കോട്ടയം ∙ ബാലഭാസ്കർ എന്ന പേരിനർഥം ‘ഉദയസൂര്യൻ’ എന്നാണ്. കാൽനൂറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയസംഗീതവേദികളിൽ വെളിച്ചം പകർന്നുനിന്ന ആ സൂര്യൻ അപ്രതീക്ഷിതമായി മാഞ്ഞുപോകുമ്പോൾ ഇരുട്ടിലാകുന്നത് ലക്ഷക്കണക്കിന് ആരാധകമനസ്സുകളാണ്. അപകടകാർമേഘത്തെ അതിജീവിച്ചെത്തി ഇനിയുമേറെക്കാലം പ്രകാശം ചൊരിയണേ എന്നു പ്രാർഥിച്ച കേരളത്തിനു ഇത് തോരാക്കണ്ണീർ.
എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ പൊതുവേദിയിലെത്തിയ ബാലപ്രതിഭ, എപ്പോഴും വയലിൻ നെഞ്ചോടണച്ചുപിടിച്ചു. രാജ്യാന്തര ശ്രദ്ധയിലേക്കെത്തിയ പ്രകടനങ്ങൾ, എണ്ണമറ്റ വേദികൾ... പതിനേഴാം വയസ്സിൽ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചുകൊണ്ടു ചലച്ചിത്രരംഗത്തേക്കും.
ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുംനേരം തന്നെ ശാസ്ത്രീയ സംഗീതക്കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കാനും ബാലഭാസ്കർ ശ്രദ്ധിച്ചു. ‘അതു രണ്ടും രണ്ടു തരത്തിലാണ്. ഫ്യൂഷനിൽ നിയമത്തിന്റെ വേലികളില്ല, സ്വാതന്ത്ര്യമുണ്ട്. എന്നാൽ സ്വാതന്ത്ര്യം കൂടുതലെടുത്തു കുളമാക്കിയാൽ കഴിഞ്ഞു. അതുകൊണ്ടു സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടുതന്നെ സംഗീതത്തിന്റെ അപാര അനുഭവം പങ്കുവയ്ക്കാനാണു ഞാൻ ശ്രമിക്കുക. എന്നാൽ ശാസ്ത്രീയ സംഗീത കച്ചേരികൾക്കു നിയതമായൊരു രൂപമുണ്ട്. അതിൽനിന്നു വ്യതിചലിക്കാൻ പാടില്ല. അതിന്റെ ഉള്ളിൽ നിൽക്കുമ്പോഴും ഞാൻ സന്തോഷിക്കുന്നു. രണ്ടിന്റെയും ഭംഗിയും ഞാൻ ആസ്വദിക്കുന്നു’- അദ്ദേഹത്തിന്റെ വാക്കുകൾ.
ഈണങ്ങളും മായാത്ത പുഞ്ചിരിയും
ബാലഭാസ്കറും വയലിനും ചേര്‍ന്നു നമ്മുടെ മനസ്സ് വായിക്കാന്‍ തുടങ്ങിയിട്ടു കാല്‍നൂറ്റാണ്ടിലേറെ കഴിയുന്നു. ഒടുവില്‍ നൊമ്പരപ്പെടുത്തി അകാലത്തില്‍ കടന്നുപോകുമ്പോള്‍ ഓര്‍മയാകുന്നതു മികച്ച ഈണങ്ങളും മായാത്ത പുഞ്ചിരിയും.എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തില്‍ തന്നെ വയലിന്‍ വായിച്ചു പൊതുവേദിയിലെത്തിയ ബാലപ്രതിഭ, ഒരുകാലത്തും അണയ്ക്കാന്‍ പറ്റാത്ത സംഗീതത്തിന്റെ തീപ്പൊരിയോടെ വയലിന്‍ നെഞ്ചോടണച്ചുപിടിച്ചു. ബാല്യവും കൗമാരവും പിന്നിട്ടു രാജ്യാന്തര ശ്രദ്ധ നേടിയ ബാലഭാസ്‌കര്‍, സംഗീതത്തിന്റെ തീരത്തുകൂടി നടക്കുകയല്ല, തിരയായിത്തീര്‍ന്നു സാഗരമാവുകയായിരുന്നു.
