മെഹ്ദീ ഹസൻ - സ്വർഗവാതിൽ തുറന്നുതരുന്ന സംഗീതം
ഇസ്ലാമിക കലണ്ടർ പ്രകാരം പവിത്രമായി കരുതിപ്പോരുന്ന നാലു മാസങ്ങളുണ്ട്. ഈ മാസങ്ങളിൽ 'പരിശുദ്ധ ഖുർ ആൻ' പലതരം നിയന്ത്രണങ്ങൾ അനുശാസിക്കുന്നു. പ്രതിരോധത്തിനല്ലാതെയുള്ള യുദ്ധങ്ങൾ നിഷിദ്ധമാകും. ചെറിയ കുറ്റകൃത്യങ്ങൾപോലും വലിയ അപരാധങ്ങളായി പരിഗണിക്കും. പ്രാർഥനകൾക്കു ലഭിക്കുന്ന പുണ്യവും വളരെ കൂടുതലായിരിക്കും.
ഇസ്ലാമിക കലണ്ടർ പ്രകാരം പവിത്രമായി കരുതിപ്പോരുന്ന നാലു മാസങ്ങളുണ്ട്. ഈ മാസങ്ങളിൽ 'പരിശുദ്ധ ഖുർ ആൻ' പലതരം നിയന്ത്രണങ്ങൾ അനുശാസിക്കുന്നു. പ്രതിരോധത്തിനല്ലാതെയുള്ള യുദ്ധങ്ങൾ നിഷിദ്ധമാകും. ചെറിയ കുറ്റകൃത്യങ്ങൾപോലും വലിയ അപരാധങ്ങളായി പരിഗണിക്കും. പ്രാർഥനകൾക്കു ലഭിക്കുന്ന പുണ്യവും വളരെ കൂടുതലായിരിക്കും.
ഇസ്ലാമിക കലണ്ടർ പ്രകാരം പവിത്രമായി കരുതിപ്പോരുന്ന നാലു മാസങ്ങളുണ്ട്. ഈ മാസങ്ങളിൽ 'പരിശുദ്ധ ഖുർ ആൻ' പലതരം നിയന്ത്രണങ്ങൾ അനുശാസിക്കുന്നു. പ്രതിരോധത്തിനല്ലാതെയുള്ള യുദ്ധങ്ങൾ നിഷിദ്ധമാകും. ചെറിയ കുറ്റകൃത്യങ്ങൾപോലും വലിയ അപരാധങ്ങളായി പരിഗണിക്കും. പ്രാർഥനകൾക്കു ലഭിക്കുന്ന പുണ്യവും വളരെ കൂടുതലായിരിക്കും.
ഇസ്ലാമിക കലണ്ടർ പ്രകാരം പവിത്രമായി കരുതിപ്പോരുന്ന നാലു മാസങ്ങളുണ്ട്. ഈ മാസങ്ങളിൽ 'പരിശുദ്ധ ഖുർ ആൻ' പലതരം നിയന്ത്രണങ്ങൾ അനുശാസിക്കുന്നു. പ്രതിരോധത്തിനല്ലാതെയുള്ള യുദ്ധങ്ങൾ നിഷിദ്ധമാകും. ചെറിയ കുറ്റകൃത്യങ്ങൾപോലും വലിയ അപരാധങ്ങളായി പരിഗണിക്കും. പ്രാർഥനകൾക്കു ലഭിക്കുന്ന പുണ്യവും വളരെ കൂടുതലായിരിക്കും. 'ശഹ്റുല്ലാഹി' എന്നറിയപ്പെടുന്ന ഈ മാസങ്ങളിൽ ആദ്യത്തേതായ ‘മുഹർറ’ത്തിൽ അവതാരമെടുത്ത ഒരു ഇതിഹാസ ഗായകനെപ്പറ്റിയാണ് ഞാനിവിടെ എഴുതാൻ ആഗ്രഹിക്കുന്നത്. വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ പ്രവാചകൻ തിരുപ്പിറവികൊള്ളുകവഴി വിശേഷാൽ മഹത്വം കൈവന്നിട്ടുള്ള തിങ്കളാഴ്ചതന്നെ ജനിച്ചകാരണത്താൽ പരിശുദ്ധമായ മനുഷ്യജൻമം ലഭിച്ച ഈ ‘ഗസൽ ഖലീഫ’ നീണ്ട എൺപത്തിനാലുവർഷം ഭൂമിയിൽ നന്മയുള്ള ജീവിതം ജീവിച്ചു. മൂന്നര പതിറ്റാണ്ടുകാലം സംഗീതാനുഭൂതിയുടെ നക്ഷത്രപഥങ്ങളിലൂടെ നമ്മളെയും നയിച്ചുകൊണ്ടുപോയി. ഒടുവിൽ, ഫർഹത് ശഹ്‌ജാദ് എഴുതിയതുപോലെ 'വെളിച്ചത്തിനു പിന്നാലെ ഇരുട്ടു വരും, ഇരുട്ടിനുപിന്നാലെ വെളിച്ചവും വരും. ഇവ രണ്ടിനെയും നിയന്ത്രിക്കാൻ നമ്മൾ ആരുമില്ലല്ലോ' എന്ന വരികൾ ഇടറിയ സ്വരത്തിൽ ഉച്ചരിച്ചുകൊണ്ട് ദീർഘനിദ്രയിലേക്കു പ്രവേശിച്ചു. കഴിഞ്ഞമാസം പതിമൂന്നാം തീയതി ഈ സ്വർഗഗായകന്റെ ചരമദിനം ആരാധകർ ഓർമപ്പൂക്കളാൽ അലങ്കരിച്ചു. അതിലേറെ ആവേശപൂർവം തൊണ്ണൂറ്റിനാലാം പിറന്നാൾ ആഘോഷിച്ചുകാണുമ്പോൾ യശഃ ശരീരനായ മെഹ്ദീ ഹസൻഖാൻ സാഹിബ്, അങ്ങയുടെ ധന്യമായ കലാജീവിതത്തിനു മുന്നിൽ എന്റെയും വിനയംനിറഞ്ഞ പ്രണാമങ്ങൾ.
