Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിന്റെ 'പാട്ടുകാരൻ' പ്രോഡക്ട് ഡിസൈനർ

hareesh-sivarama-krishnan

വാക്കുകൾക്കതീതമായൊരു ആസ്വാദന അനുഭൂതി ഓരോ കേൾവിക്കാരനും സമ്മാനിച്ചുകൊണ്ടാണ് പാട്ടിന്റെ പുതിയ തട്ടകങ്ങളിലേക്ക് ഹരീഷ് ശിവരാമകൃഷ്ണൻ എന്ന ഗായകന്റെയും ചങ്ങാതിമാർക്കൊപ്പം കൂട്ടിയ അഹം എന്ന സംഗീത സംഘത്തിന്റെയും യാത്ര. അധികം സിനിമകളിലൊന്നും പാടിയിട്ടില്ല, സിനിമ താരങ്ങൾ അണിനിരക്കുന്ന വമ്പൻ സ്റ്റേജ് ഷോകളിലും സജീവമല്ല. പക്ഷേ ഈ പാട്ടുകാരനെ ഇഷ്ടമാണൊരുപാട്... കടലിലേക്കു െപയ്യുന്ന മഴ കണ്ടിരിക്കുന്നത്രയും ഇഷ്ടം. ഗൂഗിളിന്റെ പ്രോഡക്ട് ഡിസൈൻ ടീമിന്റെ തലവൻ എന്ന ടെക്കി ജോലിക്കിടയിൽ നിന്ന് പാട്ടിനൊപ്പം യാത്ര ചെയ്യുന്ന ഹരീഷിനൊപ്പം....

നാലാം വയസിൽ തുടങ്ങിയ പാട്ടു പഠനം...

അച്ഛനും അമ്മയുമായിരുന്നു എന്റെ പാട്ടിനെ തിരിച്ചറിഞ്ഞത്. നാലാം വയസു മുതൽ സംഗീതം പഠിച്ചു തുടങ്ങി. 24ാം വയസു വരെ അതു തുടർന്നു. ഇപ്പോഴും പ്രാക്ടീസ് മുടക്കാറില്ല. എന്റെ താൽപര്യമൊന്നുമായിരുന്നില്ല. അച്ഛനും അമ്മയ്ക്കും പാട്ട് ഒത്തിരി ഇഷ്ടമായിരുന്നു. ഇപ്പോഴുമതേ. 

അച്ഛനാണോ ഏറ്റവും വലിയ വിമർശകനും ആസ്വാദകനും. ഹരീഷിന്റെ എല്ലാ സ്റ്റേജിലും അച്ഛനുമുണ്ടാകുമല്ലോ?

അച്ഛൻ എന്റെ വിമർശകനൊന്നുമല്ല. എന്റെ സംഗീതത്തിന്റെ വലിയ ആരാധകനാണ്. ഞാൻ ഒത്തിരി പാടണമെന്നും നല്ല കാര്യങ്ങൾ ചെയ്യണമെന്നുമൊക്കെ ആഗ്രഹമുള്ളയാൾ. ഒരിക്കലും വിമർശിച്ചിട്ടില്ല. സംഗീതത്തിലും ജീവിത്തിലും ഞാൻ ഒത്തിരി ആസ്വദിച്ച് കുറേ കാര്യങ്ങൾ ചെയ്യണമെന്നു ചിന്തിക്കുന്നയാൾ. അച്ഛൻ എസ്ബിഐയിൽ നിന്നാണ് വിരമിച്ചത്. അദ്ദേഹത്തിനും സംഗീതം വശമുണ്ട്. 

ഞാൻ എന്നു സംഗീതം പഠിച്ചു തുടങ്ങിയോ അന്നു തൊട്ടേ എല്ലാ വേദികളിലും അച്ഛനുണ്ട്. എനിക്കിപ്പോൾ 37 വയസായി. നാലു വയസുമുതൽക്കേ എന്റെ സംഗീത മത്സരങ്ങൾക്കും പരിപാടികൾക്കും വേണ്ടി വരുന്നത് അച്ഛനാണ്. രാപകൽ അതിനു വേണ്ടി നിൽക്കാൻ ഒരു മടിയുമില്ല. ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. സംഗീതത്തിൽ എന്തെങ്കിലുമാകാൻ കഴിഞ്ഞാൽ അത് അച്ഛന്റെയും കൂടി അധ്വാനത്തിന്റെ ഫലമാണ്. 

