പല നിറങ്ങളിലായി പൂത്തുലഞ്ഞ് വിടര്‍ന്നു പുഞ്ചിരിച്ച് മാഞ്ഞുപോകുന്നു വസന്തകാലം. പിന്നീട് ജീവിച്ചിരിക്കുന്ന കാലത്തോളം ആ വസന്തത്തില്‍ നിന്നു വിരിഞ്ഞ ഓര്‍മകള്‍ ഗന്ധമായും കാഴ്ചകളായും നിറംപകര്‍ന്നു കൊണ്ടേയിരിക്കും നമുക്ക്. ബാല്യമായും കൗമാരമായും പാട്ടുകളായും ചലച്ചിത്രങ്ങളായും എഴുത്തുകളായും കലാലയങ്ങളായും പല ഭാവത്തില്‍ ആ വസന്തം ഓരോ ജീവനിലും വന്നുപോയിട്ടുണ്ട്. അങ്ങനെ നമ്മള്‍ മലയാളികളുടെ ജീവിതത്തിലേക്ക് പാട്ടുരൂപത്തില്‍ വന്നൊരു വസന്തമാണ് എസ്.പി വെങ്കിടേഷ്. സലില്‍ ചൗധരിയെയും ബോംബെ രവിയെയും പോലെ അന്യനാട്ടില്‍ നിന്നു വന്ന് കാവ്യാത്മക സൗന്ദര്യവും ഭാവതീക്ഷ്ണതയുമുണ്ടായിരുന്ന ഒരുപിടി വരികള്‍ക്ക് ഈണമിട്ട പ്രതിഭാധനന്‍. സിനിമയിലെ ഗാനങ്ങള്‍ സാഹിത്യവും സംഗീതവും ഒരുപോലെ മനോഹരമായി ഇഴചേര്‍ന്നതായിരിക്കണം എന്നു ശഠിച്ച, അങ്ങനെയുള്ള പാട്ടുകളോട് അടങ്ങാത്ത ആവേശമുണ്ടായിരുന്ന സംവിധായകരുടെയും നിര്‍മാതാക്കളുടെയും കാലത്തെ സംഗീത സംവിധായകന്‍. ഓര്‍ക്കാറില്ലേ എസ്പി വെങ്കിടേഷിനെ കുറിച്ച് ? എവിടെയാണ് അദ്ദേഹം എന്നു ചിന്തിച്ചിട്ടില്ല ? എന്തേ മലയാളത്തിലിപ്പോള്‍ അദ്ദേഹം ഒരുപാട്ടും ചെയ്യുന്നില്ല എന്ന് ചിന്തിച്ചിട്ടില്ലേ ?
എവിടെയാണ് എസ്.പി വെങ്കിടേഷ് എന്നു ചോദിച്ചാല്‍ ഉത്തരം എത്തി നില്‍ക്കുക മലയാള സിനിമയുടെ തറവാടായ കോടമ്പാക്കത്താണ്. തമിഴ്, ബംഗാളി, മറാഠി ഭാഷകളിലെ ചിത്രങ്ങള്‍ക്ക് ഈണമിടുന്ന തിരക്കിലാണിപ്പോള്‍. മലയാളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ എന്നമാ... എന്നു ചോദിച്ച് എസ്.പി വെങ്കിടേഷ് സംസാരിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ പാട്ടുകള്‍ പോലെ മനസ്സുതൊടുന്ന സംസാരം.
എങ്ങനെയായിരുന്നു സിനിമയിലേക്ക് വന്നതെന്ന് എസ്.പി. വെങ്കിടേഷിനോടു ചോദിക്കുന്നതില്‍ പ്രസക്തിയില്ല. അച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയതായിരുന്നു സംഗീതം. അച്ഛന്റെ മാന്‍ഡലിന്‍ മകന്റെയും ജീവനും ശ്വാസവുമായി. മൂന്ന് വയസ്സു മുതല്‍ക്കേ ജീവിതം അതിനൊപ്പമായിരുന്നു. ഇത്ര മനോഹരമായി മാന്‍ഡലിന്‍ വായിക്കുന്നയാളിനെ എങ്ങനെയാണു സിനിമയ്ക്കു കണ്ടില്ലെന്നു നടിക്കാനാകുക. അധികം വൈകാതെ ഗിത്താറും ബാഞ്ചോയും പഠിച്ചെടുത്തു. 1968 മുതല്‍ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു. ഓര്‍ക്കസ്ട്രേഷനിലുള്ള അപാരമായ മികവ് അങ്ങനെ നേടിയെടുത്തതാണ്. 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്, ഗിത്താര്‍ വായിച്ചുകൊണ്ട്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തില്‍. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. അതിനു മുന്‍പേ മലയാളവുമായി വെങ്കിടേഷിന് അടുപ്പമുണ്ടായിരുന്നു. കണ്ണൂര്‍ രാജന്‍, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്, അര്‍ജുനന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, രാഘവന്‍ മാസ്റ്റര്‍ എന്നിവരുടെയൊക്കെ ഒപ്പം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു അദ്ദേഹം. മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായുമൊക്കെ ഓര്‍ക്കസ്ട്രേഷനില്‍ അദ്ദേഹം ഇവര്‍ക്കൊപ്പം പങ്കാളിയായിട്ടുണ്ടായിരുന്നു.
സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് പശ്ചാത്തല സംഗീതമൊരുക്കി അദ്ദേഹം. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കിടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും മലയാളത്തിനെ അത്രമേല്‍ ത്രസിപ്പിച്ചു. തൊണ്ണൂറുകളോടെ എസ്.പി വെങ്കിടേഷ് മലയാളത്തില്‍ നിറഞ്ഞു. സൂപ്പര്‍ ഹിറ്റല്ലാത്ത അദ്ദേഹത്തിന്റെ സിനിമ ഗാനങ്ങള്‍ കുറവ്. സംഗീതവും സാഹിത്യവും അതിമനോഹരമായി, അര്‍ഥപൂര്‍ണമായി സമന്വയിക്കുകയും അതേസമയം ജനകീയമാകുകയും ചെയ്യുകയെന്ന അപൂര്‍വ്വതയായിരുന്നു എസ്.പി വെങ്കിടേഷിനുണ്ടായിരുന്നത്. സിനിമകളുടെ പ്രചരണത്തിനു വേണ്ടി മാത്രമാകരുത് പാട്ടുകളെന്നും, അത് എക്കാലവും കേള്‍വിക്കാരന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാവണം എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നു.
രാജാവിന്റെ മകന്‍, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്‍മാര്‍, വ്യൂഹം, കുട്ടേട്ടന്‍, അപ്പു(പശ്ചാത്തല സംഗീതം), മഹായാനം(പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ ത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം അങ്ങനെ എത്രയെത്ര ഹിറ്റുകള്‍. രാത്രിയുടെ സ്വാതന്ത്ര്യത്തില്‍ വിരിഞ്ഞ ശാന്തമീ രാത്രിയില്‍... മന്നാഡിയാരുടെ പ്രണയ തീക്ഷ്ണത പറഞ്ഞ തളിര്‍വെറ്റിലയുണ്ടോ... വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും വീര്‍പ്പുമുട്ടലുകള്‍ ഇഴചേര്‍ന്ന പൈതൃകത്തിലെ, വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍, പ്രണയത്തിന്റെ അഴകില്‍ വിരിഞ്ഞ മിന്നാരത്തിലെ ഗാനങ്ങള്‍, കിലുക്കത്തിലെ കുസൃതിപ്പാട്ടുകള്‍, കെ.എസ് ചിത്രയുടെ അന്നോളം കേട്ടിട്ടില്ലാത്തൊരു ആലാപന ശൈലി അവതരിപ്പിച്ച സ്ഫടികത്തിലെ ഗാനങ്ങള്‍, സ്നേഹം മാത്രം മനസ്സിലുള്ള ചേട്ടന്റെ കഥ പറഞ്ഞ വാല്‍സല്യത്തിലെ ഗാനങ്ങള്‍, ശാസ്ത്രീയ സംഗീതത്തിന്റെ ഭംഗിയറിയിച്ച സോപാനത്തിലെ ഗാനങ്ങള്‍, ബാഗി ജീന്‍സും ഷൂസുമണിഞ്ഞ പെണ്ണിനെ കുറിച്ചു പാടിയ സൈന്യത്തിലെ പാട്ടുകള്‍...അങ്ങനെ എത്രയെത്ര ഗാനങ്ങള്‍. മലയാളികളല്ലാത്ത ഒരുപാട് സംഗീത സംവിധായകര്‍ മലയാളത്തിന് അവിസ്മരണീയമായ ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും ഇത്രയേറെ വ്യത്യസ്തമായ ഗാനങ്ങള്‍ മലയാളത്തില്‍ തീര്‍ക്കാനായിട്ടില്ലെന്നതാണു എസ്.പി വെങ്കിടേഷിനെ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നത്.
