Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായലരികത്ത് വളകിലുക്കിയ സുന്ദരി...

കുര്യൻ തോമസ് കരിമ്പനത്തറയിൽ
Former Director, Department of Publications Mahatma Gandhi University Kottayam
kayalarikathu-valakilukkila-song

1960 കളുടെ തുടക്കത്തിൽ വീട്ടിൽ പാട്ടെത്തിച്ച ബുഷ് ട്രാൻസിസ്റ്ററിലൂടെ ഈ പാട്ട് മനസ്സിൽ കയറിക്കൂടിയപ്പോൾ അതൊരു നല്ല തമാശപ്പാട്ട് മാത്രമായിരുന്നു. വളർന്നപ്പോൾ പാട്ടും വളർന്നു. സിനിമകൾ തേടിയലഞ്ഞ യൗവനത്തിനൊടുവിലാണ്  നീലക്കുയിൽ സിനിമയിലെ പാട്ടിലൊളിഞ്ഞിരിക്കുന്ന പ്രണയം തൊട്ടറിഞ്ഞത്. അബ്ദുവിന്റെ ചിരിയിൽ ചാർളി ചാപ്ലിന്റെ ചിരിയുടെ അർഥവ്യാപ്തികൾ പിന്നീടെന്നോ വായിച്ചുതുടങ്ങി. ‘വെറുതെ ഞാനെന്തിനെരിയും വെയിലത്ത്‌ കയിലും കുത്തി നടക്കണ്’ എന്നും ‘പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ ഒരു നറുക്കിനു ചേർക്കണേ’ എന്നുമുള്ള മാപ്പിള കാമുകശബ്ദത്തിന്റെ വ്യത്യസ്ത കേട്ടുകേട്ടറിഞ്ഞു. ഇതിനു നർമമധുരമായ അർഥതലങ്ങളുണ്ടെന്ന ശ്രീകുമാരൻ തമ്പിയുടെ നിരീക്ഷണം എന്റെ സ്വതന്ത്രവായനകളെ ശരിവച്ചു.

ഉറൂബിന്റെ കഥയെ ആസ്പദമാക്കി പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത നീലക്കുയിൽ ചാത്തപ്പന്റെ മകള്‍ നീലിപ്പുലയിയുടെയും ശ്രീധരന്‍മാസ്റ്ററുടെയും ദുരന്താവസായിയായ പ്രണയകഥയാണ്. 1954 ഒക്ടോബർ 22 നാണു ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.

ഒരു പുലയപ്പെണ്ണിന്റെ സവർണഹിന്ദുവുമായുള്ള പ്രണയകഥ പറയുന്ന സിനിമയില്‍ ഈ മാപ്പിളപ്പാട്ടിന്റെ സാംഗത്യമെന്താണ്? പാട്ടേറെ ചർച്ച ചെയ്യപ്പെട്ടിട്ടും ആരും ചോദിക്കാതിരുന്ന ചോദ്യം എന്നും വേട്ടയാടിക്കൊണ്ടിരുന്നു. 

‘മലയാള ചലച്ചിത്രസംഗീതം : 50 വർഷം’ എന്ന ഗ്രന്ഥത്തിൽ അക്കമിട്ടു നൽകിയ, 1938-54 കാലത്തെ ബാലൻ മുതൽ നീലക്കുയിൽ വരെയുള്ള 38 സിനിമകളിലെ 468 പാട്ടുകൾക്കുശേഷമാണ് നാട്ടുമൊഴികളുടെ ഈണപ്പെരുക്കത്തിനൊപ്പം പാട്ടിന്റെ ലോകത്തിലെ ആദ്യ കാമുകൻ പാടിയെത്തുന്നത്. കോഴിക്കോട്ടെ നാടകനടൻ ബാലകൃഷ്ണമേനോൻ അവതരിപ്പിച്ച, ചായക്കട ബഞ്ചിലിരുന്നു മീൻവല തുന്നുന്ന ഒരു സൈഡ് ക്യാരക്ടറായിരുന്നു അബ്ദു. പാട്ടിൽ നിറയെ അയാളുടെ സാമൂഹിക ചുറ്റുപാടിനു പറ്റിയ പദങ്ങളും ഉപമകളും.