ഗൂഗിളിലെ ജോലി...ബാൻഡ് ഫാമിലി ഇതെല്ലാം എങ്ങനെ കൊണ്ടുപോകുന്നു...

അടുത്തിടെയാണ് ഗൂഗിളിൽ ജോലിയിൽ കയറിയത്. ഇവിടെ അധികം ആർക്കും അറിയില്ല ഞാൻ പാടുമെന്ന്. അറിഞ്ഞു വരുന്നേയുള്ളൂ. പിന്നെ ജോലിയും ബാൻഡും ഒരുമിച്ചു കൊണ്ടു നടക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. കുറേ സമ്മർദ്ദമുണ്ട്. സമയം പോലെ ചെയ്യും എല്ലാം. ചിലപ്പോൾ നമുക്ക് ജോലിത്തിരക്കു കാരണം ഷോകളൊക്കെ മാറ്റിവയ്ക്കേണ്ടി വരും. അന്നേരം അതു ചെയ്യും. കുടുംബ കാര്യങ്ങളും അങ്ങനെ തന്നെ. ചില ദിവസം പ്രാക്ടീസ് ചെയ്യാൻ സമയം കിട്ടാറില്ല. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് ആണ്. 

സിനിമയിൽ പാടാൻ അധികം അവസരം കിട്ടിയിട്ടില്ലല്ലോ?

ആകെ അഞ്ചു ഗാനങ്ങളേ സിനിമയിൽ പാടിയിട്ടുളളൂ. അതിൽ വിഷമമൊന്നുമില്ല. സമയത്തിൽ വിശ്വസിക്കുന്നൊരാളാണ്. സമയമാകുമ്പോൾ എല്ലാം ശരിയാകും എന്നു വിചാരിക്കുന്നു. എന്റെ സംഗീത ജീവിതം നന്നായി ആസ്വദിക്കുന്നൊരാളാണ്. ഒരു സിനിമ ഗാനം ഒത്തുവരുന്നതിൽ ഒരുപാട് ഘടകങ്ങളുണ്ട്. നമ്മൾ ശബ്ദത്തിന്റെ രീതി, സിനിമയുടെ പ്രമേയം എല്ലാം. എന്റെ സ്വരം ഒരു 20-25 വയസുള്ള ചോക്ലേറ്റ് നായകനു ചേരും എന്നെനിക്കു തോന്നുന്നില്ല. 

കളർ താടിയും മുടിയും ...ഈ ലുക്ക് എങ്ങനെ കണ്ടെത്തി? സംഗീത പരിപാടിയ്ക്കൊരു ലഹരിയായിട്ടാണോ?

ഒരിക്കലുമല്ല. പലരും മുടി വളർത്തി നടക്കുന്നതു കണ്ടപ്പോൾ ഒരു കൊതിയ്ക്കു ചെയ്തതാണ്. കോപ്പിയടിച്ചതാണെന്നു പറയാം...ഏഴു വർഷത്തോളമായി മുടി വെട്ടിയിട്ട്...കുറേ പേർ ചോദിക്കും ഇതെന്തു കോലമാണെന്ന്. പക്ഷേ പോസിറ്റിവ് ആയിട്ട് പറയുന്നവരാണ് അധികവും. അതുകൊണ്ട് ഇങ്ങനെ നടക്കുന്നു.

സ്വപ്നം?

വിദ്യാസാഗർ സാറിന്റെ ഒരു ഗാനം പാടണം. ഹമ്മിങ് പാടാൻ വിളിച്ചാൽ പോലും ചെല്ലും. അത്രയ്ക്കിഷ്ടമാണ്. ദിവസം അദ്ദേഹത്തിന്റെ ഒരു ഇരുപത് ഗാനമെങ്കിലും കേൾക്കും. 

പിന്നെ ശ്രേയ ഘോഷാലിനൊപ്പം ഒരു മ്യൂസികൽ വർക് ചെയ്യണമെന്നുണ്ട്. എനിക്കൊരുപാടിഷ്ടമാണ് ആ സ്വരം. ആ ഇഷ്ടം കൊണ്ടാണ് മകൾക്കു ശ്രേയ എന്നു പേരിട്ടതു പോലും.