ഇത്രയധികം ഹിറ്റുകള്‍ ചെയ്തൊരാളിന് എങ്ങനെ ഇത്ര വലിയൊരു ഇടവേള മലയാളത്തില്‍ വന്നുവെന്നു ചോദിച്ചാല്‍ എസ്.പി വെങ്കിടേഷിന്റെ ഉത്തരം ഇതാണ്. 'പുതിയ ആളുകള്‍ വന്നില്ലേ. അപ്പോള്‍ സ്വാഭാവികമായും പഴയ ആളുകള്‍ പിന്നിലേക്കാകും. അതു നല്ലതു തന്നെയാണ്. പുതിയ സംഗീതം കേള്‍ക്കാമല്ലോ. ആളുകള്‍ക്കും അതൊരു പുതിയ അനുഭവമാകും. ഇടവേള സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതില്‍ പരാതിയോ ദു:ഖമോ ഒന്നുമില്ല. ദൈവം സഹായിച്ച് വേറെയും ഭാഷകളിലെ പാട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ഈണമിടാനായി. മലയാളത്തില്‍ ഇടവേള വന്നെങ്കിലും കരിയറില്‍ അങ്ങനെയൊന്നു സംഭവിച്ചില്ല. എങ്കിലും മലയാളം അന്നുമിന്നും ഏറ്റവും പ്രിയപ്പെട്ടൊരിടമാണ്. മന:പൂര്‍വം അവിടെ നിന്നുള്ള അവസരങ്ങളൊന്നും വേണ്ടെന്നു വച്ചിട്ടില്ല. ഇന്ന് ഏതെങ്കിലും സംവിധായകര്‍ വിളിച്ച് നാളെ ഈണമിടാന്‍ വരണമെന്നു പറഞ്ഞാല്‍ പോലും ഓടിയെത്തും. എത്രയോ വര്‍ഷങ്ങള്‍ മലയാളത്തില്‍ നിന്നു. അന്നത്തെ എല്ലാ ഹിറ്റ് സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനായി. സംവിധായകരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും ഗാനരചയിതാക്കളില്‍ നിന്നും ഗായകരില്‍ നിന്നും നല്ല ഓര്‍മകള്‍ മാത്രമേയുള്ളൂ. അത്രയും സ്‌നേഹവും സഹകരണവുമായിരുന്നു അവര്‍ നല്‍കിയത്. നല്ല ഓര്‍മകള്‍ മാത്രം സമ്മാനിച്ചവര്‍.'
'ഫെയ്സ്ബുക്കില്‍ മലയാളികള്‍ എന്നെ കുറിച്ച് എഴുതുന്നതൊക്കെ ഇവിടത്തെ മലയാളികളായ സഹപ്രവര്‍ത്തകര്‍ കാണിച്ചു തരാറുണ്ട്. എന്നെ കുറിച്ച് അവര്‍ തിരക്കുന്നുവെന്നറിയുന്നതു തന്നെ വലിയ സന്തോഷം. മലയാളത്തില്‍ എത്രയോ നല്ല പുതിയ സംഗീത സംവിധായകര്‍ വന്നു, എത്രയധികം പാട്ടുകള്‍ വന്നു. എന്നിട്ടും വര്‍ഷങ്ങള്‍ക്കിപ്പുറം എസ്.പി വെങ്കിടേഷിനെ തേടി നിങ്ങള്‍ വന്നില്ലേ. അതാണ് ഏറ്റവും വലിയ സന്തോഷവും പുരസ്‌കാരവും അതിനുമപ്പുറം ഒന്നും തന്നെയില്ല. അവഗണിച്ചെന്നോ അര്‍ഹമായ പരിഗണന തന്നില്ലെന്നോ ഉള്ള പരാതികളൊന്നുമില്ല. തമിഴ്നാട്ടില്‍ നിന്നു വന്ന ഒരു സംഗീത സംവിധായകന് വരികള്‍ ഈണമിടാന്‍ നല്‍കാന്‍ മലയാളത്തിലെ മുന്‍നിര ഗാനരചയിതാക്കള്‍ തയ്യാറായില്ലേ ? സംവിധായകരും നിര്‍മ്മാതാക്കളും വിശ്വസ്തതയോടെ എന്നെ അവരുടെ ചിത്രത്തിലെ പാട്ടുകള്‍ ഏല്‍പ്പിച്ചില്ലേ ? അതൊക്കെ വലിയ ഭാഗ്യമായി കരുതുന്നു.' അദ്ദേഹം പറഞ്ഞു. ഒന്നിനു പുറകേ ഒന്നായി ഹിറ്റുകളെത്തിയ കാലത്തെ കുറിച്ച് ചോദിച്ചാല്‍ അതിനെ കുറച്ച് ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്തും എസ്.പി.വെങ്കിടേഷ്...കടവുള്‍ തുണ...അത്രമാത്രം.
അവരെക്കുറിച്ച് ഞാനെന്തു പറയാന്‍!
ചിത്ര, യേശുദാസ്, എം.ജി.ശ്രീകുമാര്‍...അങ്ങനെ ഒരുപാട് നല്ല ഗായകരുണ്ട് മലയാളത്തില്‍. അവര്‍ എന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്. അവരെക്കുറിച്ച് എന്തു പറയാനാണ്. ഈണം കേള്‍പ്പിച്ചു കൊടുത്താല്‍ മതി. ഞാന്‍ മനസ്സില്‍ വിചാരിക്കുന്നതു തന്നെ അവര്‍ പാടിത്തരും.
പാട്ടിന്റെ അവകാശിയാര് ?
അതിനെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ കേട്ടിരുന്നു. അതിലൊന്നും കൂടുതല്‍ പറയാനില്ല. പാട്ടുകള്‍ ചെയ്യാന്‍ കിട്ടുന്നതും അത് ആളുകള്‍ കേള്‍ക്കുന്നതും അവര്‍ പാടുന്നതും ജീവിതത്തില്‍ കിട്ടുന്ന സമ്മാനമാണെന്നാണ് ഞാന്‍ കരുതുന്നത്. ഒരു സിനിമയില്‍ പാട്ട് ഉണ്ടായി വരാന്‍ മൂന്നു നാലു മാസമെടുക്കും. ആദ്യം സംവിധായകന്റെ മനസ്സിലാണ് പാട്ട് വരുന്നത്. ഏത് സാഹചര്യത്തില്‍ ഏത് ഭാവത്തിലുള്ള പാട്ട് വേണമെന്ന് അദ്ദേഹമാണു തീരുമാനിക്കുന്നത്. അതനുസരിച്ച് ഗാനരചയിതാവ് എഴുതുന്നു സംഗീത സംവിധായകന്‍ ഈണമിടുന്നു. പക്ഷേ അവരുടെ സൃഷ്ടി പുറത്തുവരണമെങ്കില്‍ ഒരു നിര്‍മ്മാതാവ് കൂടിയേ തീരൂ. ഈ നാല് ആളുകളാണ് ഒരു സിനിമ ഗാനത്തിനു പിന്നിലെ പ്രധാനികള്‍. അവരാണ് പാട്ടിന്റെ അവകാശികള്‍ എന്നാണു ഞാന്‍ കരുതുന്നത്.
എസ്.പി വെങ്കിടേഷിനെ കുറിച്ച് നല്ല ഓര്‍മകള്‍ മാത്രമേ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കും പറയാനുള്ളൂ. അവരുടെ വാക്കുകളിലേക്ക്.
കെ.എസ്.ചിത്ര
എളുപ്പം ഈണമിടും. അതേ വേഗത്തില്‍ റെക്കോഡിങും കഴിയും. എപ്പോഴും ചിരിയാണ് അദ്ദേഹത്തിന്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനരികെ റെക്കോര്‍ഡിങ്ങിനായി ടെന്‍ഷനൊന്നും കൂടാതെ ചെല്ലാം. സ്ഫടികത്തിലേതുള്‍പ്പെടെ ഒരുപിടി വ്യത്യസ്തമായ പാട്ടുകള്‍ എനിക്കു പാടാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ആ നിലപാടുകൊണ്ടു കൂടിയാണ്. അദ്ദേഹം മലയാളത്തില്‍ ഒരുപാട് കാലമായി ഈണമിട്ടിട്ട്. ഏറെ കാലത്തിനു ശേഷം കണ്ടപ്പോഴും മലയാളത്തിലെ പാട്ടുകളെയും ഓര്‍മകളെയും കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ പോലെ തന്നെ നല്ലൊരു വ്യക്തിയും കൂടിയാണ്. മലയാളത്തില്‍ ഇടവേള വന്നെങ്കിലും മറ്റു ഭാഷകളില്‍ അദ്ദേഹം സജീവമാണ്. ഇനിയും അദ്ദേഹത്തിന് നമ്മുടെ സിനിമയില്‍ സജീവമാകാനാകട്ടേയെന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. അത്രയേറെ പ്രതിഭയുള്ള ആളാണ്. അദ്ദേഹത്തില്‍ നിന്ന് ഇനിയും ഒരുപാട് നല്ല പാട്ടുകള്‍ നമുക്കു കേള്‍ക്കണം.
പ്രിയദര്‍ശന്‍
അദ്ദേഹത്തിനൊപ്പം ഞാന്‍ ഒരുപാട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്റെ സിനിമകളിലേക്കായി ഒരുപാട് മനോഹരമായ പാട്ടുകള്‍ ചെയ്തു തന്നിട്ടുള്ള മനുഷ്യനാണ്. ഇന്നത്തെ ഒരു സിനിമ കാലമല്ലല്ലോ അന്ന്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം പ്രതിഭാധനനായൊരു ഗിത്താറിസ്റ്റ്് കൂടിയാണ് എന്നതാണ്. എല്ലാ പാട്ടുകളും അതുകൊണ്ടു തന്നെ ഗിത്താറിലാണ് കമ്പോസ് ചെയ്യാറ്. അന്നത്തെ കാലത്ത് അതൊരു കൗതുകമായിരുന്നു. കാരണം, മിക്ക സംഗീത സംവിധായകരും ഒന്നുകില്‍ ഹാര്‍മോണിയം, അല്ലെങ്കില്‍ തബല ആണ് ഉപയോഗിച്ചിരുന്നത്.
അദ്ദേഹത്തെ കണ്ടിട്ടും ഒരുപാട് കാലമായി. അദ്ദേഹം ഇതിനിടയില്‍ ബംഗാളി സിനിമകളിലേക്കു പോയി. അവിടെയും ഒരുപാട് മികച്ച ഈണങ്ങള്‍ തീര്‍ത്തു. വളരെ സിമ്പിളായ മനുഷ്യനാണ്. അതാണ് അദ്ദേഹത്തെ കുറിച്ച് ആദ്യമേ പറയാനുള്ളത്. എപ്പോഴും ഒരു ചിരി മുഖത്തു കാണും. ഇന്നേവരെ ആരോടും അദ്ദേഹം ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. പടങ്ങള്‍ റീ റെക്കോര്‍ഡ് ചെയ്യുകയെന്നത് വലിയൊരു ആര്‍ട്ട് തന്നെയാണ്. കണ്ടക്ട് ചെയ്യാനും നോട്സ് എഴുതാനും ഒരുപോലെ പ്രാഗത്ഭ്യമുള്ളയാള്‍ അന്ന് അപൂര്‍വ്വമായിരുന്നു. ഇന്നും ഈ രണ്ട് കഴിവുകളും ഒത്തിണങ്ങിയൊരാള്‍ ഉണ്ടെന്നു തോന്നുന്നില്ല. അന്ന്് പടങ്ങള്‍ സ്‌ക്രീനില്‍ ഓാടിക്കോണ്ടിരിക്കുമ്പോള്‍ തന്നെ നോട്സ് എഴുതി പിന്നീട് റെക്കോര്‍ഡ് ചെയ്യണം. സംഗീതത്തെ കുറിച്ച് അത്രയേറെ ജ്ഞാനമുള്ള ജോണ്‍സണ്‍ മാസ്റ്ററെ പോലുള്ളവര്‍ക്കേ അത്തരം കഴിവുകളുണ്ടായിരുന്നുള്ളൂ. ക്ലാസിക്കല്‍ സംഗീതത്തെ കുറിച്ച് അപാരമായ ജ്ഞാനം വേണം അതിനൊക്കെ.
