ഒരാള്‍ സെലിബ്രിറ്റിയായാൽ പിന്നാലെ നടക്കാന്‍ ആളുണ്ട്, കലാകാരനെ മാറ്റി നിർത്തുന്നതിൽ സമൂഹത്തിനും പങ്ക്: വി.ടി.മുരളി
പ്രേമ മധുരമായ ഒരു പാട്ടുകാലത്തിന്റെ പേരാണ് വി.ടി.മുരളി. ചുരുങ്ങിയ ചിത്രങ്ങളിലേ പാടിയിട്ടുള്ളൂവെങ്കിലും മലയാളി മറക്കാത്ത പേര്. നേരിയ വിഷാദഛായയുള്ള ഈ കാമുക സ്വരത്തിന് ഇന്നും ആരാധകരേറെയാണ്. പാടിയ ചിത്രങ്ങൾ വിസ്മൃതിയിലാവുമ്പോഴും ആ പാട്ടുകൾ മലയാളി ഹൃദയത്തോടു ചേർത്തു. ഓത്തുപളളീലന്ന്, പൊന്നരളിപ്പൂവൊന്ന്
പ്രേമ മധുരമായ ഒരു പാട്ടുകാലത്തിന്റെ പേരാണ് വി.ടി.മുരളി. ചുരുങ്ങിയ ചിത്രങ്ങളിലേ പാടിയിട്ടുള്ളൂവെങ്കിലും മലയാളി മറക്കാത്ത പേര്. നേരിയ വിഷാദഛായയുള്ള ഈ കാമുക സ്വരത്തിന് ഇന്നും ആരാധകരേറെയാണ്. പാടിയ ചിത്രങ്ങൾ വിസ്മൃതിയിലാവുമ്പോഴും ആ പാട്ടുകൾ മലയാളി ഹൃദയത്തോടു ചേർത്തു. ഓത്തുപളളീലന്ന്, പൊന്നരളിപ്പൂവൊന്ന്
പ്രേമ മധുരമായ ഒരു പാട്ടുകാലത്തിന്റെ പേരാണ് വി.ടി.മുരളി. ചുരുങ്ങിയ ചിത്രങ്ങളിലേ പാടിയിട്ടുള്ളൂവെങ്കിലും മലയാളി മറക്കാത്ത പേര്. നേരിയ വിഷാദഛായയുള്ള ഈ കാമുക സ്വരത്തിന് ഇന്നും ആരാധകരേറെയാണ്. പാടിയ ചിത്രങ്ങൾ വിസ്മൃതിയിലാവുമ്പോഴും ആ പാട്ടുകൾ മലയാളി ഹൃദയത്തോടു ചേർത്തു. ഓത്തുപളളീലന്ന്, പൊന്നരളിപ്പൂവൊന്ന്
പ്രേമമധുരമായ ഒരു പാട്ടുകാലത്തിന്റെ പേരാണ് വി.ടി.മുരളി. ചുരുങ്ങിയ ചിത്രങ്ങളിലേ പാടിയിട്ടുള്ളൂവെങ്കിലും മലയാളി മറക്കാത്ത പേര്. നേരിയ വിഷാദച്ഛായയുള്ള ഈ കാമുക സ്വരത്തിന് ഇന്നും ആരാധകരേറെയാണ്. പാടിയ ചിത്രങ്ങൾ വിസ്മൃതിയിലാവുമ്പോഴും ആ പാട്ടുകൾ മലയാളി ഹൃദയത്തോടു ചേർത്തു. ഓത്തുപളളീലന്ന്, പൊന്നരളിപ്പൂവൊന്ന് മുടിയിൽ ചൂടി, മാതള തേനുണ്ണാൻ, കാലം പറക്കണ് തുടങ്ങിയ ഭാവമധുരമായ ഗാനങ്ങൾ കേൾക്കെ ഇനിയുമിനിയും ഈ ശബ്ദത്തിൽ പാട്ടുകളുണ്ടായെങ്കിൽ എന്നു പ്രേക്ഷകർ ആഗ്രഹിച്ചു. രാഘവൻ മാസ്റ്റർ കണ്ടെടുത്ത ഈ ഗായകന് സംഗീതം തന്നെയാണ് എന്നും ജീവിതം. പാട്ടിനപ്പുറത്തും സർഗാത്മകവും സാംസ്കാരികവുമായ ഏതു വിഷയവും ഒരു കലാകാരന്റെ വിഷയങ്ങളാണെന്നു വിശ്വസിക്കുന്നു മുരളി. നഷ്ടപ്പെട്ടു പോയ സംഗീത സംസ്കാരം തിരിച്ചു പിടിക്കണമെന്നും പാട്ടിൽ ജീവിതം പ്രതിഫലിക്കണമെന്നും പറയുന്നു വി.ടി.മുരളി. പാട്ടുവിശേഷങ്ങൾ അദ്ദേഹം മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.