മെഹ്‌ദീ ഹസൻ ഗസൽ സംഗീതത്തിനു നൽകിയ സംഭാവനകളെ വിശദീകരിക്കുന്നതിനുമുമ്പായി ചില പുരാവൃത്തങ്ങളിലേക്കു പോകേണ്ടതുണ്ട്. ഖാൻ സാഹിബ് റേഡിയോയിലൂടെ പതിയേ പതിയേ പേരെടുത്തു വരുന്നകാലം. ദില്ലി ഗേറ്റിൽനിന്നും അത്രയൊന്നും അകലെയല്ലാതെ, പേർസ്യൻ വാസ്തുകലാശൈലിയിൽ നിർമിക്കപ്പെട്ട 'വസീർഖാൻ മോസ്കി'നു മുന്നിലൂടെ അദ്ദേഹം കടന്നുപോയനേരം, വളരെ പരിചിതമായ ഒരു ഈണം ആരോ സാരംഗിയിൽ വായിക്കുന്നതു കേട്ടുനിന്നു. വർണഭംഗിയുള്ള ചിത്രവേലകളാൽ അലങ്കരിച്ച. എൺപത്തിയഞ്ചു മീറ്റർ ഉയരമുള്ള പള്ളിയുടെ മൂലയിലായി ചടഞ്ഞിരിക്കുന്ന സാരംഗിവാദകനെ അദ്ദേഹം കണ്ടു. അടുത്തുചെന്നപ്പോൾ മനസിലായി, കലാകാരൻ പൂർണമായും അന്ധനാണ്! കയ്യിലുള്ളതത്രയും ദയാപൂർവം ഖാൻ സാഹിബ് അയാൾക്കു കൊടുത്തു, മാത്രവുമല്ല അൽപനേരം സംസാരിക്കുകയും ചെയ്തു. അതിനിടെ, തലേന്നാൾ ലാഹോർ റേഡിയോയിൽ കേട്ട ഒരു ഗസൽ അനുകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിലുള്ള ഖേദവും ആ അന്ധകലാകാരൻ പ്രകടിപ്പിച്ചു. അപ്പോൾ അതേ ഗസൽ, ഖാൻ സാഹിബ് സാരംഗിവാദകനു പാടിക്കൊടുത്തു. അതിനെ അയാൾ തിടുക്കത്തിൽ സാരംഗിയിൽ പകർത്തുന്നതിനിടെ, നടുക്കത്തോടെ മനസിലാക്കി, മുന്നിലിരിക്കുന്നയാൾ മറ്റാരുമല്ല, മെഹ്‌ദീ ഹസൻതന്നെയാണ്. കരകവിഞ്ഞൊഴുകിയ കണ്ണുകളോടെ മുന്നിൽ ചിതറിക്കിടന്ന നാണയങ്ങത്രയും ഖാൻ സാഹിബിന്റെ കൈകളിൽ അമർത്തി വച്ചുകൊണ്ട് ആ കലാകാരൻ വിലപിച്ചു, 'ഖാൻ സാഹിബ്, ഇനിമേൽ, ഞാൻ അങ്ങയുടെ ശാഗിർദാണെന്ന് എല്ലാരോടും പറഞ്ഞോട്ടെ?' അദ്ദേഹം സന്തോഷപൂർവം സമ്മതിച്ചു, ഒരു ചരട് വാങ്ങി ഗഠബന്ധനും നിർവഹിച്ചു. എത്രയോ കാലം കഴിഞ്ഞപ്പോൾ ‘ശായർ’ എന്ന പേരിലുള്ള ഉറുദു മാഗസിനു നൽകിയ അഭിമുഖത്തിൽ അന്നത്തെ അന്ധകലാകാരനെ ആദ്യത്തെ ശിഷ്യനായി മെഹ്‌ദീ ഹസൻ വിശേപ്പിക്കുകയും ചെയ്തു.