പിന്നെ എസ്.പി വെങ്കിടേഷിന്റെ ഏറ്റവും വലിയൊരു പ്രത്യേകത വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് അത്രമാത്രം മനോഹരമായ സംഗീതം ചെയ്യാനുള്ള കഴിവാണ്. മിന്നാരത്തിന്‌റെയും കിലുക്കത്തിന്റെയുമൊക്കെ റീ റെക്കോഡിങ് ഞാനിന്നും ഓര്‍ക്കുന്നു. അത്രമാത്രം വികാരനിര്‍ഭരമായിരുന്നു അതിലെ പല രംഗങ്ങളും. അത് കണ്ടുകൊണ്ട് സംഗീതം ചെയ്യണം. അത്ര സമയമേയുള്ളൂ. ആ മ്യൂസിക് ഒക്കെ ഇന്നും ആളുകള്‍ നെഞ്ചേറ്റുന്നു. പലരും ആ പശ്ചാത്തല സംഗീതം മൊബൈല്‍ ട്യൂണ്‍ ആയിട്ടൊക്കെ ഇപ്പോഴും കൊണ്ടുനടക്കുന്നു.
എന്റെ ഒരുപാട് ഹിന്ദി ചിത്രങ്ങളുടെയും ഭാഗമായി അദ്ദേഹം. ഗര്‍ദീഷ് എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതമൊരുക്കിയത് അദ്ദേഹമായിരുന്നു. ആ സിനിമയുടെ പ്രിവ്യൂ കാണാന്‍ എ.ആര്‍ റഹ്മാന്‍ വന്നിരുന്നു. അത് കഴിഞ്ഞ് പിറ്റേ ദിവസം എന്നെ റഹ്മാന്‍ വിളിച്ചു ചോദിച്ചു ആരാണ് പശ്ചാത്തല സംഗീതം ചെയ്തത്. ഓര്‍ക്കസ്ട്രേഷന്‍ അറേഞ്ച് ചെയ്ത രീതി അത്ഭുതപ്പെടുത്തുന്നുവെന്നു പറഞ്ഞു റഹ്മാന്‍. ഓര്‍ക്കസ്ട്ര അറേഞ്ച് ചെയ്യാന്‍ അത്രയേറെ പ്രതിഭാധനനായിരുന്നു. കുട്ടികളെ പോലെയാണ് എപ്പോഴും ചിരിക്കുക. അതേ മുഖവുമാണ്. ആ കുട്ടിത്തമുണ്ട് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകള്‍ക്കും.
മലയാളത്തിന് എന്നും ഓര്‍ക്കാവുന്ന ഒരുപാട് മെലഡികള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരിക്കല്‍ സാത് രംഗേ കേ സപ്നേ എന്ന ചിത്രത്തിലേക്കായി അദ്ദേഹത്തിന്റെ ഒരു പാട്ട് അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി ഞാന്‍ ഉപയോഗിച്ചിരുന്നു. അതുപോലെ എന്റെ ഒട്ടേറെ ഹിന്ദി ചിത്രങ്ങള്‍ക്കും അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കിയിരുന്നു. അത്രയേറെ എനിക്ക് വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭയില്‍. അതുപോലെ ഇഷ്ടവുമായിരുന്നു.
ഏഴെട്ടു വര്‍ഷമായി അദ്ദേഹത്തെ നേരില്‍ കണ്ടിട്ട്. അതുകൊണ്ട് നിങ്ങള്‍ അദ്ദേഹത്തെ കുറിച്ചറിയാന്‍ വിിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അതുപോലെ തീര്‍ത്തും യാദൃശ്ചികമെന്നും തോന്നി. കാരണം, അടുത്ത ദിവസങ്ങളായി ഞാന്‍ അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കുകയായിരുന്നു. അടുത്ത ചിത്രത്തില്‍ അദ്ദേഹത്തെ കൊണ്ടു രണ്ടു പാട്ടുകള്‍ ചെയ്യിക്കണം എന്നു ഞാന്‍ ഇവിടെ പറഞ്ഞതേയുള്ളൂ. ഒരുപാടു കാലമായി അദ്ദേഹം മലയാളത്തില്‍ സജീവമല്ലല്ലോ. നിങ്ങള്‍ വിളിച്ചപ്പോള്‍ ഞാന്‍ കരുതിയത് ഇനി അതെങ്ങാനും എങ്ങനെയെങ്കിലും അറിഞ്ഞതുകൊണ്ടായിരിക്കുമെന്നാണ്. എന്തായാലും സന്തോഷം.
