ഒടിയൻ മാണിക്യത്തിന്റെ ഒടിവേലകൾ തുടങ്ങിക്കഴിഞ്ഞു. അമ്പ്രാട്ടിക്കുട്ടിയ്ക്കായി 'ഒടിയൻ' പാടിയ പാട്ടിൽ തന്നെയുണ്ടായിരുന്നു ആ ഇന്ദ്രജാലം. "കൊണ്ടോരാം... കൊണ്ടോരാം... കൈതോലപ്പായ കൊണ്ടോരാം...!" ഒരുവട്ടം കേട്ടാൽ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നും... വീണ്ടും വീണ്ടും മൂളാൻ തോന്നും. ഒടിയന്റെ പേരു കേട്ട് ആദ്യം നെറ്റി ചുളിച്ചവരൊക്കെ ഇപ്പോൾ കാത്തിരിപ്പിലാണ്, തിരശീലയിൽ ഒടിയന്റെ മിന്നുന്ന ജാലവിദ്യ കാണാൻ! ഒരു പാട്ടിന്റെ ലിറിക് വീഡിയോ ഇത്രയധികം പേർ കാണുന്നത് ഒരു പക്ഷേ, മലയാളത്തിൽ ഇതാദ്യമായിരിക്കാം. വാക്കുകളിലൂടെ വരിച്ചിട്ട മലയാണ്മയുടെ ഭംഗിയാണോ, പ്രണയമൂറുന്ന ഈണമാണോ ഈ പാട്ടിനെ ഇത്രമേൽ പ്രിയപ്പെട്ടതാക്കുന്നതെന്നു ചോദിച്ചാൽ ഉത്തരം പറയുക പ്രയാസമാകും. ഒടിമറയണ രാക്കാറ്റും അന്ത്യാളൻ കാവും പുല്ലാനിക്കാടും നിറയുന്ന വരികൾ പിറന്ന വഴികളെക്കുറിച്ച് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മനോരമ ഓൺലൈനോടു മനസു തുറന്നു.
നാട്ടുഭാഷയിൽ പിറന്ന പാട്ട്
ഒടിയൻ എന്ന സങ്കൽപം നമ്മുടെ വള്ളുവനാടൻ സംസ്കാരത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ചും, തൃശൂർ–പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളിലെ ഗ്രാമാന്തരീക്ഷത്തിലാണ് ഇത്തരം കഥകളുള്ളത്. സംഭാഷണത്തിന്റെ രൂപത്തിൽ വരികൾ ഒരുക്കാമെന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. ചെന്നൈയിലാണു ഞങ്ങൾ പാട്ടിന്റെ ചർച്ചകൾക്കായി കൂടിയത്. പാട്ടെഴുതാൻ ഇരുന്നപ്പോൾ നാട്ടുഭാഷയുടെ സൗന്ദര്യമുള്ള വരികൾ തന്നെ മനസിലുറപ്പിച്ചു. അങ്ങനെയാണു സംഭാഷണത്തിന്റെ രീതിയിലുള്ള കൊണ്ടോരാം... കൊണ്ടോവാം എന്നുള്ള സംഗതികൾ വരുന്നത്.
കൂട്ടായ്മയിലെ വരികൾ
ഞാനെഴുതി എന്നുള്ളതുകൊണ്ട് ആ വരികളുടെ ക്രെഡിറ്റ് എനിക്ക് എടുക്കാൻ കഴിയില്ല. കാരണം, അതൊരു കൂട്ടായ്മയിൽ പിറന്ന പാട്ടാണ്. ഞാനും ജയചന്ദ്രനും ശ്രീകുമാറും ഒരുമിച്ചിരുന്നാണു വരികൾ കണ്ടെടുത്തത്. ജയചന്ദ്രൻ ആദ്യം ഈണം വായിച്ചു. ആ ഈണത്തിനൊപ്പിച്ചു വരികൾ എഴുതുകയായിരുന്നു. ആ മൊത്തം പ്രക്രിയ വളരെ ഓർഗാനിക് ആയിരുന്നു. കൃത്രിമമായി ഒന്നും ചേർത്തില്ല. സാധാരണ ഒരു ഈണം അയച്ചു തരും. അതിന് ഒപ്പിച്ച് വരികൾ എഴുതി അയച്ചുകൊടുക്കും. പിന്നെ തിരുത്തും. എന്നാൽ ഒടിയനിൽ എല്ലാവരും ഒരുമിച്ചിരുന്നായിരുന്നു പാട്ടൊരുക്കിയത്.
