തമിഴ് സൂപ്പർ താരം ധനുഷ് അടുത്തിടെ വാർത്തകളിലെ താരമാണ്. സിനിമയെക്കാളുപരി വിവാദങ്ങളാണ് ഇപ്പോൾ ധനുഷിനെ വാർത്തകളിൽ നിറയ്ക്കുന്നത്. നടന്‍ ധനുഷ് മകനാണെന്ന് അവകാശപ്പെട്ടുള്ള മധുര ദമ്പതികളുടെ പരാതിയാണ് ഇപ്പോൾ ചർച്ചാവിഷയം. ധനുഷ് മകനാണെന്ന് അവകാശപ്പെട്ടുള്ള പരാതിയിലുള്ള കീഴ്‌ക്കോടതി നടപടികള്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്‌തിരുന്നു.
എന്നാൽ വിവാദങ്ങളിൽപ്പെട്ടുഴലുന്ന ധനുഷിന് ആശ്വാസവുമായി മുൻ അധ്യാപിക രംഗത്തെത്തി. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിച്ചതെന്ന് സുധ വെങ്കടേശ്വര്‍ എന്ന അധ്യാപിക പറഞ്ഞു. 1987ല്‍ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളില്‍ ചേര്‍ത്തത്.
ധനുഷിന്റെ മുത്ത സഹോദരിമാരായ വിമല, ഗീത, കാര്‍ത്തിക ദേവി എന്നിവരും തായ് സത്യ സ്‌കൂളിലാണ് പഠിച്ചത്. അമ്മയാണ് ധനുഷിനെ സ്‌കൂളില്‍ കൊണ്ടു വന്ന് ആക്കിയിരുന്നതെന്നും സുധ വെളിപ്പെടുത്തി. ധനുഷ് തായ് സത്യ സ്‌കൂളില്‍ പഠിച്ചതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും സുധ കൂട്ടിച്ചേര്‍ത്തു.
പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് ഒരു സര്‍ക്കാര്‍ രേഖയാണ്. ധനുഷ് തായ് സത്യ സ്‌കൂളിലാണ് പഠിച്ചതെന്ന് അതില്‍പ്പരം മറ്റൊരു തെളിവ് ആവശ്യമില്ല. ഞാന്‍ ധനുഷിനെ ഹിസ്റ്ററിയാണ് പഠിപ്പിച്ചിരുന്നത്. അന്നത്തെ പ്രിന്‍സിപ്പാളും ഞാനായിരുന്നു. ധനുഷിന് അന്ന് പഠിപ്പിച്ച അധ്യാപകരില്‍ ചിലര്‍ ഇപ്പോഴും തായ് സത്യ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ടെന്നും സുധ പറയുന്നു.
2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍ ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയർ സെക്കൻഡറി സ്കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവൺമെന്റ് ഹോസ്റ്റലിൽ ആയിരുന്നു ധനുഷ് താമസിച്ചതെന്നും ഇവർ പറയുന്നു. പിന്നീട് ചെന്നൈയിലേക്ക് മാറി സിനിമയിൽ സജീവമായതോടെ ഉപേക്ഷിച്ചെന്നും പറയുന്നു. ചെന്നൈ എഗ്മോറിലെ സർക്കാർ ആശുപത്രിയിൽ 1983 ജൂലൈ 28നാണ് താൻ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാർത്ഥപേര്. എന്നാൽ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികൾ പറയുന്നത്.
1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു. കൂടാതെ തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും അധ്യാപകരും തെളിവുമായി തങ്ങളെ സഹായിക്കാൻ ഉണ്ടെന്നും ഇവർ പറഞ്ഞു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.