കബാലി എന്ന സൂപ്പർഹിറ്റിന് ശേഷം പാ. രഞ്ജിത്തിന്റെ പുതിയ ചിത്രം ഏതെന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ശങ്കറിന്റെ എന്തിരൻ 2വിന് ശേഷം രജനി ഏത് ചിത്രത്തിന് കരാർ ഒപ്പിടുമെന്ന ചിന്തയിലാരുന്നു രജനി ആരാധകരും.
ഈ രണ്ടുപേരെയും കോരിത്തരിപ്പിക്കുന്ന വാർത്തയാണ് ധനുഷ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനിയും വീണ്ടും ഒന്നിക്കുന്നു. ചിത്രം നിർമിക്കുന്നത് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസും.
മലേഷ്യയിലെ അധോലോകനായകനായ കബാലീശ്വരനായി രജനി എത്തിയ കബാലി ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞു. ചിത്രത്തിലെ രജനിയുടെ അഭിനയപ്രകടനവും ഏറെ പ്രശംസ നേടി. രജനിയുടെ മറ്റൊരു തലമാണ് കബാലിയിലൂടെ സംവിധായകൻ ദൃശ്യവത്കരിച്ചത്.
ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് കാക്ക മുട്ടൈ, വിസാരണൈ തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങളും സൂപ്പർഹിറ്റ് ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്. ഈ പ്രോജക്ട് കബാലിയുടെ രണ്ടാം ഭാഗം ആകുമോ എന്നത് വ്യക്തമല്ല.