പ്രണയം നവോത്ഥാനത്തിന്റെ സമരമുഖമായിരുന്നു. മതം പ്രതിനിധാനം ചെയ്ത അസമത്വം (inequality),  ആണധികാരഘടന (patriarchy), ബഹിഷ്‌കരണം (exclusiveness) ഇവയ്ക്കെതിരായ സമരമായിരുന്നു നീലക്കുയിലിലെ പ്രണയമെങ്കിൽ ഈ ഗാനം ആ സമരത്തിന്റെ പ്രഖ്യാപനമായിരുന്നു. ഈ നവോത്ഥാന പോരാട്ടത്തിൽ മുസ്‌ലിമിനെയും പി. ഭാസ്കരൻ ഈ പാട്ടിലൂടെ കൂട്ടുചേർത്തു. നീലിയുടെ പ്രണയത്തിനൊപ്പം, കായലരികത്തു വലയെറിഞ്ഞപ്പോൾ അബ്ദുവിനു കിട്ടിയ വളകിലുക്കിയ ചുന്ദരിയെയും ചേർത്തു നിർത്തി പി. ഭാസ്കരൻ. നവോത്ഥാന പ്രണയത്തിന്റെ ഈ ഇൻക്ലൂസിവ്നെസിന് അസഹിഷ്ണുത അരങ്ങുവാഴുന്ന വർത്തമാനകാലത്ത് പുതിയ വായന തേടുന്ന ആഴങ്ങളുണ്ട്. 

അക്ഷരമടക്കുകളിൽ പ്രണയവളകിലുക്കം നിറച്ച പാട്ട് നീലക്കുയിൽ വിളിച്ചോതിയ നവോത്ഥാന രാഷ്ട്രീയത്തിന്റെ അവതരണഗാനമായിരുന്നു. ആകാശത്തിലെ താരമാവാനില്ല, താഴെയുള്ള കല്യാണച്ചെക്കന്‍റെ പ്രണയിനിയാവാനാണ് ഇഷ്ടമെന്ന പെണ്ണിന്റെ പ്രഖ്യാപനമാണ് ഈ സിനിമയിലെതന്നെ ‘എല്ലാരും ചൊല്ലണു’ ... എന്ന പാട്ടിലെ ‘ഞാനില്ല മേൽപ്പോട്ട്, ഞാനില്ല മേൽപ്പോട്ട്’ എന്ന ആവർത്തിച്ചുള്ള തുറന്നുപാടലിലും വായിക്കാനാവുക.   

ആലുവാപ്പുഴയോരത്തെ വാടകവീട്ടിൽ പാട്ടുപിറന്ന കഥ അപ്പടി കെ. രാഘവന്റെ ‘മധുരമീ ജീവിത’ത്തിലും പി. ഭാസ്കരന്റെ ആത്മകഥയിലുമുണ്ട്. ഹാജി എന്നു വിളിക്കുന്ന കൊച്ചിയിലെ അബ്ദുൽ ഖാദർ പാടാൻ നിശ്ചയിച്ചിരുന്ന പാട്ട്. ഒടുവിൽ വാഹിനി സ്റ്റുഡിയോയിൽ റെക്കാർഡിങ്ങിനായി ഹാജി പാടിക്കൊണ്ടിരിക്കുമ്പോൾ നിർമാതാവ് പരീക്കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കെ. രാഘവൻ പാടുകയായിരുന്നു. "നമ്മുടെ സിനിമയിലെ ഏറ്റവും നല്ല പാട്ട്. എന്നും നിലനിൽക്കുന്ന പാട്ടായിരിക്കും", പരീക്കുട്ടി പറഞ്ഞത് യാഥാർഥ്യമായി.