ഈ സംഭവകഥയുടെ മറുവശംകൂടി പറയട്ടെ. പാരമ്പര്യമായി കലകളെയും കലാകാരന്മാരെയും ബഹുമാനിച്ചിരുന്ന, അവർക്കു വേണ്ടതായ പ്രോത്സാഹനങ്ങൾ നൽകിയിട്ടുള്ള മേവാർ രാജകുടുംബത്തിലെ രാജപ്രമുഖനായിരുന്ന ഭഗവത് സിങ്, മെഹ്‌ദീ ഹസനെ വിശേഷമായി ഇഷ്ടപ്പെട്ടിരുന്നു. ഖാൻ സാഹിബ് പാടിയ ഗ്രാമഫോൺ റെക്കോഡുകളെല്ലാം അദ്ദേഹം വാങ്ങി സൂക്ഷിച്ചിരുന്നു. ഖാൻ സാഹിബിനെ സ്വവസതിയിൽ ക്ഷണിച്ചു വരുത്തി പാടിക്കാൻ ആഗ്രഹിച്ചെങ്കിലും അവസരങ്ങൾ അനുകൂലമായി വന്നില്ല. ഇക്കാര്യങ്ങൾ മെഹ്‌ദീ ഹസനും അറിഞ്ഞില്ല. ആയിടെ ആഗ്രയിൽ ഗസൽ കച്ചേരി നിർവഹിക്കാൻ എത്തിയ മെഹ്ദീ ഹസനെ കാണാൻ രാജാ ഭഗവത് സിങ് തീരുമാനിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥനു ചേർന്ന വേഷത്തിൽ അദ്ദേഹം കച്ചേരി നടക്കുന്ന ഹാളിൽ എത്തി. സങ്കോചം കാരണം ഐഡന്റിറ്റി വെളിപ്പെടുത്താതെ മാറ്റിവച്ചതിനാൽ മുൻനിരയിലൊന്നും ഇരിപ്പിടം കിട്ടിയില്ല. പക്ഷേ അതൊന്നുംതന്നെ രാജാ സിങ്ങിനെ നിരാശപ്പെടുത്തിയില്ല. മൂന്നു മണിക്കൂർ നീണ്ടുനിന്ന ഗസൽമഴയിൽ അദ്ദേഹം അലിഞ്ഞു. ഇത്രയും ആനന്ദം പകർന്നുതന്ന ഗായകനെ അനുമോദിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ സാധിച്ചില്ല. അതിനാൽ ആദരസൂചകമായി വിരലിൽ അണിഞ്ഞിരുന്ന വജ്ര മോതിരം ഊരിയെടുത്ത് മറ്റൊരാൾവശം കൊടുത്തുവിട്ടു. മോതിരം കൊണ്ടുവന്ന വ്യക്തിയുടെ ബാഹ്യരൂപം തെറ്റിദ്ധാരണ ഉണ്ടാക്കുകയും ഖാൻ സാഹിബ് ആ മോതിരത്തെ വെറും കല്ലുമോതിരമായി കരുതിപ്പോകുകയും ചെയ്തു! അതിനാൽ മോതിരം അദ്ദേഹം കൂടെയുണ്ടായിരുന്ന പക്കവാദകനു നൽകി. കുറേനാൾ കഴിഞ്ഞപ്പോൾ, മേവാർ കൊട്ടാരത്തിൽ ജോലി നോക്കിയിട്ടുള്ള ഒരാൾ പക്കവാദകൻ വിരലിൽ ധരിച്ചിരുന്ന മോതിരത്തിലെ രാജമുദ്ര തിരിച്ചറിഞ്ഞു. പരിഭാന്തനായ ഹാർമോണിയംവാദകൻ ഇക്കാര്യം ഉടനടി ഖാൻ സാഹിബിനെ അറിയിച്ചു, വജ്രമോതിരം തിരിച്ചേൽപ്പിച്ചു. ഇങ്ങനെയെല്ലാം സംഭവിച്ചുപോയതിൽ ഖാൻ സാഹിബും ദുഃഖിതനായി. രാജാ സിങ്ങിനെ നേരിൽ കാണാനും ക്ഷമാപണം ചെയ്യാനും അദ്ദേഹം കാത്തിരുന്നു. അധികം വൈകാതെ ഭാരതയാത്രയുടെ ഭാഗമായി ജൻമദേശം സന്ദർശിച്ചവേളയിൽ അവർ തമ്മിൽ കൂടിക്കാണുകയും ദില്ലിയിൽ നടന്ന ഗസൽ കച്ചേരിയിൽ മുഖ്യാതിഥിയായി രാജാ ഭഗവത് സിങ്ങിനെ മെഹ്‌ദീ ഹസൻ പ്രത്യേകം ക്ഷണിച്ചുവരുത്തുകയും ചെയ്തു.