ലോക്ഡൗണിലെ പാട്ട്
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ഒരു പാട്ട് കിട്ടും. ഓരോ ദിവസവും ഓരോ പാട്ടാണ്. അത് ഒരു ദിവസം കൊണ്ടു നടക്കും. എങ്ങനെയാണതു വന്നു ചേരുന്നതെന്നറിയില്ല. തലേദിവസം ആ പാട്ടിനെക്കുറിച്ചാലോചിച്ചിട്ടില്ല, കേട്ടിട്ടില്ല എങ്കില്‍ക്കൂടിയും അങ്ങനെയൊരു പാട്ടു വന്നുചേരും. പാടുന്നതിലൂടെയാണ് ഞാന്‍ ഇക്കാലത്തെ പ്രയാസങ്ങളെ അതിജീവിക്കുന്നത്. ഈ സമയത്ത് എല്ലാം കൊട്ടിയടച്ചതു പോലെ മനസ്സും കൊട്ടിയടയ്ക്കപ്പെട്ടു എന്നാണ് തോന്നുന്നത്. ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ പല സംഘാടകരും കുറേ പരിപാടികള്‍ ഓണ്‍ലൈനായി ചെയ്തിരുന്നു, ചെലവില്ലാതെ നടത്താവുന്ന പരിപാടി എന്ന നിലയില്‍. ഇപ്പോള്‍ അത് പൊളിഞ്ഞു. വല്ലാത്ത മടുപ്പ് കലാകാരൻമാരിലും ഉണ്ടായി. ഇക്കാലത്ത് സ്വയം ആനന്ദത്തിനും അതിജീവനത്തിനുമായി ഞാൻ പാടിക്കൊണ്ടേയിരിക്കുകയാണ്. സുഹൃത്തുക്കളെയും പ്രിയപ്പെട്ട പരിസരങ്ങളും കാണാതെയുള്ള ഈ ജീവിതം വിഷമം തന്നെ. ഒറ്റ വ്യക്തിയായി ഭാര്യ, മകള്‍ ഇങ്ങനെ കുടുംബവുമൊത്തു മാത്രം ഇരിക്കുമ്പോള്‍ മറ്റു മനുഷ്യരെ കാണാതിരിക്കുന്നതും അവരോടു സംവദിക്കാതിരിക്കുന്നതും വലിയ നഷ്ടമായി തോന്നുന്നുണ്ട്.
രാഘവന്‍ മാസ്റ്റര്‍
എന്റെ ജീവിതത്തിന്റെ ഒരു അടിസ്ഥാന സ്രോതസ്സാണ് രാഘവന്‍ മാസ്റ്റര്‍. അദ്ദേഹത്തെ ഓര്‍ക്കാത്ത ദിവസമില്ല. സംഗീതം കൊണ്ടു മാത്രമല്ല അത്. അദ്ദേഹത്തിന്റെ ജീവിതം പകര്‍ന്ന കുറേ കാര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ നിഷ്ഠകള്‍, ജീവിത സമീപനങ്ങള്‍ എല്ലാം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ആരോടെങ്കിലും സംസാരിക്കുമ്പോള്‍ അറിയാതെതന്നെ ഉദാഹരണം രാഘവന്‍ മാസ്റ്ററിലേക്കു പോവും. അച്ഛനും രാഘവന്‍ മാസ്റ്ററും അടിസ്ഥാനമായി എന്റെ ഉള്ളില്‍ ഉണ്ട്. എല്ലാ ദിവസവും എല്ലാസമയവും ആ ഓര്‍മകള്‍ കൂടെയുണ്ട്.