ഹാസ്യഗാനമായി കരുതുന്ന ഈ പാട്ട് ഒന്നാംതരം പ്രണയഗാനം കൂടിയാണ്.  മാലോകര്‍ കേൾക്കെ തന്റെ പ്രണയം ഉറക്കെ വിളിച്ചുപറഞ്ഞ ആ പഴയ കാമുകൻ കായലരികത്താണ് വലയെറിഞ്ഞത്. കായലില്‍ അല്ലേ വല എറിയേണ്ടതെന്ന ചോദ്യത്തിന്, “കായലില്‍ വലയെറിഞ്ഞാൽ മീൻ കിട്ടും. കായലരികത്ത് വലയെറിഞ്ഞാലേ വളകിലുക്കുന്ന സുന്ദരിയെ കിട്ടുകയുള്ളൂ”, എന്നായിരുന്നു ഭാസ്കരൻ മാഷിന്റെ മറുപടി.

സുന്ദരിയുടെ കണ്ണേറ് കരളിനുരുളിയിൽ എണ്ണകാച്ചിയ നൊമ്പരം. ആ പ്രണയം ഹൃദയത്തിൽ തട്ടിയപ്പോൾ കാമുകൻ കയറുപൊട്ടിയ പമ്പരം. അവളുടെ പുരികം വളച്ചുള്ള നോട്ടം ഏറ്റപ്പോള്‍ അയാൾ കമ്പൊടിഞ്ഞ ശീലക്കുടയുടെ വളഞ്ഞ കമ്പിപോലെ. കുടവുമായ് പുഴക്കടവിൽവന്ന് തടവിലാക്കിയവൾ സങ്കടപ്പുഴയുടെ തടവിലാക്കുമോ എന്ന ഭയം. ഒടുവിൽ വേറെയാണ് വിചാരമെങ്കിൽ അതു പറയാൻ നേരമായി’ എന്ന പറച്ചിൽ. ഇത് വെറും ചിരിയല്ല. ചാപ്ലിന്റെ ചിരി തന്നെ.

ഈ പാട്ട്‌ മലയാളികളുടെ സാംസ്കാരിക ബോധത്തിലും ജീവിതത്തിലും സൃഷ്ടിച്ച ചലനം ചരിത്രപരമാണ്‌. വടക്കേ മലബാറിലെ നാട്ടിന്‍പുറത്തെ സാധാരണക്കാരുടെ ഈണം സിനിമാപ്പാട്ടിലേക്കു വന്നപ്പോള്‍ അതുവരെ കേൾക്കാത്ത വാക്കും അനുഭവിക്കാത്ത ഈണവുമായിരുന്നു. ഗാനം പശ്ചാത്തല സംഗീതവാദനം കൂടി ചേർന്നതാണെന്ന് മലയാളിയെ മനസ്സിലാക്കിക്കൊടുത്തു. സ്വരപദ്ധതികളുടെ വിശദീകരണമില്ലാതെ, രാഗാപഗ്രഥന ഭാരമില്ലാതെ മനസ്സേറ്റുവാങ്ങിയ പാട്ടനുഭവത്തെ ആർക്കും വിവരിക്കാനാവും എന്നതാണ് ഈ പാട്ടിലെ രാഘവസംഗീതത്തിന്റെ മൗലികത. 

ഈണം നൽകിയ കെ. രാഘവന്റെ കാമുകഹൃദയത്തിൽ നിന്നാണ് പാട്ടിന്റെ ഉച്ചസ്ഥായിയിലുള്ള ആലാപനം. സങ്കടപ്പുഴ എന്നു പാടുമ്പോൾ സങ്കടം കേൾവിയിലാകെ നിറയുന്നു. പാട്ടു കേൾക്കുമ്പോൾ ഇടയ്ക്കിടെ മാൻഡലിൻ തുണ്ടു തുണ്ടു വായനകളുള്ള ഒറ്റ ഈണത്തിലുള്ള ലളിതമായ ഒരു ആവിഷ്‌കാരമെന്നു തോന്നാം. വി.ടി. മുരളി പറഞ്ഞപോലെ, പാടി നോക്കിയാലേ അറിയൂ ഈ പാട്ടിനുള്ളിലെ ചുഴികൾ. അപ്പോഴേ മനസ്സിലാകൂ, കെ. രാഘവൻ പാടി പകർന്നുതന്നശൃംഗാര, വൈകാരിക ഭാവങ്ങളുടെ വ്യത്യസ്തതയും ആസ്വാദ്യതയും.