ഇത്തരത്തിൽ യാചകനെയും രാജാവിനെയും ഒന്നുപോലെ കീഴടക്കിയ മായാസംഗീതം സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ ഇന്നും മധുരം നിറച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. ഇതിനെ വിശേഷിപ്പിക്കാൻ ഉതകുന്ന പദം 'ജാദൂ' എന്നല്ലാതെ മറ്റെന്താണ്? വിശ്വസംഗീതത്തിനു പിന്നാലേ കാമമോഹിതനായി പുറപ്പെട്ടുപോകുമ്പോഴും പാവ്ലോ അൽവോടാൻ, ടിയാഗു ലോർക്, കസിയാ എലർ, അന കരോലീന തുടങ്ങിയ പുതുപുതു പേരുകളിൽ എത്തിച്ചേരുമ്പോഴും ഗൃഹാതുരതയുടെ നേർത്ത സൗരഭ്യമായി ഖാൻ സാഹിബിന്റെ മായികസംഗീതം എന്റെ ഇന്ദ്രിയങ്ങളെ പതിയേ തൊട്ടുണർത്തുന്നു. ഉന്മാദംകൊള്ളിക്കുന്ന ഇതര ഗസൽഗായകർക്കും അഗാധമായ വിരഹദുഃഖങ്ങളിലേക്കുതന്നെ എന്നെ വീണ്ടും വലിച്ചെറിയുന്ന ദയാശൂന്യതകൾക്കും നടുവിൽ, വിശ്രാന്തിയുടെ കമലദളങ്ങൾ വിടർത്തുന്ന ഈ ഭാവസംഗീതത്തിൽനിന്നു വേർപെട്ടൊരു കലാസ്വാദനജീവിതം എനിക്കും സാധ്യമല്ലാതാകുന്നു! 'എന്തുകൊണ്ടിങ്ങനെ' എന്നുള്ള ചിന്ത മെഹ്ദീ ഹസനിലേക്കു കൂടുതലായി കേന്ദ്രീകരിക്കാൻ എന്നെ നിർബന്ധിക്കുന്നു. അത്തരം ചില വിഹ്വലനിമിഷങ്ങളിൽ ഞാൻ തിരിച്ചറിയുന്നു, ഭാരതീയ ശാസ്ത്രീയ സംഗീതത്തിന്റെ മഹാപാരമ്പര്യത്തിൽ വേരുറച്ചതാണ്, മെഹ്ദീ ഹസന്റെ ഗസലുകൾ. കമ്പോസിങ്ങിൽ അദ്ദേഹം പാലിക്കുന്ന പാരമ്പര്യബോധം, ശാസ്ത്രീയനിഷ്ഠ, രാഗവൈവിധ്യങ്ങൾ, രാഗശുദ്ധി, വ്യക്തതയുള്ള സർഗം, രചനകൾ തെരഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന തെളിഞ്ഞ ആത്മീയബോധം, ഓരോ ഗസലിനെയും നിരന്തരം നവീകരിക്കുന്ന മനോധർമം, പാട്ടിലെ ലാളിത്യം നിലനിർത്താനായി വാദ്യങ്ങളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം എന്നിങ്ങനെ എടുത്തുപറയാൻ കാരണങ്ങൾ നിരവധി തെളിഞ്ഞുവരുന്നു. ഇതുതന്നെ അദ്ദേഹത്തെ സിനിമാലോകത്തും സ്വീകാര്യനാക്കി. എല്ലാ പ്രാദേശികഭാഷാ സിനിമകളിലും മെഹ്‌ദീ ഹസനിൽനിന്നും നിർലജ്ജം ചൂണ്ടിയെടുത്ത ഈണങ്ങൾ കേൾക്കാൻ സാധിക്കുന്നുണ്ട്.