പി .ഭാസ്‌കരന്‍
പാട്ടെഴുത്തിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് പി.ഭാസ്കരൻ എന്ന പേരു തന്നെയാണ്. ഗ്രാമ്യഭാഷയും കേരളത്തിന്റെ അന്തരീക്ഷവുമൊക്കെ വരുന്ന പി. ഭാസ്‌കരന്റെ പാട്ടുകളോട് കൂടുതല്‍ അടുപ്പം തോന്നിയിട്ടുണ്ട്. ഏറ്റവും വലിയ തത്വചിന്ത കൂടി വളരെ ലളിതമായി കഥാപാത്രത്തിന്റെ സംസ്‌കാരത്തിലേക്കു കൊണ്ടു വരുന്ന രീതിയുണ്ട് അദ്ദേഹത്തിന്. ആ എഴുത്തിനോട് വല്ലാത്ത ഇഷ്ടവും ആദരവും തോന്നിയിട്ടുണ്ട്.
ആള്‍ക്കൂട്ടത്തിലെ ആരാധിക
ആള്‍ക്കൂട്ടത്തിലെ ആരാധിക എന്നു പറയുന്നത് ആരാധിക എന്നുള്ള അർഥത്തില്‍ മാത്രമല്ല. നമ്മള്‍ ഒരു വേദിയില്‍ പോയിക്കഴിഞ്ഞാല്‍ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ പറ്റിയെന്നുവരില്ല. ഒരു വേദിയില്‍ പോയാല്‍ ഏതെങ്കിലും ഒരാള്‍ വലിയ താത്പര്യത്തോടെ നമ്മെ ശ്രദ്ധിക്കുന്നുണ്ടാവും. ആ ശ്രദ്ധിക്കുന്ന ഒരാള്‍ക്കായി പാടുന്ന അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ കണ്ണൂരില്‍ ഒരു പരിപാടി കഴിഞ്ഞ ശേഷം ഒരു സ്ത്രീയും ഭര്‍ത്താവും പരിചയപ്പെടാന്‍ വന്നു. ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ചു തന്നെ പറഞ്ഞു, ‘ഇന്നു ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയാണ് പാടിയത്. നിങ്ങളെ എനിക്കറിയില്ല. ഇതുവരെ കണ്ടിട്ടില്ല, നാളെ കാണുകയുമില്ല. ഇന്നു രണ്ട് മണിക്കൂര്‍ നേരം പാടിയത് നിങ്ങള്‍ക്കു വേണ്ടിയാണ്. എന്നെ അത്രത്തോളം ശ്രദ്ധിക്കുന്നതായി തോന്നി. വലിയ പ്രചോദനമായി. ഇനിയെന്താണ് പാടേണ്ടത് പാടേണ്ടത് എന്നിങ്ങനെ ആലോചിക്കുകയായിരുന്നു ഞാന്‍.’ അങ്ങനെയുള്ള അനുഭവങ്ങള്‍ ധാരാളമുണ്ട്. എന്റെ പരിപാടിക്ക് ഒരിക്കലും ഒരു അവതാരകനെ വേറേ വയ്ക്കാറില്ല. എഴുതിക്കൊടുത്തത് വായിക്കുകയല്ലാതെ എന്റെ ഉള്ളിനെ വെളിപ്പെടുത്താന്‍ അവര്‍ക്കു സാധിക്കില്ലല്ലോ. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് ഇവന്റ് എന്നാണ് ഇപ്പോള്‍ പറയുന്നത്. കല എന്നു പറയാതെ ഇന്‍ഡസ്ട്രി എന്നാണ് പറയുന്നത്. സംഗീത പരിപാടിക്ക് ഷോ എന്നും പറയാറുണ്ട്. കേള്‍വിയുമായി ബന്ധപ്പെട്ടതാണതെന്നു തോന്നാറില്ല. എനിക്കിന്ന് ഒരു ഷോ ഉണ്ടെന്നു പറയുന്നതു കേള്‍ക്കാം. ഇന്നെനിക്ക് ഒരു പരിപാടി ഉണ്ടെന്നു പറഞ്ഞാല്‍ എന്താണു കുഴപ്പം.
പുതിയ കാലത്തെ പാട്ട്
പുതിയ കാലത്തെ പാട്ടില്‍ പ്രിയമുള്ളവരുണ്ട്. ഗാനരചയിതാക്കളില്‍ കുറേപ്പേരുണ്ട്. റഫീഖ് അഹമ്മദ്, ഹരിനാരായണനെപ്പോലെയുള്ളവരെ ഇഷ്ടമാണ്. നല്ല കവി കൂടിയാണ് റഫീഖ് അഹമ്മദ്. സംഗീതസംവിധായകരില്‍ രമേഷ് നാരായണനും എം.ജയചന്ദ്രനും കഴിഞ്ഞു വരുന്ന തലമുറയിലുള്ളവര്‍ വൈവിധ്യം കൊണ്ടു ശ്രദ്ധേയരാവുന്നില്ല. കൂടുതല്‍ ലൈക്ക് കിട്ടുകയും വൈറല്‍ ആവുകയുമൊക്കെ ചെയ്യുന്നുണ്ടാവാം. ഹൃദയത്തിലേക്കു കടന്നു കൂടിയിരിക്കുന്നതു പോലെയുള്ള പാട്ടുകളുണ്ടാവുന്നില്ല. അത് അവരുടെ കുറ്റം കൊണ്ടാണെന്നു ഞാന്‍ പറയുന്നില്ല. കഥകളുടെ സ്വഭാവവും ആവിഷ്‌ക്കരിക്കുന്ന രീതികളും മാറി. എന്നാല്‍ പോലും മലയാളിയുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പാട്ടുകള്‍ കണ്ടെത്താന്‍ പ്രയാസമാണ്. റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികള്‍ പോലും ആശ്രയിക്കുന്നതു ബാബുരാജിന്റെയും രാഘവന്‍ മാഷുടെയും എം കെ അര്‍ജുനന്‍ മാഷുടെയും ദേവരാജന്‍ മാഷുടെയും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും മറ്റും പാട്ടുകളാണ്. എന്തുകൊണ്ടാണ് ഈ തലമുറയിലെ പാട്ടുകള്‍ അവര്‍ സ്വീകരിക്കാത്തത്? പഴയ കാലത്ത് സലില്‍ ചൗധരിയുടെ ട്യൂണിനൊപ്പിച്ച് ഒഎന്‍വി, ഭാസ്‌കരന്‍ മാസ്റ്റര്‍, വയലാര്‍ ഒക്കെ എഴുതിക്കൊടുത്തിട്ടുണ്ടാവും. പക്ഷേ ആ പാട്ടുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടല്ലോ. പുതിയ പാട്ടുകാര്‍ നമ്മുടെ പാരമ്പര്യത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കണം. അതിനെ അടിച്ചുമാറ്റാന്‍ വേണ്ടിയല്ല, ആ പാരമ്പര്യത്തിന്റെ ഭൂമിയില്‍ നിന്നുവേണം പാട്ടുണ്ടാക്കാന്‍.
സാങ്കേതികതയല്ല കല
പുതിയ പാട്ടില്‍ സാങ്കേതിക മികവുണ്ടായിരിക്കാം. സാങ്കേതികതയല്ല കല. അതു ഹൃദയവുമായി ബന്ധപ്പെട്ടതാണ്. ഹൃദയവുമായി സംവദിക്കുന്നതാണ്. പ്രത്യേകിച്ചും സംഗീതം. സാധാരണ മനുഷ്യന്റെ വൈകാരികതയെ തൃപ്തിപ്പെടുത്താന്‍ പുതിയ സംഗീതസംവിധായകര്‍ക്കു കഴിയുന്നില്ല. പാട്ടുകാരെ തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ യാന്ത്രികമായ ശബ്ദമായാല്‍ മനുഷ്യന്റെ സ്വത്വം എവിടെ എന്ന വിഷയമുണ്ട്. കേള്‍വിയില്‍ യേശുദാസിന്റേതു പോലെ എന്നൊക്കെ തോന്നുമെങ്കിലും അത് വ്യത്യസ്തമാണ്. ശാസ്ത്രീയമായി വ്യത്യാസമുണ്ട്. ഒരാളും മറ്റൊരാളും തമ്മില്‍ വ്യത്യസ്തത അനുഭവപ്പെടുന്നില്ലെങ്കില്‍ ആ വ്യക്തികള്‍ക്കെന്താണു പ്രസക്തി?
കല സമൂഹത്തിനുവേണ്ടി
കലാകാരന്റെ സര്‍ഗാത്മകതയെ അവനവനാണോ സമൂഹത്തിനാണോ ആവശ്യം എന്ന വിഷയം വരുന്നുണ്ട്. ഞാന്‍ ചിന്തിക്കുന്നത് ഒരു കലാകാരന്റെ മാത്രമായ സവിശേഷതകളെ സമൂഹത്തിനാണ് ആവശ്യം. ഒരു കലാകാരനെ മാറ്റി നിര്‍ത്തുന്നതില്‍ സംവിധായകനോ സംഗീതസംവിധായകനോ നിര്‍മ്മാതാവിനോ പങ്കുണ്ടാവാം. പക്ഷേ സമൂഹത്തിനുമുണ്ട്. എന്റെ കാര്യത്തില്‍ ഞാന്‍ പാടിയ ചില സിനിമകളെപ്പോലും ഓര്‍മിപ്പിക്കുന്നത് ആ പാട്ടുകളാണ് എന്ന സത്യവുമുണ്ട്. 'ഓത്തുപള്ളി', 'മാതളത്തേനുണ്ണാൻ' എന്ന ഗാനവുമൊക്കെ ഏറെ പ്രചാരം കിട്ടിയവയാണ്. എന്നിട്ടും പാട്ടു സ്മരിക്കപ്പെടുമ്പോള്‍ പാട്ടുകാരന്‍ സ്മരിക്കപ്പെടുന്നില്ല എന്നത് ദുഃഖകരമായ സത്യം തന്നെയാണ്. മാതളത്തേനുണ്ണാന്‍ എന്ന പാട്ട് ഹരിപ്പാട് കെപിഎന്‍ പിള്ളസാറാണ് സംഗീതസംവിധാനം ചെയ്തത്. എനിക്കുള്ള പ്രാധാന്യം പോലും അദ്ദേഹത്തിന് കിട്ടിയിട്ടില്ല. എന്റെ ശൈലിയനുസരിച്ച് എനിക്കായി മാത്രം ഉണ്ടാക്കിയ പാട്ടാണത്. ഒരാള്‍ വലിയ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ പിന്നാലെ നടക്കാന്‍ ആളുണ്ട് എന്ന രീതിയാണ്.
അവാര്‍ഡ്
അവാര്‍ഡ് കിട്ടാത്തതിൽ സങ്കടമൊന്നുമില്ല. എന്റെ ഓത്തുപളളി, മാതളത്തേനുണ്ണാന്‍, പൊന്നരളിപ്പൂവ് ഈ മൂന്നു പാട്ടുകളും കാലത്തെ അതിജിവിച്ചവയാണ്. 78 ല്‍ ഉണ്ടായ പാട്ടാണ് ഓത്തുപള്ളി. ഇത്രയും വര്‍ഷത്തിനു ശേഷവും ആ പാട്ട് നിലനില്‍ക്കുന്നു. ഞാനല്ല, രാഘവന്‍മാഷും പി.ടി അബ്ദുൽ റഹ്മാനുമാനും ഈ പാട്ടില്‍ ഒരുമിച്ച് സ്മരിക്കപ്പെടേണ്ടവരാണ്. ഇക്കാലത്ത് ഒരുപാട് കുട്ടികള്‍ക്ക് അവാര്‍ഡ് കിട്ടുന്നുണ്ട്. അവാര്‍ഡ് കിട്ടിയ പാട്ടേതാണെന്ന് അവര്‍ക്കുമറിയില്ല, സമൂഹത്തിനുമറിയില്ല. വി.ടി. മുരളി എന്നു പറയുമ്പോള്‍ ഓത്തുപള്ളി, മാതളത്തേനുണ്ണാന്‍ എന്നൊക്ക ഓര്‍മ വരുന്നത് കലാകാരന്റെ വിജയമായിത്തന്നെയാണ് കണക്കാക്കുന്നത്. അനുബന്ധമായവരെക്കൂടി സ്മരിക്കണം എന്നുമാത്രം. കെപിഎന്‍ പിള്ള സര്‍, ഒഎന്‍വി, എംബിഎസ് എന്നിവരെയെല്ലാം.
