്. ചിത്രത്തെപ്പറ്റി ‘2016ലെ ഏറ്റവും മികച്ച തമിഴ് ക്രൈം ത്രില്ലർ’ എന്നാണു സമൂഹമാധ്യമങ്ങൾ വഴി നിറയുന്ന പ്രശംസ. പ്രമോഷനു വേണ്ടി പാട്ടൊരുക്കിയെങ്കിലും ചിത്രത്തിൽ ഗാനങ്ങളില്ല. ജെയ്ക്സ് ബിജോയ്‌ ആണു പശ്ചാത്തലസംഗീതം ഒരുക്കിയത്. സുജിത് സാരംഗിന്റേതാണു ക്യാമറ, ശ്രീജിത് സാരംഗ്-എഡിറ്റിങ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പുറത്തിറങ്ങിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിൽ ഏറ്റവമുധികം ലാഭമുണ്ടാക്കിയ സിനിമകൂടിയാണ് ധ്രുവങ്ങൾ പതിനാറ്.
 

Your Rating: