ഒരിക്കൽ സംഗീതം ഉപേക്ഷിക്കുകയാണെന്നു വെളിപ്പെടുത്തി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു കേരളത്തെ ഞെട്ടിച്ചിരുന്നു ബാലഭാസ്കർ. താൻ സംഗീത ജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്ന പ്രഖ്യാപനം. ഏറ്റവുമടുത്ത ഒരു സുഹൃത്തിൽ നിന്നും നേരിട്ട വഞ്ചനയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ അന്ന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ബാലഭാസ്കറിന്‍റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും വ്യക്തമാക്കുന്നതായിരുന്നു ആ സംഭവം.
‘ജീവിതത്തിൽ എല്ലാവർക്കും മനഃസാക്ഷി സൂക്ഷിപ്പുകാർ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയ സുഹൃത്ത്. ഞാൻ അയാളുമായി സ്വപ്നങ്ങൾ പങ്കിട്ടു. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾ എടുത്തതും സുഹൃത്തുക്കളോട് ആലോചിച്ചാണ്. ഒരു ഘട്ടത്തിൽ അടുത്ത സുഹൃത്തിൽനിന്നു വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി. എനിക്കു സ്റ്റേജിൽ നിൽക്കാൻ കഴിയുന്നില്ല. സത്യസന്ധമായ സംഗീതം എന്നിൽ നിന്നു പുറത്തുവന്നില്ല. അത് എന്നോടും എന്നെ സ്നേഹിക്കുന്നവരോടും ചെയ്യുന്ന ചതിയാണ്. ഇതായിരുന്നു ബാലഭാസ്കറിന്റെ വാക്കുകൾ.
അന്നത്തെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായതോടെ സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ഇൗ തീരുമാനത്തിൽ നിന്നും പിൻമാറണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു. കേരളം നൽകുന്ന സ്നേഹത്തിനു മുന്നിൽ അദ്ദേഹം തലകുനിച്ചു. പിന്നീട് തന്റെ തീരുമാനത്തിൽ നിന്നും പിൻമാറുന്നതായി സൂചിപ്പിച്ച് അദ്ദേഹം വേറൊരു കുറിപ്പിട്ടിരുന്നു. എന്നാൽ ഇന്ന് ആ സ്നേഹം ശരിക്കും തിരിച്ചറിഞ്ഞെങ്കിലും മലയാളത്തിന്റെ പ്രിയ ബാലുവിന് തിരിച്ചുവരാനാവില്ലല്ലോ എന്ന് ഓർക്കുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ.