‘എമിൽ ഐസക്സ് ഒന്നാമൻ’

1964ൽ മോസ്കോയിൽ നടന്ന ‘ഇസ്കസ്’ എന്ന ഇന്തോ–സോവിയറ്റ് സാംസ്കാരിക സംഗമത്തിലേക്ക് ഒരു മലയാളി തിരഞ്ഞെടുക്കപ്പെട്ടു. ഗായകൻ യേശുദാസ്! ചെറുപ്പമായ ദാസിന് ഇത്രദൂരം ഒറ്റയ്ക്കു പോകാൻ മടി മാത്രമല്ല, കൂട്ടിനു മലയാളികളാരും സംഘത്തിലില്ല. അദ്ദേഹം സംഘാടകരെ സമീപിച്ചു. ‘എന്റെയൊപ്പം നല്ലൊരു ഗിറ്റാറിസ്റ്റിനെ കൂട്ടട്ടെ. കൊച്ചിക്കാരനാണ്. എല്ലാ പ്രോഗ്രാമിനും സഹായിക്കും.’ സംഘാടകർ സമ്മതം മൂളി. 

അങ്ങനെ, യേശുദാസിനൊപ്പം അന്ന് 16 വയസ്സു മാത്രമുള്ള എമിൽ ഐസക്സ് റഷ്യയിലേക്കു പുറപ്പെട്ടു. മോസ്കോയിൽ ഇന്ത്യൻ സംഘം അവതരിപ്പിച്ച ഒന്നാംതരം പരിപാടികൾ റഷ്യൻ ചെറുപ്പക്കാരെ ആവേശഭരിതരാക്കിയില്ല. ‘ബീറ്റിൽസ്’ എന്ന ഇംഗ്ലിഷ് റോക്ക് ബാൻഡ് ലോകം മുഴുവൻ ഹരമായി പടർന്നിരുന്ന കാലമായിരുന്നു അത്. റഷ്യൻ യുവാക്കളും ആ സ്വാധീനവലയത്തിലായിരുന്നു. ജനക്കൂട്ടം വിളിച്ചു ചോദിച്ചു. ‘ആർക്കെങ്കിലും ഒരു ഇംഗ്ലിഷ് ഗാനം പാടാമോ?’ ഇന്ത്യയിൽനിന്നു പോയ ക്ലാസിക്കൽ കലാകാരന്മാർ പരസ്പരം നോക്കി പകച്ചുനിൽക്കേ എമിൽ ഐസക്സ് ഗിറ്റാറുമായി മൈക്കിനു മുന്നിലെത്തി ബീറ്റിൽസിന്റെ സൂപ്പർ നമ്പർ  'A Hard day's night..' അവതരിപ്പിച്ചു. സദസ്സ് ആർപ്പുവിളികളോടെ തകർത്താടി. പരിപാടി അതിഗംഭീരമായി. മോസ്കോ റേഡിയോ എമിലിന്റെ പാട്ട് പലതവണ പ്രക്ഷേപണം ചെയ്തു. എന്തായാലും, തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരെക്കാൾ ‘ഒപ്പം പോയ പയ്യൻ’ താരമായി. എമിലിന്റെ ഓട്ടോഗ്രാഫ് വാങ്ങാനും ഫോട്ടോ എടുക്കാനും പെൺകുട്ടികൾ വരിനിന്നു. ‘അവർ തിരിച്ചുവന്നു മാസങ്ങളോളം റഷ്യയിൽനിന്ന് അവന് കത്തുകൾ വരുമായിരുന്നു’. സഹോദരനും വയലിൻ മാന്ത്രികനുമായ റെക്സ് ഐസക്സ് ഓർമിക്കുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഗീത കുടുംബമെന്നു കൊച്ചിയിലെ ജോ ഐസക്സിന്റെ വീടിനെ വിശേഷിപ്പിക്കാം. പത്തു മക്കളും സംഗീതജ്ഞർ. മക്കളിൽ ഒന്നാമൻ എമിൽ ഐസക്സ്. ജീവിതത്തിലും ‘ഒന്നാമൻ’ ആയിരുന്നു എമിൽ.

ചെറുപ്പത്തിൽ മനോഹരമായി വയലിൻ വായിച്ചിരുന്ന എമിൽ ഗിറ്റാറിസ്റ്റായതും ഈ നിർബന്ധബുദ്ധികൊണ്ടാണ്. വയലിനായിരുന്നു എമിലിന്റെ പ്രിയ സംഗീതോപകരണം. അതു നന്നായി പഠിച്ചു വരവേയാണ്, എട്ടാം ക്ലാസിൽ വച്ചു വൈദിക പഠനത്തിൽ ആകൃഷ്ടനായി കടുത്തുരുത്തിയിലെ എസ്‌വിഡി ആശ്രമത്തിൽ ചേർന്നത്. ഒരു വർഷംകൊണ്ടു മനസ്സിലായി, ഇതു തന്റെ വഴിയല്ലെന്ന്. പിറ്റേ വർഷം തിരികെ വീട്ടിലെത്തിയ എമിൽ ഒരു ‘അപകടം’ മനസ്സിലാക്കി. തന്റെ അനുജൻ റെക്സ് ഈ കാലയളവിൽ വയലിൻ പഠനത്തിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു. ഇനി അവനെ പിടിച്ചാൽ കിട്ടില്ല. രണ്ടാമനാകാൻ മനസ്സില്ലായിരുന്നു എമിലിന്. അങ്ങനെയാണു പ്രിയപ്പെട്ട വയലിൻ ഉപേക്ഷിച്ച് ഗിറ്റാറിലേക്കു ചുവടു മാറിയത്.

മോസ്കോയിൽനിന്നു തിരിച്ചു വന്ന യേശുദാസ് ഈ പ്രതിഭയെ പുറത്തുകളഞ്ഞില്ല. അദ്ദേഹം പിറ്റേ വർഷം ആരംഭിച്ച ഗാനമേള ട്രൂപ്പിലെ ലീഡ് ഗിറ്റാറിസ്റ്റായിരുന്നു ‘പയ്യൻ എമിൽ’. പക്ഷേ, ഗാനമേളകൾക്ക് അപ്പുറത്തായിരുന്നു എമിലിന്റെ സ്വപ്നം. അങ്ങനെ മ്യൂസിക് ബാൻഡുകളിലേക്കു തിരിഞ്ഞു. പല ബാൻഡുകളിൽ അംഗമായെങ്കിലും 1968ൽ ‘എലീറ്റ് എയ്സസ്’ എന്ന സ്വന്തം ബാൻഡ് രൂപീകരിച്ചപ്പോഴാണു തൃപ്തിയായത്. ഇതിനിടെ തന്റെ സഹകരണം തേടിവന്ന ആരോടും അദ്ദേഹം നോ പറഞ്ഞില്ല. 

കൊച്ചി കേന്ദ്രമാക്കി അക്കാലത്തു പിറന്ന ഒരുപാട് ഭക്തിഗാനങ്ങൾക്കു പിന്നിൽ എമിലിന്റെ ഗിറ്റാറുമുണ്ട്. കലാഭവന്റെ മ്യൂസിക് നൈറ്റിൽ അറുപതിലേറെ സംഗീതോപകരണങ്ങളുടെ ഓർക്കസ്ട്ര ലീഡ് ചെയ്ത് അദ്ദേഹം കൊച്ചിയെ വിസ്മയിപ്പിച്ചു. പരീക്ഷണങ്ങൾക്കും കുറവില്ലായിരുന്നു. സാധാരണ ഗിറ്റാറിൽ ‘പിക്കപ്പ്’ ഘടിപ്പിച്ച് ഇലക്ട്രിക് ഗിറ്റാറാക്കി അദ്ദേഹം ‘ആധുനികനായി’.

അങ്ങനെയിരിക്കെയാണ് മറ്റൊരനുജൻ യൂജിൻ, ലീഡ് ഗിറ്റാറിൽ എമിലിനെ വെല്ലുന്ന പ്രകടനം പുറത്തെടുത്തത്. അനുജനു മുന്നിൽ തോൽക്കാൻ എമിൽ തയാറായില്ല. ലീഡ് ഗിറ്റാറിൽനിന്നു ബേസ് ഗിറ്റാറിലേക്കു കൂടുമാറുക എന്ന കഠിന പരീക്ഷണം അദ്ദേഹം ഏറ്റെടുത്തു!  കേരളത്തിൽ ആദ്യത്തെയും രാജ്യത്തെ ഏറ്റവും നല്ല ബേസ് ഗിറ്റാറിസ്റ്റുകളിൽ ഒരാളുടെയും പിറവി അങ്ങനെയായിരുന്നു. 2009ൽ പക്ഷാഘാതത്തിനു കീഴ്പ്പെടുംവരെ ബേസ് ഗിറ്റാറിൽ എമിൽ ഒന്നാം സ്ഥാനത്തുതന്നെ നിന്നു. (ഇളയരാജയ്ക്കുവേണ്ടി ബേസ് ഗിറ്റാർ വായിച്ചിരുന്ന വിജി മാനുവലിനെ വിസ്മരിക്കുന്നില്ല)

‘എലീറ്റ് എയ്സസു’മായി സഞ്ചരിക്കുന്ന കാലത്താണ് മിസിസ് കെ.എം.മാത്യുവിന്റെ ശുപാർശയിൽ ഉഷാ ഉതുപ്പുമായി സന്ധിക്കുന്നതും എമിലിന്റെ കഴിവിൽ അദ്ഭുതം പൂണ്ട അവർ അദ്ദേഹത്തെ കൊൽക്കത്തയിലെ തന്റെ ട്രൂപ്പ് ലീഡ് ചെയ്യാനായി ക്ഷണിക്കുന്നതും. ഇതിനിടെ ബാബുരാജ്, ദേവരാജൻ, ചിദംബരനാഥ് തുടങ്ങിയ മലയാള സംഗീത സംവിധായകർക്കുവേണ്ടി സിനിമാഗാനങ്ങളിലും ഗിറ്റാർ മീട്ടിയിട്ടുണ്ട്.

എമിൽ ചുമതല ഏറ്റതോടെ ഉഷയുടെ സുവർണകാലം ആരംഭിച്ചു. അതൊരു മാസ്മരിക കൂട്ടുകെട്ടായിരുന്നു. മൈക്കിനു മുന്നിൽ പാടിയാൽ മാത്രം മതിയായിരുന്നു ഉഷയ്ക്ക്. ഓർക്കസ്ട്രയും സൗണ്ടുമെല്ലാം എമിലിന്റെ കൈകളിൽ ഭദ്രം. 38 വർഷമാണ് ആ മാന്ത്രികത ലോകം മുഴുവൻ സഞ്ചരിച്ചത്. കൊൽക്കത്തയിലെ ഉഷയുടെ ‘വൈബ്രേഷൻസ്’ എന്ന സ്റ്റുഡിയോയിലെ ചീഫ് സൗണ്ട് റിക്കോർഡിസ്റ്റും മറ്റാരുമായിരുന്നില്ല.

എമിൽ വീണശേഷം പഴയ പ്രൗഢിയിലേക്കു തിരിച്ചു പോകാൻ ഉഷയ്ക്കും കഴിഞ്ഞില്ല. പക്ഷേ, അവരുടെ സുവർണ കാലത്ത് അർഹിക്കുന്ന അംഗീകാരം എമിലിനു ലഭിച്ചോ? ഒറ്റയ്ക്കു നിന്നിരുന്നെങ്കിൽ വലുതും വ്യത്യസ്തവുമായ സംഭാവനകൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയുമായിരുന്നു എന്നു സംഗീതലോകം വിശ്വസിക്കുന്നു.