Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താമര എന്ന തീ...

Thamarai

സിനിമയിലെ സ്ത്രീപുരുഷ സമത്വം ഒരു മരീചികയാണെന്ന് കുറഞ്ഞപക്ഷം ഇന്ത്യൻ സാഹചര്യത്തിലെങ്കിലും പറയാം. സിനിമാസംഗീതത്തിലേക്കു വന്നാൽ, ഗായികമാരെ ഒഴിച്ചുനിർത്തിയാൽ മറ്റൊരു മേഖലയിലും വനിതകളെ കാര്യമായി കാണാനില്ല. ഉണ്ടെന്നു പറഞ്ഞു നാം ഉയർത്തിക്കാണിക്കുന്ന പല മുഖങ്ങളും ചില ഔദാര്യങ്ങൾ മാത്രമാണെന്നും നമുക്കറിയാം. എന്നാൽ ഇതിന് അപവാദമായി ഒരാളുണ്ട്. ഗാനരചനയിൽ. തമിഴ് സിനിമയിൽ ആണിനൊപ്പമോ അതിനപ്പുറമോ സ്വതന്ത്രവ്യക്തിത്വമുള്ളവൾ. തമിഴ് സിനിമാഗാന രംഗത്തെ അനുപേക്ഷണീയ രചയിതാവ് – താമര. ഇവളുടെ രണ്ടുവരി കവിത കിട്ടാൻ തമിഴ് നിർമാതാക്കൾ ക്യൂ നിൽക്കുന്നു. 

ഒരുപക്ഷേ, ആരാണു രചയിതാവ് എന്നറിയാതെ നാമെല്ലാം നെഞ്ചോടു ചേർത്തുപിടിച്ച് ആസ്വദിക്കുന്നുണ്ട് താമര എഴുതിയ സൂപ്പർ ഹിറ്റ് പാട്ടുകൾ. സുബ്രഹ്മണ്യപുരത്തിലെ ‘കൺകൾ ഇരണ്ടാൽ..., കാക്ക കാക്കയിലെ ‘ഉയിരിൻ ഉയിരേ...’, മിന്നലേയിലെ ‘വസീഗരാ...’, തെന്നാലിയിലെ ‘ഇഞ്ചിറുങ്കോ ഇഞ്ചിറുങ്കോ...’, വാരണം ആയിരത്തിലെ ‘അവ എന്നൈയെന്നൈ തേടി വന്ത....’, നെഞ്ചുക്കൾ പെയ്തിടും ആ മഴൈ...’, ഉന്നിടത്തിൽ എന്നൈക്കൊടുത്തേനിലെ ‘മല്ലികപ്പൂവേ മല്ലികപ്പൂവേ പാർത്തായാ...’ അങ്ങനെ എത്രയെത്ര ഹിറ്റുകൾ... 

സൂപ്പർ ഹിറ്റ് ആകണമെങ്കിൽ താമര എഴുതണം എന്ന നിലയിൽ വരെയെത്തി ഒരുകാലത്ത് കാര്യങ്ങൾ. സാക്ഷാൽ എ.ആർ.റഹ്മാനു പോലും കണ്ടില്ലെന്നു നടിക്കാനായില്ല ഈ എഴുത്തുകാരിയെ. ‘തള്ളിപ്പോകാതെ..., രാസാലി...’ തുടങ്ങിയ റഹ്മാന്റെ ഏറ്റവും പുതിയ ഹിറ്റുകൾ (അച്ചം എൻപത് മടമയെടാ) എഴുതിയിരിക്കുന്നതും മറ്റാരുമല്ല. 

ഒരുപാട് പ്രത്യേകതകളുള്ള ജീവിതമാണ് താമരയുടേത്. എക്കാലവും സ്വന്തം മനസ്സ് പറഞ്ഞതുപോലെ മാത്രമേ അവർ നടന്നിട്ടുള്ളൂ. ജയിൽപ്പുള്ളിയെ പ്രേമിച്ചു വിവാഹം കഴി‍ച്ചതും ഭർത്താവ് വീട്ടിലേക്കു മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടു നിരാഹാര സമരം ചെയ്തതുമടക്കം സംഭവബഹുലം. 

