വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹിതരാകുമെന്നും കോളിവുഡിൽ ഗോസിപ്പ് പരക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഈയിടെ നടത്തിയ അഭിമുഖത്തിൽ വരലക്ഷ്മിയുമായുള്ള ബന്ധത്തെക്കുറിച്ച് വിശാൽ സംസാരിക്കുകയും ചെയ്തു. കുട്ടിക്കാലം മുതലുള്ള അടുത്ത സുഹൃത്താണ് വരലക്ഷ്മി എന്നായിരുന്നു വിശാൽ പറഞ്ഞത്.
വിശാലിന്റെ വിവാഹം എന്നു കാണുമെന്ന ചോദ്യത്തിന് 2018 ജനുവരി 14ന് നടികര്‍ സംഘത്തിന്റെ കെട്ടിടത്തിൽവച്ചായിരിക്കും വിവാഹമെന്ന് താരം തുറന്നുപറഞ്ഞു. എന്നാൽ അത് ആരാണെന്നോ മറ്റു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനും താരം തയാറായില്ല.
ഇതോടെ വിശാൽ–വരലക്ഷ്മി വിവാഹം ഉടനെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ ആ വാർത്ത തെറ്റാണെന്നും ഉടൻ വിവാഹജീവിതത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വരലക്ഷ്മി ട്വിറ്ററിലൂടെ പറഞ്ഞു. ഞാൻ എന്റെ ജോലിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ഇതോടെ നിർത്തണമെന്നും വരലക്ഷ്മി വ്യക്തമാക്കി.