കൊച്ചിയിലെ എളമക്കരയിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരൻ. പള്ളി ക്വയറിന്റെ അവസാന വരിയിൽ സ്ഥലം പിടിച്ചിരുന്ന, സിനിമയിൽ ഗായകനും സംഗീത സംവിധായകനുമൊക്കെ ആകണമെന്ന സ്വപ്നം കണ്ടിരുന്ന ഒരു പയ്യൻ. ഏ.ആർ. റഹ്മാനെയായിരുന്നു കൂടുതൽ ഇഷ്ടം. ഓസ്കറിൽ റഹ്‌മാൻ മുത്തമിട്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ ജിബിൻ ജോർജ് സെബാസ്റ്റ്യനെ സാക്ഷാൽ റഹ്‌മാനും പോലും ലഭിക്കാത്ത ഭാഗ്യമാണ് തേടിയെത്തിയത്. സിനിമയിലെ സംഗീത സംവിധായകനായി ഹോളിവുഡിൽ അരങ്ങേറുക എന്ന സ്വപ്ന നേട്ടത്തിന്റെ സന്തോഷത്തിലാണ് ഇദ്ദേഹമിപ്പോൾ.
ഏപ്രിൽ 28 ന് റിലീസ് ചെയ്യുന്ന 'അൺബ്രൈഡൽഡ്' എന്ന ചിത്രത്തിനു വേണ്ടിയാണ് ജിബിൻ സംഗീതം ഒരുക്കിയിരിക്കുന്നത്. ജോൺ ഡേവിഡ് വെയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡേവിഡ് ഹാർഡി എഴുതിയ 'Some times I can't releate എന്ന ഗാനത്തിനാണ് ജിബിൻ സംഗീതം നൽകിയിരിക്കുന്നത്. സ്വപ്നഗായിക ആദി നിക്കോളിനെ കൊണ്ട് തന്നെ തന്റെ ആദ്യ ഗാനം പാടിപ്പിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ജിബിൻ.
അബ്ദുൽ കലാമിന്റെ പാട്ടും സുഹൃത്തും
2013 ലാണ് ജിബിൻ ബീറ്റ് ഓഫ് ഇന്ത്യൻ യൂത്ത് എന്ന സംഗീത ആൽബം ചെയ്യുന്നത്. ഇല്ക്ട്രോണിക്സ് എൻജിനിയിറിങ് ബിരുദം നേടിയതിനു ശേഷം രണ്ടു വർഷം ജോലി ചെയ്തതിനു ശേഷം രാജിവെച്ചു സംഗീതത്തിൽ സജീവമാകുമ്പോഴായിരുന്നു സുഹൃത്തുക്കളുമൊത്ത് ആൽബം ചെയ്യാൻ തീരുമാനിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിലായി പതിമൂന്ന് ഗാനങ്ങൾ ആ ആൽബത്തിൽ ഉൾപ്പെടുത്തിയിരുന്നു. പാട്ട് എഴുതുന്നതും പാടുന്നതും സംഗീതം നൽകുന്നതുമെല്ലാം പുതുമുഖങ്ങൾ. സംഗീത സംവിധായകരായി ആറു പേരുണ്ടായിരുന്നു. ജിബിനായിരുന്നു ആൽബത്തിന്റെ കോർഡിനേറ്റർ. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ പാട്ടായാലോ ആൽബത്തിൽ എന്നൊരു ആശയം ജിബിൻ വച്ചെങ്കിലും നടക്കാത്ത സ്വപ്നമെന്നായിരുന്നു സുഹൃത്തുക്കളുടെ മറുപടി. കലാമിന് അയച്ച മെയിലിന് മറുപടി വന്നു. അദ്ദേഹത്തിന്റെ രണ്ടു കവിതകൾ ആൽബത്തിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചു.I Climbed, And climbed, where is peak my lord, എന്ന് തുടങ്ങുന്ന കലാമിന്റെ വരികൾക്ക് സുഹൃത്ത് കൃഷ്ണരാജാണ് ഈണമിട്ടത്. തമിഴ് ഗാന രചയിതാവ് ഹാരേഷ് എഴുതി ജിബിൻ ഈണമിട്ട ഇതേ ആൽബത്തിലെ വാ വാ ജയിക്കലാം എന്ന ഗാനത്തിന് 2013–ലെ ഓൾ ഇന്ത്യ ഫെയിം മ്യൂസിക് അവാർഡ് ലഭിച്ചു. സുഹൃത്തായ കൃഷ്ണരാജാണ് തന്റെ എല്ലാ നേട്ടങ്ങൾക്കും പുറകിലെന്ന് ജിബിൻ പറയുന്നു.