എൻജിനീയറായ താമര സ്വദേശമായ കോയമ്പത്തൂരിൽ ആറുവർഷം നല്ലനിലയില്‍ ജോലി ചെയ്തശേഷമാണ് പാട്ടെഴുത്തുകാരിയാവണം എന്ന മോഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറുന്നത്. സാധാരണ ഒരു പെണ്ണും ചെയ്യാന്‍ ധൈര്യപ്പെടാത്ത കര്‍മം. ചെന്നൈയിലെ ആദ്യകാലം ഒട്ടും സുഖകരമായിരുന്നില്ല. ഫ്രീലാൻസ് ജേണലിസ്റ്റ് ആയി കഷ്ടിച്ചു കഴിഞ്ഞുകൂടവേയാണ് സംവിധായകൻ സീമാനെ പരിചയപ്പെടുന്നത്. അദ്ദേഹം തന്റെ ‘ഇനിയവളേ’ (1998) എന്ന സിനിമയിൽ ‘തെൻട്രൽ എന്താൻ...’ എന്ന ഗാനത്തിലൂടെ സിനിമാമേഖലയിലേക്ക് പ്രവേശനം നൽകി. ആ വർഷം തന്നെ ‘ഉന്നിടത്തിൽ എന്നെ കൊടുത്തേൻ’ എന്ന ചിത്രത്തിൽ എഴുതിയ ‘മല്ലികപ്പൂവേ മല്ലികപ്പൂവേ...’ ശ്രദ്ധിക്കപ്പെട്ടെങ്കിലും അടുത്തെങ്ങും അവസരം കിട്ടിയില്ല. കമൽഹാസന്റെ ‘തെനാലി’യിൽ എഴുതിയ ‘ഇഞ്ചിറുങ്കോ ഇഞ്ചിറുങ്കോ’യ്ക്ക് 2000ലെ സംസ്ഥാന പുരസ്കാരം ലഭിച്ചതോടെയാണ് താമര മാധ്യമശ്രദ്ധ ആകർഷിക്കുന്നത്. തൊട്ടുപിന്നാലെ വന്ന ‘വസീഗര...’ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. പിന്നീട് ഹിറ്റുകളുടെ ഘോഷയാത്ര. താമര– സംഗീത സംവിധായകൻ ഹാരിസ് ജയരാജ്– സംവിധായകൻ ഗൗതം മേനോൻ കൂട്ടുകെട്ട് തമിഴിൽ തരംഗം തീർത്തു. കാക്ക കാക്ക, വേട്ടയാടു വിളൈയാട്, വാരണം ആയിരം, പച്ചൈക്കിളി മുത്തുച്ചരം.... തുടങ്ങിയ വ്യത്യസ്ത സിനിമകളും ഹിറ്റ് ഗാനങ്ങളും. എ.ആര്‍.റഹ്മാന് ശക്തമായ വെല്ലുവിളി ഉയര്‍ന്ന കാലം. 

ബോക്സ് ഓഫിസ് ഹിറ്റുകളായ ഗജിനി, സുബ്രഹ്മണ്യപുരം, മാട്രാൻ, വിണ്ണൈത്താണ്ടി വരുവായാ എന്നിവയിലും താമരയുടെ ഗാനങ്ങൾ വിജയമന്ത്രങ്ങളായപ്പോൾ കണ്ണദാസൻ, വാലി, വൈരമുത്തു തുടങ്ങിയ ഒന്നാം നിര എഴുത്തുകാരുടെ പരമ്പരയിലെ ഇളമുറക്കാരിയായി താമരയെ തമിഴ് സിനിമാലോകം അംഗീകരിച്ചു. ഇതിനിടെ സംസ്ഥാന അവാർഡിനു പുറമേ ഫിലിം ഫെയർ പുരസ്കാരങ്ങൾ, വിജയ് അവാർഡുകൾ ദേശീയ അംഗീകാരങ്ങൾ എന്നിവയും താമരയെ തേടി വന്നു. 

പലരുടെയും നെറ്റി ചുളിപ്പിക്കുന്ന രീതിയിൽ ചൂടൻ വരികളാണ് താമരയുടെ തൂലികയിൽ പിറന്നുവീണത്. 