ഇന്ത്യയെയും പാകിസ്താനെയും സാംസ്കാരികമായി ഒരുമിപ്പിക്കാൻ മെഹ്ദീ ഹസൻ സഹായകമായിട്ടുണ്ട്. ഈ പാരമ്പര്യം ഇത്തരത്തിൽ ഇനിയും നിലനിന്നു കാണാൻ സമാധാനം കൊതിക്കുന്ന ഏതൊരു കലാസ്വാദകനും സ്വപ്നംകാണുന്നു, പലപ്പോഴും സത്യമായി വരാറില്ലെങ്കിലും. ഇത്തരത്തിൽ ഇൻഡ്യാ- പാക് ബന്ധം നിലനിർത്താൻ ഖാൻ സാഹിബിനെ സംബന്ധിച്ചിടത്തോളം ചില ചരിത്രപരമായ കാരണങ്ങളും ഉണ്ടായിവന്നിട്ടുണ്ട്. അതെന്താണെന്നാൽ, അമാനത് അലിഖാൻ, ഗുലാം അലി, ഹുസൈൻ ബക്ഷ് ഗുല്ലു, നസ്രത് ഫതേഹ് അലിഖാൻ, ഹമീദ് അലിഖാൻ, ഹബീബ് വാലി മൊഹമ്മദ്, രേശ്മ, ആബിദ പർവീൺ, ഫരീദ ഖാനും, ഇഖ്‌ബാൽ ബാനോ, അഖ്വീൽ മൻസൂർ, ഐജാസ് ഖ്വൈസർ, ഇമ്രാൻ ഗുലാം അലിഖാൻ, ശഫാഖത് അലിഖാൻ, മോയിൻ ഖാൻ, ടീന സാനി തുടങ്ങിയ പാകിസ്താനിൽനിന്നുള്ള ഗസൽഗായകരുടെ ശ്രേണിയിൽ ഉൾപ്പെടുന്നയാളാണെങ്കിലും മെഹ്ദീ ഹസൻ ജനിച്ചതും വളർന്നതും കൗമാരകാലം മുഴുവൻ കഴിച്ചുകൂട്ടിയതും രാജസ്ഥാനിലെ ഝംഝനൂ ജില്ലയിലെ ലൂണാ ഗ്രാമത്തിലായിരുന്നു. വിഭജനത്തെ തുടർന്ന് അദ്ദേഹവും കുടുംബവും കറാച്ചിയിലേക്കു മാറി. അപ്പോഴും വീട്ടിലെ സംസാരഭാഷ മാർവാഡിയായിത്തന്നെ തുടർന്നു, ഇന്ത്യയുമായുള്ള സംഗീത സമ്പർക്കം ഒരു തരത്തിലും മുറിക്കപ്പെട്ടുമില്ല. ദില്ലിയിലും കൊൽക്കത്തയിലും മുംബൈയിലും അദ്ദേഹം ഗസൽ ടൂറുകൾ നടത്തി. അങ്ങനെ ഇന്ത്യയിൽ ഗസൽ സംഗീതത്തിനു മാർഗനിർദേശം നൽകാനും പുതിയ ഗസൽഗായകർ വളർന്നു വരാനും മെഹ്ദീ ഹസന്റെ വല്ലപ്പോഴുമുള്ള സാന്നിധ്യം ഉപകാരപ്പെട്ടു. പിൻ തലമുറയിലെ ഗസൽ ഗായകരായ ഉസ്താദ് സഹൂർ അഹമ്മദ് ഖാൻ, ഒസ്മാൻ മീർ, മുഹമ്മദ് അലി, ആദിത്യ ബാനു, രാധിക ചോപ്ര, സൗഗത ബാനർജി, ജസ്വീന്ദർ സിങ്, രൺബീർ കുമാർ, റോഷൻ ഭാരതി, മൊഹമ്മദ് വകീൽ, അർച്ചിത ദിനനാഥ്, പൂർവ ഗുരു, ജസീം ശർമ, പൃഥ്വി ഗന്ധർവ്, മുഹമ്മദ് സുബൈർ, ഋച ശർമ, യസ്‌രാജ് കപിൽ, രേണു നാഗർ, ശിൽപ റാവു തുടങ്ങിയവരെല്ലാം ഇത്തരത്തിൽ അദ്ദേഹത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടവരാണ്. തലത് അസീസ്, ഹരിഹരൻ, ഗുലാം അബ്ബാസ്ഖാൻ, ഇമ്രാൻ മെഹ്ദീ ഹസൻ ഖാൻ, അമീർ യാസീൻ, അബ്ദുള്ള ഫാറൂഖ്, പർവേശ് മെഹ്‌ദീ, ഇർഷാദ് അലിഖാൻ തുടങ്ങിയ മുതിർന്ന ശിഷ്യരേക്കാൾ ഈ ഏകലവ്യന്മാർ നൂറുകണക്കിനു റെക്കോഡുകളിൽനിന്നുമായി വളരെയധികം പഠിച്ചെടുക്കുന്നുണ്ട്.