ജീവിതത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്ന പാട്ടാണ് ബാല്യകാലസഖിയിലെ കാലം പറക്കണ് എന്നത്. രാഘവന്‍ മാഷിന്റെ അവസാനത്തെ പാട്ടാണത്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ചിത്രം. എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു ആ പാട്ടില്‍. വളരെ ഭാവപരമായ ഒരു പാട്ടായിരുന്നു. കുറെ വർഷത്തിനു ശേഷം കിട്ടിയ അവസരമായിരുന്നു. എന്റെ പാട്ടിനെ ജൂറി തീരെ ശ്രദ്ധിച്ചില്ല..
അതിനേക്കാള്‍ സങ്കടം രാഘവന്‍ മാഷിനെയും അന്നത്തെ ജൂറിക്ക് കാണാനായില്ലല്ലോ എന്നോർത്താണ്. 98 വയസ്സുള്ളപ്പോഴാണ് രാഘവന്‍ മാഷ് ബാല്യകാലസഖിക്കായി രണ്ടു പാട്ടുണ്ടാക്കുന്നത്. ലോക ചരിത്രത്തില്‍ത്തന്നെ ഇങ്ങനെയുണ്ടോ എന്നറിയില്ല. ഗിന്നസ് ബുക്കില്‍ വരേണ്ടതാണ്. കെ. രാഘവനെന്ന മഹാ സംഗീതജ്ഞനെക്കുറിച്ച് ഒരു പ്രത്യേക പരാമര്‍ശം പോലും ജൂറി നടത്തിയില്ല. ഞാനും രണ്ടുതവണ ജൂറി അംഗമായിട്ടുണ്ട്. ആ അവാര്‍ഡ് ഒരു ചെറുപ്പക്കാരനാണ് കിട്ടിയത്. എന്നാല്‍ അവാര്‍ഡ് കിട്ടിയ ആളല്ല പാടിയത്, ഞാനാണ് എന്നു പറഞ്ഞ് മറ്റൊരാളെത്തി. കേസുമായി. 2013 ലെ ആ അവാര്‍ഡ് ഇപ്പോഴും കൊടുക്കാതെ വച്ചിരിക്കുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
പാട്ടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍
പാട്ടിനെക്കുറിച്ച് എനിക്ക് ഇനി വലിയ സ്വപ്നങ്ങളൊന്നുമില്ല. ഒരുപാടു കാലം ഈ മേഖലയില്‍ നില്‍ക്കാന്‍ പറ്റുമെന്ന തോന്നലൊന്നുമില്ല. എന്റെ സ്വപ്‌നങ്ങളില്‍ ഞാന്‍ പെടുന്നില്ല. എന്റെ സ്വപ്‌നം മുഴുവനും പാട്ടിനെക്കുറിച്ചാണ്. വൈകാരിക തലത്തിലുള്ള ഒരു തിരിച്ചുവരവ് ഇനി പാട്ടിലുണ്ടാവുമോ എന്ന കാര്യത്തിലും വലിയ സ്വപ്നങ്ങളൊന്നുമില്ല. മനുഷ്യ ജീവിതം യന്ത്രവത്ക്കരിക്കപ്പെട്ടതു പോലെതന്നെയാണ് പാട്ടിന്റെ കാര്യവും. എനിക്ക് കുറച്ചെങ്കിലും പ്രതീക്ഷയുള്ളത് ആസ്വാദകരിലാണ്. എന്നാല്‍ ആസ്വാദകരാണ് ഇന്നു പഴി കേള്‍ക്കുന്നത്. അവര്‍ക്കനുസരിച്ചാണ് ഞങ്ങള്‍ ഈ മട്ടില്‍ സംഗീതമുണ്ടാക്കുന്നത് എന്ന ന്യായീകരണമാണ് പലപ്പോഴും നടക്കുന്നത്.
അനുവാചകന്റെ ആസ്വാദനതലം വളര്‍ത്താന്‍ എന്തു വേണമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. എന്റെ പല പരിപാടികളും അങ്ങനെയാണ് ഞാന്‍ ചെയ്യുന്നത്. സാഹിത്യവും സംഗീതവും സംസ്‌കാരവും എല്ലാം കൂടി, എങ്ങനെയാണ് ഒരു പാട്ടുണ്ടാവുന്നത് എന്ന കാര്യങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇന്ന് വി.ടി. മുരളി എന്തായിരിക്കും അവതരിപ്പിക്കുക എന്ന് അലോചിച്ചുകൊണ്ടാണ് എന്റെ മുമ്പില്‍ കേള്‍വിക്കാരെത്തുന്നത്. മറ്റു പലരുടെയും അനുഭവം പക്ഷേ മറിച്ചാണ്. അവരുടെ ഉള്ളിലെ സംഗീതം അവരുടെ ഉള്ളില്‍ത്തന്നെ മരിച്ചു പോവുകയാണ്. അവരുടെ ഉള്ളിലെ സര്‍ഗാത്മകത നഷ്ടപ്പെടുകയാണ്. ഒരു പരിപാടിക്കു പോകുമ്പോള്‍ സംഘാടകര്‍ പാട്ടുകളുടെ ഒരു ലിസ്റ്റ് അയയ്ക്കും. കലാകാരന്റെ ഉള്ളില്‍ ഒരു സര്‍ഗാത്മകതയുണ്ട്, സംഗീതമുണ്ട്. ഞങ്ങളുടെ ഉള്ളിലെ പരിമിതമായ സര്‍ഗാത്മകതയെ തൃപ്തിപ്പെടുത്തുകയാണ് നിങ്ങളുടെ ഉദ്ദേശ്യം എന്ന മട്ടിലാണ് ചില സംഘാടകർ പെരുമാറുന്നത്. അത് കലയുടെ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. കലാകാരന്റെ ഉള്ളിലുള്ളത് സംഗീതമായി വരണം.
ഇന്നത്തെ സെലിബ്രിറ്റി സംസ്‌ക്കാരവും മാറേണ്ടതുണ്ട്. യൂട്യൂബിൽ എസ്. ജാനകിയുടെ ഒരു പാട്ടിനു തൊട്ടു തന്നെ പുതിയൊരു ഗായിക അതേ പാട്ട് പാടിയിട്ടിട്ടുണ്ട്. എസ്. ജാനകിയുടെ പാട്ടിന് 5000 ആളുകളാണ് ലൈക്കടിക്കുന്നതെങ്കില്‍ പുതിയ കുട്ടിയുടെ പാട്ടിന് അഞ്ചു ലക്ഷം പേര്‍ ലൈക്കിടും എന്നാണ് അവസ്ഥ. മലയാളി പാട്ടാണോ പാട്ടുകാരിയെയാണോ കേള്‍ക്കുന്നത്.
വായന
ഇപ്പോള്‍ വായിക്കുന്നത് നോവലുകളാണ്. ഏറ്റവും ഒടുവില്‍ വായിച്ചത് സ്വാതി തിരുനാളിന്റെ ജീവിതത്തെക്കുറിച്ച് വൈക്കം ചന്ദ്രശേഖരന്‍നായരെഴുതിയ നോവലാണ്. എം.ടി. വാസുദേവന്‍ നായരുടെയും മലയാറ്റൂരിന്റെയും പണ്ടു വായിച്ച പുസ്തകങ്ങള്‍ ഇപ്പോൾ വീണ്ടും വായിക്കുകയാണ്. പരിസ്ഥിതി, രാഷ്ട്രീയം, സമൂഹം എന്നിവയുമായി ബന്ധപ്പെട്ട വായന താത്പര്യമാണ്. സമൂഹത്തിന്റെ ആപത്ക്കരമായ അവസ്ഥയെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ വായിക്കാറുണ്ട്. ഇന്ത്യന്‍ ജനതയെ ഒരുമിച്ചു നിര്‍ത്താനായി മഹാത്മാഗാന്ധിയെപ്പോലൊരു നേതാവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തില്‍പോലും ജനങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള ഒരാള്‍ വരേണ്ടിയിരിക്കുന്നു.