‘ഒൻറാ, രണ്ടാ ആസൈകൾ 

എല്ലാം സൊല്ലവേ.... തുടങ്ങിയ പല വരികളും പശ്ചാത്തലമിട്ടതു ചൂടൻ രംഗങ്ങൾക്കുമാണ്. 

എന്നാൽ അതിലും തപ്തവും ദീപ്തവും നാടകീയവുമായിരുന്നു താമരയുടെ ജീവിതം. ജയിലിൽ കഴിഞ്ഞിരുന്ന നക്സലൈറ്റ് നേതാവ് തോഴർ ത്യാഗുവിന്റെ സംഭവബഹുലമായ ജീവിതകഥ 1990കളിൽ ഒരു തമിഴ്‌ വാരികയിൽ പ്രസിദ്ധീകരിച്ചുവന്നു. ഇതു വായിച്ച താമര ആ വിപ്ലവനേതാവിനു കത്തെഴുതുകയും ജയിലിൽ സന്ദർശിക്കുകയും ചെയ്തു. തോഴർ ത്യാഗുവിന്റെ സോഷ്യലിസ്റ്റ് വിപ്ലവചിന്തകളിൽ ആകൃഷ്ടയായ താമര ക്രമേണ ആ വ്യക്തിയുടെ ആരാധികയായി മാറി. ജയിൽമോചിതനായ ത്യാഗുവിനോട് താമര വിവാഹാഭ്യർഥന നടത്തി. ത്യാഗു ഒഴിഞ്ഞുമാറി. തന്റെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയും വലിയ പ്രായവ്യത്യാസവുമൊക്കെ അയാൾ നിരത്തിയെങ്കിലും പ്രണയത്തീയിൽ നീറിനിന്നിരുന്ന താമരയ്ക്ക് അതൊന്നും സ്വീകാര്യമായില്ല. ഒടുവിൽ അവർ വിവാഹിതരായി. ഒരു ആൺകുഞ്ഞും പിറന്നു. 

കമ്പം തീരുമ്പോൾ പെണ്ണ് പിന്തിരിയുമെന്നു വാരികകളുടെ ഗോസിപ്പ് കോളങ്ങൾ എഴുതിയെങ്കിലും അവരെയൊക്കെ അദ്ഭുതപ്പെടുത്തിക്കൊണ്ട് താമര ബന്ധത്തിൽ ഉറച്ചുനിന്നു. കാര്യങ്ങൾ മറിച്ചാണു സംഭവിച്ചത്. 2014 പകുതിയോടെ ത്യാഗു താമരയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. വിടാൻ ഭാവമില്ലായിരുന്നു അവർക്ക്. 

ഭർത്താവ് വീട്ടിലേക്കു മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സംഘടനയായ ‘തമിഴ് ദേശീയ വിടുതലൈ ഇയക്ക’ത്തിന്റെ ഓഫിസിനു മുന്നില്‍ 2015 മാര്‍ച്ചില്‍ കുഞ്ഞുമായി നിരാഹാരമിരുന്നു. തങ്ങളുടെ ദാമ്പത്യത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി സംഭവിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മിഷനെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദാമ്പത്യം സാധാരണനിലയിലേക്കു മടങ്ങിയില്ലെങ്കിലും തന്റെ സ്നേഹം വീണ്ടെടുക്കാനുള്ള ഈ ഭാര്യയുടെ സമരം തമിഴ്‌നാട്ടിലെങ്ങും ചര്‍ച്ചചെയ്യപ്പെട്ടു. 

അങ്ങനെ, തന്റെ ഹൃദയവികാരങ്ങളോടു താമര കാണിക്കുന്ന സത്യത്തിന്റെ ചൂടുമായി താരതമ്യം ചെയ്താല്‍ അവരുടെ പാട്ടുകളിലെ എരിവും പുളിയുമൊക്കെ എത്രയോ നിസ്സാരം. താമരയുടെ ഏറ്റവും നല്ല രചനകള്‍ വരാനിരിക്കുന്നതേയുള്ളൂ. ആ ജീവിതം നമ്മോടു പറയുന്നത് അതാണ്.

Your Rating: