തമിഴകത്തിന് പ്രണയം തുളുമ്പുന്ന ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഗാനരചയിതാവ് താമരൈക്കിപ്പോൾ ഭീഷണിയുടെ നാളുകളാണ്. തന്നെ ചിലർ ഫോണിൽ വിളിച്ച് ചിലർ അശ്ലീലം പറയുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി തമിഴ് ഗാനരചയിതാവ് താമരൈ പൊലീസിൽ പരാതി നൽകി. സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിലൂടെയും ചിലർ ശല്യം ചെയ്യുന്നുവെന്നും താമരൈ ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന താമരൈ തന്റെ ഭർത്താവും എഴുത്തുകാരനും തമിഴ് നാഷണൽ ലിബറേഷൻ മൂവ്മെന്റിന്റെ ജനറൽ സെക്രട്ടറിയുമായ ത്യാഗുവിനെതിരെ സമരം നടത്തിയിരുന്നു. ആറു മാസം മുമ്പ് തന്നെ വിട്ടുപോയ ത്യാഗു തന്റെ ചെലവിലാണ് ഇത്രയും കാലം കഴിഞ്ഞിരുന്നതെന്നും തനിക്കും മക്കൾക്കും ജീവനാംശം നൽകി മാപ്പു പറയണമെന്നും ത്യാഗുവിന്റെ ജീവിതത്തിലെ കഴിഞ്ഞ ഇരുപത് വർഷത്തിനിടെ സംഭവിച്ച കാര്യങ്ങൾ അന്വേഷിക്കാൻ ഒരു കമ്മറ്റിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ത്യാഗുവിന്റെ പാർട്ടി ഓഫീസിന് മുന്നിലായിരുന്നു താമരൈ നിരാഹാര സമരം നടത്തിയത്.
ഭർത്താവിനെതിരെ നടത്തിയ സമരത്തിന് ശേഷമാണ് ഇത്തരത്തിലൂള്ള ഫോൺവിളികളുണ്ടാകുന്നത്. അശ്ലീലം നിറഞ്ഞ ഫോൺവിളികൾ മാത്രമല്ല ഭീഷണിയുടെ സ്വരമുള്ള വിളികളുമുണ്ടെന്നും താമരൈ പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ചില ആളുകൾ തന്റെ വീട് നിരീക്ഷിക്കുന്നതായി സംശയമുണ്ടെന്നും അതുകൊണ്ട് തനിക്കും മകനും സംരക്ഷണം നൽകണമെന്നും താമരൈ പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.