ആ പേരുകളും കഥകളും എന്നിലുണ്ടായിരുന്നു
എന്റെ സ്ഥലം തൃശൂർ–പാലക്കാട്–മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ്. അതുമാത്രമല്ല, ചെറുപ്പകാലത്ത് ഞാൻ പാലക്കാട് ജില്ലയിൽ കുറെക്കാലം ഉണ്ടായിരുന്നു. അന്ത്യാളൻ കാവ് ശിവന്റെ അമ്പലമാണ്. അങ്ങനെ പാലക്കാട് ജില്ലയിലെ പല സ്ഥലങ്ങളും അവയുടെ പേരും എന്റെ മനസിലുണ്ടായിരുന്നു. അതൊക്കെ ഈ പാട്ടിലെ വരികളിൽ വന്നു. എന്റെ കുട്ടിക്കാലത്ത് ഈ പറയുന്ന പല സ്ഥലങ്ങളിലും ഞാൻ പോയിട്ടുണ്ട്. എന്റെ ചെറുപ്പകാലത്ത് ഒടിയന്റെ കഥകൾ ഞാനും കുറെ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഈ സിനിമയ്ക്കായി പ്രത്യേകിച്ചു കൂടുതൽ അന്വേഷണങ്ങളൊന്നും തന്നെ വേണ്ടി വന്നില്ല. ആ കഥകളൊക്കെ എന്റെ ഉള്ളിലുണ്ടായിരുന്നു.
വെല്ലുവിളിയായി തോന്നിയില്ല
ഒടിയനുവേണ്ടി പാട്ടൊരുക്കൽ ഒരു വെല്ലുവിളിയായി തോന്നിയില്ല. കാരണം, എനിക്കു പരിചയമുള്ള കഥാപരിസരം... വരികൾക്ക് പ്രധാന്യം നൽകുന്ന അണിയറപ്രവർത്തകർ... അതിനാൽ വളരെയധികം ഇഷ്ടത്തോടെയാണ് ഈ പ്രൊജക്ടിലേക്ക് ഞാൻ വരുന്നത്. എന്നെ അറിയാത്ത ആളുകൾ പാട്ടെഴുതാൻ എന്നെ ക്ഷണിക്കുമ്പോഴാണു സാധാരണ എനിക്ക് ടെൻഷൻ വരുന്നത്. അവർ വിചാരിക്കുന്ന തരത്തിൽ എഴുതാൻ പറ്റുമോ എന്നൊക്കെയുള്ള ചിന്തകൾ അലട്ടും. ഒടിയനിൽ അങ്ങനെയൊന്നും നടന്നില്ല. എല്ലാവരെയും എനിക്ക് അറിയാം.
സുദീപ് കട്ടയ്ക്കു നിന്നു!
സുദീപും ശ്രേയ ഘോഷാലും അതിഗംഭീരമായി ഈ പാട്ടു പാടി. സാധാരണ ഗതിയിൽ ശ്രേയ ഘോഷാലിനെപ്പോലെ വലിയൊരു ഗായികയ്ക്കൊപ്പം പിടിച്ചു നിൽക്കുക എന്നു പറയുന്നത് അൽപം പ്രയാസമേറിയ സംഗതിയാണ്. ഈ പാട്ടിൽ സുദീപ് ശ്രേയയുടെ ശബ്ദത്തിനൊപ്പം തന്നെ ഗംഭീരമായി പിടിച്ചു നിന്നു. അതിൽ എനിക്കു വലിയ സന്തോഷമുണ്ട്. കട്ടയ്ക്കു നിൽക്കുക എന്നൊക്കെ പറയാറില്ലേ, അതുപോലെ!
ഇതു മലയാളിയ്ക്കു മാത്രം കഴിയുന്നത്
ഒടിയനിൽ അഞ്ചു പാട്ടുകളാണുള്ളത്. ബാക്കി പാട്ടുകൾ എപ്പോഴെത്തുമെന്നൊന്നും പറയാൻ എനിക്കു കഴിയില്ല. ഞാൻ പാട്ടെഴുതിക്കൊടുത്തു എന്നേയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. പാട്ടുകളൊന്നും തന്നെ മോശമാകില്ല. സിനിമയെക്കുറിച്ച് എനിക്കു നല്ല പ്രതീക്ഷകളുണ്ട്. ഒടിയൻ എന്നു പറയുന്നതു മലയാളിയ്ക്കു മാത്രം ചെയ്യാൻ കഴിയുന്ന സിനിമയാണ്. അത് പുതിയ കാലഘട്ടത്തിന്റെ അവസ്ഥയിൽ നിന്നുകൊണ്ട് പുതിയ തലമുറയോടു സംസാരിക്കുന്ന രീതിയിൽ കഥ പറയാൻ കഴിയുക എന്നത് വലിയൊരു കാര്യമാണ്. മോഹൻലാൽ എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും ഒടിയൻ.