മലയാള ചലച്ചിത്രഗാന ചരിത്രത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു പാട്ടില്ല. കായലരികത്ത് ... എങ്ങനെ മാപ്പിളപാട്ടിനെ പൊതുധാരയിൽ എത്തിച്ചുവെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞുതന്നു. കായലരികത്തുനിന്നാണ് മാപ്പിളപ്പാട്ട് റേഡിയോയിലൂടെ, ഗാനമേളകളിലൂടെ, ഡിവിഡികളിലൂടെ,  ആൽബങ്ങളിലൂടെ യുവജനോത്സങ്ങളിലെ മത്സരയിനമായി, ഒടുവിൽ റിയാലിറ്റി ഷോകളിലൂടെ മലയാളിയുടെ സ്വീകരണമുറിയിൽ എത്തിച്ചേർന്നതെന്നാണ്‌ എൻ.എസ്. മാധവന്റെ നിരീക്ഷണം. 

മാപ്പിളപ്പാട്ടിനെ മലയാളിയുടെ മനസ്സിലേക്കും മലയാള‌ിയെ മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലേക്കും ഈ പാട്ട് കൂട്ടിക്കൊണ്ടു പോയെന്നാണ് വി.ടി. മുരളിയുടെ നിരീക്ഷണം. കേരളീയതയെ, ആ അനുഭവത്തെ, താളങ്ങളും ഈണങ്ങളും ഭാവങ്ങളുംകൊണ്ട് ഈ പാട്ട് വ്യാഖ്യാനിച്ചുവെന്നും ഒത്തൊരുമിച്ചു മനുഷ്യമഹത്ത്വം പാടിപ്പാടി മലയാളി മാനവികതയിലേക്കും സാംസ്‌കാരിക പ്രബുദ്ധതയിലേക്കും വളർന്നുവെന്നുമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ നിരീക്ഷണം. അടിസ്‌ഥാന സ്വത്വമുള്ള സംഗീതസംസ്കാരത്തെ മലയാളി തിരിച്ചറിയാനാരംഭിച്ചു എന്നതാണ് രമേശ് ഗോപാലകൃഷ്ണൻ കാണുന്ന, നീലക്കുയിലിലെ ഗാനങ്ങളുടെ ചരിത്രപരമായ പ്രസക്തി.

പ്രാസ, ധ്വനിഭംഗികളിലൂടെയാണ് മണ്ണിന്റെ മണമുള്ള ഈ പാട്ട്  മലയാളിയെ പാട്ടിലാക്കിയത്. മലയാളിയുടെ ഗാനാഭിരുചിയെത്തന്നെ സ്വാധീനിച്ച പാട്ടെന്നാണ് രവി മേനോന്റെ നിരീക്ഷണം. പാട്ടിനുള്ളിലെ മാപ്പിള സ്വത്വത്തിന്റെ ഭാഷ, നൊമ്പരവും പമ്പരവും ചേറും ഹൂറിയും നെയ്ച്ചോറും കമ്പും കമ്പിയും വെയിലും കയിലും അടങ്ങുന്ന സംസ്കാരചിഹ്നങ്ങൾ ഇവ വി.ആർ. സുധീഷിന്റെ ആസ്വാദനക്കുറിപ്പ് കാട്ടിത്തരുന്നു.

നീലക്കുയിലിന് അമരത്വമേകിയ നവോത്ഥാനത്തിന്റെ കൊടിയടയാളമായ മതേതര പ്രണയചിന്തയും ഒപ്പംചേർന്നു നിൽക്കുന്ന കലർപ്പില്ലാത്ത കേരളീയസ്വത്വവുമാണ് കായലരികത്തെ വളകിലുക്കത്തിനു വീണ്ടും വീണ്ടും കാതോർത്തിരിക്കാൻ തലമുറകളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രം: നീലക്കുയിൽ (1954)

ഗാനരചന: പി. ഭാസ്കരൻ 

സംഗീതം: കെ. രാഘവൻ 

ആലാപനം: കെ. രാഘവൻ 

സംവിധാനം: പി. ഭാസ്കരൻ, രാമു കാര്യാട്ട്