ആം ആദ്മിയുടെ തീം സോങിന് സംഗീതം
ആം ആദ്മിയുടെ തീം സോങിന് സംഗീതം നൽകിയിട്ടുണ്ട് ജിബിൻ. സജീവ് സാരഥി എഴുതിയ വരികൾക്ക് ജിബിൻ ഈണം നൽകി. കൃഷ്ണ, വിഷ്ണു.സി. സലിം എന്നിവര്‍ ചേർന്ന് ആലപിച്ച ഗാനം ആം ആദ്മി തങ്ങളുടെ എല്ലാ പ്രചാരണ പരിപാടികൾക്കും ഉപയോഗിച്ചു വരുന്നു.
പാട്ടും പാടി ഹോളിവുഡിലേയ്ക്ക്
മലയാള സിനിമയിൽ സംഗീത സംവിധാനം നിർവഹിക്കണമെന്ന് ആഗ്രഹിച്ചയാൾക്ക് ഹോളിവുഡിൽ അരങ്ങേറാൻ അവസരം. സ്വപ്നം കാണാൻ പോലുമാകാത്ത അവസരം എത്തിയത് തികച്ചും അപ്രതീക്ഷിതമായി. 20 ഡിബി പ്രൊഡക്ഷൻ എന്ന പേരിൽ കൊച്ചിയിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്നുണ്ടായിരുന്നു ജിബിൻ. അൺബ്രൈഡൽഡലിന്റെ നിർമ്മാതാക്കളായ ജെറി മക്ഗ്ലോത്തിൻ, ക്രിസ്റ്റി മക്ഗ്ലോത്തിൻ എന്നിവരുമായുള്ള ബിസിനസ് ബന്ധമാണ് സിനിമയിലേയ്ക്ക് വഴി തുറന്നത്. എ ലോങ് വേ ഓഫ് എന്ന ചിത്രം ഇവർ മുൻപ് നിർമ്മിച്ചിരുന്നു. താൻ ഒരു സംഗീത സംവിധായകനാണ് എന്നറിഞ്ഞതോടെ തന്റെ ഗാനങ്ങൾ അയക്കാൻ ആവശ്യപ്പെടുകയും ഗാനങ്ങൾ ഇഷ്ടപ്പെട്ടതോടെ അൺബ്രൈഡൽഡിലിലെ ഏകഗാനത്തിന് സംഗീതം നിർവഹിക്കാൻ തന്നെ ക്ഷണിക്കുകയുമായിരുന്നുവെന്ന് ജിബിൻ പറയുന്നു.
ജൂലിയ റോബർട്സിന്റെ സഹോദരനും ഓസ്കാർ നോമിനേഷൻ ലഭിച്ച നടനുമായ എറിക് റോബർട്സാണ് സിനിമയിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത് .കുതിരകളും മനുഷ്യരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് അൺബ്രിഡിൽഡ് പറയുന്നത് . ഇന്ത്യയിൽ നിന്ന് ഹോളിവുഡിൽ സംഗീതം ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ളത് വളരെ ചുരുക്കം പേർക്കാണ്.
ദൈവം നടത്തുന്ന വഴികൾ
കൊച്ചി എളമക്കര കാട്ടുനിലത്ത് കെ.ജി ജോർജിന്റെയും ബ്രിജിറ്റയുടെയും മകനായ ജിബിൻ സംഗീത ലോകത്ത് എത്തിയതിന്റെ പിന്നിൽ ദൈവത്തിന്റെ അദൃശ്യ കരങ്ങളാണെന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങൾ ജിബിന്റേതായിട്ടുണ്ട്. ദൈവം നടത്തുന്ന വഴികൾ എന്ന ക്രിസ്തീയ ഗാനത്തിന് ഈണമിട്ടുണ്ട് ജിബിൻ. ആ വരികൾ സത്യമാകുന്നുവെന്ന് ജിബിൻ പറയുന്നു. 'Some times I can't relate, Trouble just seems so great' എന്ന അൺബ്രിഡിലിന്റെ ഗാനത്തിന്റെ ആഴവും പരപ്പും അനുഭവിക്കുകയാണ് ജിബിൻ. ഭാര്യ അനുജാ മേരി തോമസിനൊപ്പം കൊച്ചിയിലാണ് ജിബിന്റെ താമസം.