നിരന്തര സാധകം
എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്നിട്ടും എല്ലാ ദിവസവും സാധകം മുടക്കാത്ത ബാലഭാസ്‌കര്‍ കൂട്ടുകാര്‍ക്കു പോലും പിടികിട്ടാത്ത അദ്ഭുതമായിരുന്നു. എത്ര തിരക്കിലാണെങ്കിലും വയലിനുമായി ഒറ്റയ്ക്കിരിക്കുമ്പോള്‍, ബാലഭാസ്‌കര്‍, തന്റെ ഗുരുവും അമ്മാവനുമായ പ്രശ്‌സ്ത വയലിന്‍ വിദ്വാന്‍ ബി. ശശികുമാറിനു മുന്നില്‍ അച്ചടക്കത്തോടെയിരിക്കുന്ന പഴയ ആ ബാലനാവും. ഏതു ചെറിയ പരിപാടി ആയാല്‍പ്പോലും റിഹേഴ്‌സല്‍ നിര്‍ബന്ധം. 'ഞാന്‍ എന്നെത്തന്നെ അളക്കുന്ന ഒരാളാണ്, ഇന്നലത്തെ എന്നെക്കാളും ഇന്നു ഞാന്‍ എങ്ങനെയാവണം, നന്നാവണം എന്ന ചിന്തയില്‍ ഓരോ ദിവസവും എന്നോടു മല്‍സരിക്കുകയാണു ഞാന്‍. ഇന്നലത്തേതു മോശമാണ് എന്ന അര്‍ഥത്തില്‍ ഇന്ന് എങ്ങനെ കൂടുതല്‍ നന്നാക്കാമെന്ന ചിന്തയാണ് എനിക്ക്. അതുകൊണ്ടുതന്നെ നിരന്തര സാധകം പതിവാണ്. വാശിയെന്നോ ഭയമെന്നോ എന്തു വേണമെങ്കിലും അതിനെ വിളിക്കാം. അത് എന്തായാലും എന്നെ ഉത്തേജിപ്പിക്കുന്നുണ്ട് എന്നതാണു സത്യം.'' ബാലഭാസ്‌കര്‍ ഒരിക്കൽ പറഞ്ഞു.
സംഗീതത്തിന്റെ അനുഭവം
പതിനേഴാം വയസ്സില്‍ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിര്‍വഹിച്ചുകൊണ്ടാണു ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്. രണ്ടാമത്തെ സിനിമ ‘കണ്ണാടിക്കടവത്ത്’. തനിക്കു പറ്റിയ രംഗമല്ലിതെന്നു തിരിച്ചറിഞ്ഞതോടെ പതിയെ പിന്മാറി. പത്തു വര്‍ഷത്തിനു ശേഷം ‘മോക്ഷം’ എന്ന സിനിമയ്ക്കായി വ്യത്യസ്തമായ ഈണമൊരുക്കി.
തുടര്‍ന്ന് ആസ്വാദകരെ കീഴടക്കിയ നൂറുകണക്കിന് ആല്‍ബങ്ങളും സംഗീതപരിപാടികളും. ദ് ബിഗ് ബാന്‍ഡുമായി ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ ഒരുക്കി സംഗീതപ്രേമികളുടെ ഹൃദയതാളത്തില്‍ ബാലഭാസ്‌കര്‍ അലിഞ്ഞു ചേര്‍ന്നു. ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുംനേരം തന്നെ ശാസ്ത്രീയസംഗീത കച്ചേരികളില്‍ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരുന്നു.
ഒടുവിൽ ലക്ഷ്മി തനിച്ചായി
ബാലയും ജാനിയും യാത്രയായി, ലക്ഷ്മി തനിച്ചായി. കാത്തിരുന്നുണ്ടായ മകൾക്കായുള്ള വഴിപാടുകൾ നടത്തി മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽപെട്ടത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കവേ സുഹൃത്തുക്കളായ ബാലഭാസ്കറും ലക്ഷ്മിയും 2000 ഡിസംബർ 16ന് ആണു വിവാഹിതരായത്. മകൾ തേജസ്വിനിയെ അച്ഛൻ ഓമനിച്ചുവിളിച്ചു, ജാനി. അവൾ ജീവിതത്തിലേക്കു വന്നശേഷം കിട്ടുന്ന സമയത്തെല്ലാം മകൾക്കൊപ്പമായിരുന്നു ബാലഭാസ്കർ. അവസാനനിമിഷവും ജാനി അച്ഛന്റെ മടിയിലായിരുന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ കുഞ്ഞിൽ തുടിപ്പു ശേഷിച്ചിരുന്നു. മകളെ നഷ്ടമായത് അറിയാതെയാണ് ബാലഭാസ്കർ യാത്രയായത്. മകളും പ്രിയതമനും യാത്രയായത് അറിയാതെ ലക്ഷ്മി ആശുപത്രിയിൽ കഴിയുന്നു.