ഞാൻ സംഗീതത്തെപ്പറ്റി എഴുതിത്തുടങ്ങിയ നാളുകളിൽ ഒരു സംഗീതജ്ഞനെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനാവശ്യമായ സാമഗ്രികൾ വളരെ കുറച്ചുമാത്രമേ ലഭിച്ചിച്ചിരുന്നുള്ളൂ. ആയിരംരൂപപോലും മാസവരുമാനമില്ലാതിരുന്ന കാലത്ത് മെഹ്ദീ ഹസൻ പാടിയ എൽ.പി റെക്കോർഡ് രണ്ടായിരത്തി ഒരുനൂറുരൂപ നൽകിയാണ് ഞാൻ വാങ്ങിയത്. ഡിജിറ്റൽ യുഗം വന്നതോടെ എന്തും സൗജന്യമായും സുലഭമായും നമ്മുടെ മുന്നിലെത്തുന്നുണ്ട്. ഒന്നു തിരയുകയേ വേണ്ടൂ. പക്ഷേ മറക്കരുത്, വീഡിയോയുടെ ഉള്ളടക്കുമായി ‘വ്യൂസ്, ലൈക്‌സ്’ എന്നിവയുടെ എണ്ണത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള മൂല്യനിർണയം ഒരുതരത്തിലും യുക്തിസഹജമല്ല. ഹിന്ദുസ്താനി സംഗീതത്തിൽ ആചാര്യപദവി വഹിക്കുന്ന എസ്.എൻ.രാതംജൻകർ പാടിയ യാമിനി ബിലാവൽ രാഗത്തിന് യൂട്യൂബിൽ ആകെ ലഭിച്ചിട്ടുള്ള 'വ്യൂസ്' ഒൻപതും 'ലൈക്' ഒരെണ്ണവുമാണ്! കഴിഞ്ഞദിവസം ഞാൻ യൂട്യൂബിൽ ആസ്വദിച്ചു കണ്ട ബ്ലൈൻഡ് മിസിസിപ്പി മോറീസ്, ടെറി ഗാർലാൻഡ്, സ്കീറ്റർ ബ്രാണ്ടൻ, ജിമ്മി താക്കറേ തുടങ്ങിയ പ്രതിഭാശാലികളായ ബ്ലൂസ് ഗായകർക്കു കിട്ടിയിരിക്കുന്ന ‘ലൈക്‌സ്’, എന്റേതുൾപ്പെടെ, യഥാക്രമം അഞ്ച്, എട്ട്, പതിനൊന്ന്, പന്ത്രണ്ട് എന്നിങ്ങനെയാണ്! ഇക്കാര്യത്തിൽ മെഹ്‌ദീ ഹസൻ ഭാഗ്യവാൻതന്നെ. അദ്ദേഹം പാടിയ ചില ഗസലുകൾ ഒരു കോടിയോളം ‘വ്യൂസ്’ നേടിയിട്ടുണ്ട്. ഇന്നും ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഗസൽ ഗായകനും അദ്ദേഹമാണ്. മിഴ്‌സാ ഗാലിബ്, അൻവർ മിർജാപുരി, ഖാതിർ ഗസനവി, ഫർഹത് ശഹ് ജാദ്, മീർ തകി മീർ, ഹബീബ് ജാലിബ്, കൃഷ്ണ അദീബ്, സലീം കൗസർ, കലീം ചാന്ദ് പുരി എന്നീ കവികൾ എഴുതിയ വികാരഭരിതങ്ങളായ രചനകളെ ദർബാരി, ദേശ്, കലാവതി, യമൻ, യമൻ കല്യാൺ, ഭൂപാളി, ജയ് ജയ് വന്ദി, മാരു ബിഹാഗ്, തിലക് കാമോദ്, സേഹ്‌റ, പഹാഡി, സിന്ധുഭൈരവി, ഭൂപേശ്വരി, ഭീംപലാസി, മാൽകൗൻസ്, മൽഹാർ, ബഹാർ, മേഘ്, സാരംഗ് തുടങ്ങിയ ജനപ്രിയരാഗങ്ങളിൽ അദ്ദേഹം ചിട്ടപ്പെടുത്തി ലോകമെമ്പാടും അവതരിപ്പിച്ചു. മുഹമ്മദ് അലിഖാൻ, സഹൂർ അഹമ്മദ് ഖാൻ ശമോൻ ഫിദ, സുരീന്ദർ ഖാൻ, സയ്യദ് ശകാവദ് ഹുസൂർ ബുൽഹാരി, അഫ്‌സൽ സുബാനീ മുതലായ പിൻതലമുറയിലെ ശിഷ്യരിലൂടെ അവ ഇന്നും പ്രചരിച്ചുകൊണ്ടിരിക്കുന്നു.
വംശാവലിയിലെ പതിനാറാം തലമുറയിലെ ഗായകനായിരുന്നു മെഹ്‌ദീ ഹസൻ. കലാവന്ദ് ഘരാനയുടെ പ്രചാരകനായ ഉസ്താദ് അജീംഖാൻ, പിതൃ സഹോദരനായ ഉസ്താദ് ഇസ്മായിൽഖാൻ എന്നിവരിൽനിന്നും ശാസ്ത്രീയ സംഗീതത്തിലെ സങ്കീർണരൂപമായ ധ്രുപദിൽ അദ്ദേഹം പരിശീലനം നേടി. കൂടാതെ ഖയാലും ഠുമ്രിയും ദാദ്രയും പഠിച്ചെടുത്തു. അന്നത്തെ ദിഗ്ഗജങ്ങളായ ഉസ്താദ് ബഡേ ഗുലാം അലിഖാൻ, ഉസ്താദ് അമീർഖാൻ, പണ്ഡിത് ഓംകാർ നാഥ് ഠാക്കൂർ എന്നിവരിൽനിന്നു സവിശേഷ പ്രചോദനകളും ഉൾക്കൊണ്ടു. ഖാൻ സാഹിബ് പാടിയ പത്തു നൂറു ഗസലുകൾ ശ്രദ്ധിച്ചുകേട്ട അനുഭവം പറഞ്ഞുതരുന്ന സത്യം ഇതാണ് - മെഹ്‌ദീ ഹസന്റെ സംഗീതത്തിൽ പതിഞ്ഞുകിടക്കുന്ന മൂന്നു ശാശ്വതങ്ങളായ മുദ്രകൾ മേല്പറഞ്ഞ സംഗീതജ്ഞരുടേതാണ്. അവരെ സ്വാംശീകരിച്ചുകൊണ്ട് ഗസൽ എന്ന സംഗീതരൂപത്തിന് മെഹ്‌ദീ ഹസൻ ഉറപ്പുള്ള അടിത്തറ പണിതു നൽകി. അതിന്മേൽ, ലോകത്താകമാനം ആസ്വാദകരുള്ള ഗസൽ എന്ന സംഗീതശാഖ ഇപ്പോൾ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു. ഖാൻ സാഹിബിന്റെ പന്ത്രണ്ടു മക്കളിൽ പ്രധാനിയായ ഉസ്താദ് ഇമ്രാൻ മെഹ്ദീ ഹസൻ ഖാൻ 'ഖലീഫ'യായിട്ടുള്ള, അമേരിക്കയും പാകിസ്ഥാനും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, 'മെഹ്‌ദീ ഹസൻ അക്കാഡമി ഓഫ് മ്യൂസിക്' ഇതിനെല്ലാം പ്രേരണയാകുന്നു. ദുബായിൽ താമസിക്കുന്ന, ഗുലാം അലിയുടെ ശിഷ്യനും ഗസൽഗായകനും ‘റൂഹ് ഏ ഗസൽ’ എന്ന ആഗോള കൂട്ടായ്മയുടെ ചെയർമാനുമായ ഉസ്താദ് കെ.എം.അലി സാഹിബ് ഈ രംഗത്തു നൽകിവരുന്ന നിസ്വാർഥസേവനങ്ങളും ഇവിടെ എടുത്തുപറയേണ്ടതാണ്.
മെഹ്‌ദീ ഹസൻ ഖാൻ അനശ്വരമാക്കിയ ചില ഗസലുകളെ പരാമർശിക്കാതെ ഈ ശ്രദ്ധാഞ്ജലി പൂർണമാകുകയില്ല. അതു പക്ഷേ ഒട്ടും എളുപ്പമുള്ള പ്രവൃത്തിയുമല്ല. കാരണം, അദ്ദേഹം പാടിയ ഗസലുകളുടെ എണ്ണം അത്രയും ഭീമമാണ്. അതിനാൽ ഖാൻ സാഹിബ് കച്ചേരികൾ സ്ഥിരമായി പാടിവന്നതും അദ്ദേഹം വ്യക്തിപരമായി ഇഷ്ടപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുള്ളതുമായ ഏതാനും ഗസലുകൾമാത്രം തെരഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ‘ദുനിയാ കിസീ കേ, ഭൂലീ ബിസരീ ചന്ദ് , ബാത് കർനീ മുഝേ, സിന്ദഗീ മേം തോ സഭീ, മുഝേ തും നസർ സേ, ഫൂൽ ഹി ഫൂൽ, ഹർ ദർദ് കോ, ആപ്കോ ഭൂൽ ജായേം, കഭി മേരീ മൊഹബ്ബത്, കിസ് കിസ്‌കോ ബതായേംഗേ, ഭീഗീ ഭീഗീ രാതോം മേം, ദുനിയാ കിസീ കേ പ്യാർ മേം, ഹംസേ തൻഹായീ, അബ് ദിൽകി തമന്നാ, ശിക് വാ ന കർ, റഫ്‌താ റഫ്‌താ വോ മേരീ, രംജിശ് ഹീ സഹീ, ഹമാരീ സാസോം മേം ആജ്, ഗുലോം മേം രംഗ്, പ്യാർ ഭരേ ദോ’ തുടങ്ങിയ ഗസലുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