ജയരാജ്
ജോണി വാക്കറിലൂടെയാണ് എസ്.പി വെങ്കിടേഷുമായി ഞാന്‍ സഹകരിച്ച് തുടങ്ങുന്നത്. എന്നെ പോലെ കൊമേഴ്‌സ്യല്‍ സിനിമകളും ആര്‍ട്ട് സിനിമകളും ചെയ്യുന്ന അതേ ശൈലിയായിരുന്നു എസ്.പി വെങ്കിടേഷിനും. അല്ലെങ്കില്‍ അത്തരത്തില്‍, സമ്മിശ്രമായ ചിത്രങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയതെന്നു പറയാം. ജനകീയ ഗാനങ്ങളും അതുപോലെ ശാസ്ത്രീയ സംഗീതത്തില്‍ അധിഷ്ഠിതമായ പാട്ടുകളും ഒരുപോലെ തീര്‍ക്കാനും ഗംഭീരമായി ഓര്‍ക്കസ്ട്ര അറേഞ്ച് ചെയ്യാനും അദ്ദേഹത്തിനു അപാരമായ പ്രാഗത്ഭ്യമായിരുന്നു. അതിനേക്കാളുപരി എളുപ്പത്തില്‍ ഈണമിടാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ജോണി വാക്കറിലെ ശാന്തമീ രാത്രിയും പൈതൃകത്തിലേയും സോപാനത്തിലേയും പാട്ടുകള്‍ എടുത്തു നോക്കിയാല്‍ ഈ പറഞ്ഞത് എത്രമാത്രം ശരിയാണെന്നു മനസ്സിലാകും. ഈ പാട്ടുകള്‍ മാത്രം മതി അദ്ദേഹത്തിലെ പ്രതിഭയ്ക്ക്് എത്രമാത്രം ആഴമുണ്ടെന്ന് അറിയാനും.
ശാന്തമീ രാത്രിയില്‍...അതിമനോഹരമായ ഗാനമാണ്. ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവ് ആ ചിത്രത്തിലൂടെയാണ് വരുന്നത്. ആ സംഗീത സംവിധായകനും ഗാനരചയിതാവും ചേര്‍ന്നുള്ള കോമ്പിനേഷനും അവിടെയാണു തുടങ്ങുന്നത്. മദ്രാസിലെ വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ ഇരുന്നാണ് ഈ പാട്ടുകള്‍ തീര്‍ക്കുന്നത്. ഒരു ദിവസം രാവിലെ പത്തു മണി തൊട്ട് വൈകുന്നേരം അഞ്ചു മണി വരെയുള്ള സമയത്തിനുള്ളില്‍ ആ ചിത്രത്തിനു വേണ്ടിയുള്ള എല്ലാ പാട്ടുകള്‍ക്കും അദ്ദേഹം ഈണമിട്ട് കഴിഞ്ഞിരുന്നു. അത്രയും വേഗത്തിലും, അത്രയേറെ താളബോധത്തിലും പാട്ടുകള്‍ ചെയ്യുന്നയാളാണ് അദ്ദേഹം. ഓരോ പാട്ടിനെ സംബന്ധിച്ചിടത്തോളവും താളം എന്നു പറയുന്നത് വലിയൊരു ഘടകമാണ്. ജോണി വാക്കറിലെ ഓരോ രംഗങ്ങളും പറഞ്ഞു കൊടുക്കും അദ്ദേഹം അതിനനുസരിച്ച് ഈണമിടും. അങ്ങനെ പോകുമ്പോള്‍ ശാന്തമീ രാത്രിയുടെ ഈണം സെറ്റ് ചെയ്ത് കഴിഞ്ഞിട്ട് അദ്ദേഹം തന്നെ എന്നോടു പറഞ്ഞു, സര്‍ ഈ പാട്ടാവും ഇക്കൂട്ടത്തില്‍ ഏറ്റവും ഹിറ്റ് ആകുകയെന്ന്. എന്താ കാര്യം എന്നു ചോദിച്ചപ്പോള്‍ പറഞ്ഞു നോക്കിക്കോ ഞാന്‍ പറഞ്ഞതു പോലെ തന്നെയാകും എന്ന്. അപാരമായ സെന്‍സ് ഉണ്ടായിരുന്നു താളത്തെ സംബന്ധിച്ച്. അതുകൊണ്ടു തന്നെ പാട്ടുകളും പശ്ചാത്തല സംഗീതവും അത്രമാത്രം വേഗത്തില്‍ അദ്ദേഹത്തിനു ചെയ്യാനായി.