പേരിനെ അർഥവത്താക്കുന്നതരത്തിൽ 'സന്മാർഗ ദർശനം ലഭിച്ചതും നന്മ-സൗന്ദര്യങ്ങൾ നിറഞ്ഞ'തുമായിരുന്നു മെഹ്‌ദീ ഹസന്റെ സംഗീതവും. 'ശഹംശാഹ് ഏ ഗസൽ' എന്നു വിശേഷിപ്പിക്കപ്പെട്ട ഈ ഗായകൻ ജനമനസുകളുമായി നേരിട്ടു സംവദിക്കാൻ ഏറെ ആഗ്രഹിച്ചു. 'യൂം ന മിൽ മുഝ്‌സേ' പാടുന്നതിനിടയിൽ ഏതോ ചൗധരി സാഹിബിനോടായി അദ്ദേഹം അഭ്യർഥിക്കുന്നതു ഞാൻ യുട്യൂബിൽ കേട്ടു, 'കുറച്ചുകൂടി വെളിച്ചം നല്കുമെങ്കിൽ കണ്ണിൽ കണ്ണിൽ നോക്കി പാടാൻ സാധിക്കുമായിരുന്നു'. ഇത്തരത്തിൽ പ്രേക്ഷകരുമായി ചേർന്നിരുന്നുകൊണ്ട് പാടാൻ അദ്ദേഹം വിശേഷാൽ ആശവച്ചു. അങ്ങനെയുള്ള ഒരു വിനീത ഗായകന്, ഏതു പൂർവജന്മ പാപത്തിനു പകരംകിട്ടിയ കൊടുംശിക്ഷയാണ് തൊണ്ടയിൽ ബാധിച്ച കാൻസർദീനം എന്നെനിക്കും അറിഞ്ഞുകൂടാ! 2010 -ൽ അവസാന ആൽബമായ 'സാർഹദേം' റെക്കോഡ് ചെയ്തതിനുശേഷം ഏകദേശം പന്ത്രണ്ടു വർഷത്തോളം ഖാൻ സാഹിബ് പൊതുവേദിയിൽ പാടിയിട്ടില്ല. ലോകം പരമാനന്ദത്തോടെ ശ്രവിച്ചുപോന്ന നാദമധുരിമയെ, വോക്കൽ കോഡിലേക്കു വ്യാപിച്ച കാൻസർ ശിഥിലമാക്കിക്കളഞ്ഞു! അതിനു മുമ്പേതന്നെ അർഹതപ്പെട്ട പുരസ്കാരങ്ങളെല്ലാം അദ്ദേഹത്തിൽ എത്തി. ഇന്ത്യയിൽനിനിന്ന് 1979 -ൽ കെ. എൽ. സൈഗൾ അവാർഡും ഖാൻ സാഹിബിനു ലഭിച്ചു.
ഗസൽ സാമ്രാജ്യത്തിലെ ബാദുഷയായ മെഹ്‌ദീ ഹസൻഖാനെപ്പറ്റി ഇത്രയൊക്കെ എഴുതിക്കഴിഞ്ഞപ്പോൾ ഞാൻ എന്നോടുതന്നെ ഒരു ചോദ്യം ചോദിച്ചു- ഗസൽ സംഗീതത്തെ വൈവിധ്യമുള്ളതാക്കി മാറ്റിയ, അതിനു സ്വതന്ത്രമായ നിലനിൽപ്പു നൽകിയ, അതിന്റെ സൗന്ദര്യത്തെ പ്രഭാമയമാക്കിയ ഖാൻ സാഹിബിനെ മുഖ്യമായും ഏതു തലത്തിലാണ് ഞാൻ സ്നേഹിക്കുന്നത്? പലവട്ടം ആലോചിച്ചു, പല കോണുകളിൽനിന്ന് ചിന്തിച്ചു. അവസാനം ഏറ്റവും ബോധ്യമായ അഥവാ ഏറ്റവും വ്യക്തിപരമായി സന്തോഷം നൽകുന്ന ഒരു തിരിച്ചറിവിൽ ഞാൻ എത്തിച്ചേർന്നു. സയ്ദ് റാസീ തിർമിസീ എഴുതി, ഖാൻ സാഹിബ് പൂര്യാ ധനാശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തിയ ‘ഖതം ന ഹോതീ ആഹടേം’ എന്നു തുടങ്ങുന്ന ഗസലിലെ അവസാന ചരണത്തിൽ തുടിച്ചുനിന്ന പ്രതീക്ഷയുടെ ആത്മസാരം ഇന്നും ഉള്ളിൽ ശേഷിക്കുന്നുണ്ട്. അതിങ്ങനെയാണ് -
'ചിതറിക്കിടപ്പൂ, രജനീഗന്ധികൾ
വാടിക്കഴിഞ്ഞു, പലതുമെന്നാലും
അവയ്ക്കിടയിലുമുണ്ടാകും,
പുലരിമഞ്ഞിൻ തുള്ളികൾ
ചുണ്ടിലണിഞ്ഞും, പ്രിയമോടെ
പുഞ്ചിരി തൂകിയും
എനിക്കായിമാത്രം, ഒരിതളെങ്കിലും ! '
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )