യേശുദാസിന്റെ കച്ചേരിക്കു മുന്നിൽ കിടന്നുറങ്ങിയ പെൺകുട്ടി; മഞ്ജരിയുടെ സ്വന്തം ദാസ് അങ്കിൾ
വീട്ടിൽ ഇരിക്കുമ്പോഴോ കാർ ഓടിക്കുമ്പോഴോ യേശുദാസിന്റെ ഒരു പാട്ട് കേട്ടാൽ മഞ്ജരിയുടെ കണ്ണു നിറയും. ആ ശബ്ദത്തോട് അത്രയും സ്നേഹവും ബഹുമാനവുമാണ് മഞ്ജരിക്ക്. സിനിമാ മേഖലയിലെ മുതിർന്ന ഗായകൻ എന്നതിന് അപ്പുറം ദാസ് അങ്കിൾ മഞ്ജരിക്കു ഗുരുവാണ്. മലയാളത്തിന്റെ മഹാഗായകൻ ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ
വീട്ടിൽ ഇരിക്കുമ്പോഴോ കാർ ഓടിക്കുമ്പോഴോ യേശുദാസിന്റെ ഒരു പാട്ട് കേട്ടാൽ മഞ്ജരിയുടെ കണ്ണു നിറയും. ആ ശബ്ദത്തോട് അത്രയും സ്നേഹവും ബഹുമാനവുമാണ് മഞ്ജരിക്ക്. സിനിമാ മേഖലയിലെ മുതിർന്ന ഗായകൻ എന്നതിന് അപ്പുറം ദാസ് അങ്കിൾ മഞ്ജരിക്കു ഗുരുവാണ്. മലയാളത്തിന്റെ മഹാഗായകൻ ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ
വീട്ടിൽ ഇരിക്കുമ്പോഴോ കാർ ഓടിക്കുമ്പോഴോ യേശുദാസിന്റെ ഒരു പാട്ട് കേട്ടാൽ മഞ്ജരിയുടെ കണ്ണു നിറയും. ആ ശബ്ദത്തോട് അത്രയും സ്നേഹവും ബഹുമാനവുമാണ് മഞ്ജരിക്ക്. സിനിമാ മേഖലയിലെ മുതിർന്ന ഗായകൻ എന്നതിന് അപ്പുറം ദാസ് അങ്കിൾ മഞ്ജരിക്കു ഗുരുവാണ്. മലയാളത്തിന്റെ മഹാഗായകൻ ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ
വീട്ടിൽ ഇരിക്കുമ്പോഴോ കാർ ഓടിക്കുമ്പോഴോ യേശുദാസിന്റെ ഒരു പാട്ട് കേട്ടാൽ മഞ്ജരിയുടെ കണ്ണു നിറയും. ആ ശബ്ദത്തോട് അത്രയും സ്നേഹവും ബഹുമാനവുമാണ് മഞ്ജരിക്ക്. സിനിമാ മേഖലയിലെ മുതിർന്ന ഗായകൻ എന്നതിന് അപ്പുറം ദാസ് അങ്കിൾ മഞ്ജരിക്കു ഗുരുവാണ്. മലയാളത്തിന്റെ മഹാഗായകൻ ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ പൂർണശോഭയിൽ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി മൂകാംബിക ദേവിയോട് പ്രാർഥിക്കുകയാണ് മഞ്ജരി. അഭിനയത്തിലും ഒരുകൈ നോക്കാനിറങ്ങിയ മഞ്ജരിയെ ‘പാട്ട് അല്ലെങ്കിൽ അഭിനയം, ഏതെങ്കിലും ഒന്നിൽ ശ്രദ്ധിക്കണ’മെന്ന് സ്നേഹപൂർവം ശാസിച്ച് ശരിയായ ട്രാക്കിലേക്ക് വിട്ടതും യേശുദാസാണ്. വ്യക്തി, ഗായകൻ എന്നീ നിലകളിൽ യേശുദാസ് ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് മഞ്ജരി മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുന്നു...
ഈ കുട്ടിയാണോ മുന്നിൽ കിടന്നുറങ്ങിയത്?
ആറു വയസുള്ളപ്പോഴാണ് ദാസ് അങ്കിളിനെ ഞാൻ ആദ്യമായി കാണുന്നത്. മസ്കറ്റിൽ അദ്ദേഹം കച്ചേരിക്കായി വന്ന സമയമാണത്. കച്ചേരി കേൾക്കാൻ വീട്ടിൽനിന്ന് എല്ലാവരും പോയപ്പോൾ ഞാനും കൂടെ പോയി. കച്ചേരി കണ്ടുകൊണ്ടിരുന്നപ്പോൾ കിടന്ന് ഉറങ്ങിപ്പോയി. കച്ചേരി കഴിഞ്ഞ് വീട്ടുകാരോടൊപ്പം അദ്ദേഹത്തെ കാണാൻ ചെന്നു. ‘‘ഈ കുട്ടിയാണോ മുന്നിൽ കിടന്നുറങ്ങിയത്’’ എന്ന് ദാസ് അങ്കിൾ ചോദിച്ചു. അവിടെ തുടങ്ങിയ ബന്ധമാണത്. എനിക്ക് പാടാൻ ഇഷ്ടമാണെന്നും പാടാൻ ആഗ്രഹമുണ്ടെന്നുമൊക്കെ അദ്ദേഹത്തോടു പറയുന്നത് എന്റെ അമ്മയാണ്. ഒരു ഭജനാണ് ദാസ് അങ്കിളിനു മുന്നിൽ ആദ്യം പാടുന്നത്. അതുകേട്ട ശേഷം, കുട്ടികൾ ഇങ്ങനെയാ പാടുന്നത്, പക്ഷേ ഭഗവാനെ നമ്മൾ വിളിക്കുമ്പോൾ കുറച്ചുകൂടി ഫീലൊക്കെ കൊടുത്ത് വിളിക്കണമെന്നും അത് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോടാ എന്നു വിളിക്കാൻ പേടി...
മീശമാധവൻ എന്ന ചിത്രത്തിലെ 'എന്റെ എല്ലാമെല്ലാമല്ലേ'... എന്ന പാട്ട് ഞാനും ദാസ് അങ്കിളും കൂടി സ്റ്റേജിൽ പാടുകയാണ്. ഈ പാട്ടിനു മുന്നിൽ കുറച്ച് ഡയലോഗുണ്ട്, അതെല്ലാം പഠിച്ചിട്ടുണ്ടല്ലോ എന്ന് ദാസ് അങ്കിൾ ചോദിച്ചു. എല്ലാം പഠിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു.
പാട്ട് തുടങ്ങി, ഇടയ്ക്കുള്ള ഡയലോഗും പറഞ്ഞു. എന്നാൽ പോടാ എന്ന് പറയുന്ന ഡയലോഗിൽ ഞാൻ സ്റ്റക്കായി. ദാസ് അങ്കിൾ എന്നെ നോക്കി. ബാക്കി എന്താ പാടാത്തത് എന്ന് ചോദിച്ചു. ദാസ് അങ്കിളിനെ പോലെയുള്ള ഒരാളുടെ മുഖത്ത് നോക്കി എങ്ങനെ ഇത് പാടുമെന്ന് ഓർത്ത് വിഷമിച്ചു നിൽക്കുകയായിരുന്നു ഞാൻ. എന്ത് ചെയ്യണമെന്ന് അറിയില്ല. ഉടനെ തന്നെ മ്യൂസിക് നിർത്തി. രണ്ടാമത് വീണ്ടും പാടി തുടങ്ങി. അവിടെ എത്തിയപ്പോൾ വീണ്ടും പഴയ അവസ്ഥ തന്നെ. കേട്ട് കൊണ്ടിരുന്ന എല്ലാവരും എന്നെ നോക്കുന്നു. അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പോടാ എന്ന് വിളിക്കുന്നത് ബഹുമാനക്കുറവ് ആകുമോ എന്നായിരുന്നു ചിന്ത. കുറച്ച് കഴിഞ്ഞപ്പോൾ അങ്കിളിനോട് തന്നെ കാര്യം പറഞ്ഞു. നമ്മൾ പാട്ടുപാടാനായി സ്റ്റേജിൽ കയറുമ്പോൾ ആന്റി, അങ്കിൾ, അച്ഛൻ, അമ്മ എന്നിങ്ങനെ ഒരു ബന്ധവുമില്ല. പാട്ടിൽ മാത്രമായിരിക്കണം ശ്രദ്ധ എന്നു പറഞ്ഞുതന്നു. ഒടുവിൽ സ്റ്റേജിൽ കയറി പാട്ട് പാടി.
അതിനു ശേഷം അദ്ദേഹത്തിനോട് ഒരുപാട് തവണ മാപ്പ് പറഞ്ഞു. അപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത് അതിന്റെ ആവശ്യമില്ലെന്നാണ്. അങ്ങനെ തന്നെ വേണം ചെയ്യേണ്ടതെന്നും അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.
കുടുംബത്തിലെ അംഗം
ഗുരുശിഷ്യ ബന്ധമാണ് ഞങ്ങൾ തമ്മിലുളളത്. അദ്ദേഹം മസ്കറ്റിൽ വരുന്ന സമയത്ത് എനിക്കു പാട്ട് പഠിപ്പിച്ച് തരുമായിരുന്നു. വേറൊരു സംഗീത അധ്യാപിക എനിക്കുണ്ടെങ്കിലും ശാസ്ത്രീയ സംഗീതം ഞാൻ കൂടുതൽ പഠിച്ചത് ദാസ് അങ്കിളിൽ നിന്നാണ്. ഗായിക എന്ന നിലയിൽ അദ്ദേഹത്തിന്റെ ഉപദേശം എനിക്ക് എപ്പോഴും ലഭിച്ചിരുന്നു. ദാസ് അങ്കിൾ കുടുംബത്തിലെ അംഗത്തെപ്പോലെയാണ്. ഏത് മേഖലയിലും നമ്പർ വണ്ണാണ് അദ്ദേഹം. മനോഹരമായി ചിത്രം വരയ്ക്കും. ആയുർവേദത്തിലും ജ്യോതിഷത്തിലുമെല്ലാം അഗാധമായ അറിവുണ്ട്. ഞങ്ങൾ കാരംസ് കളിക്കുമ്പോൾ അവിടെ വന്നിരുന്നാല്‍ അതിലും അദ്ദേഹം ജയിക്കും.
എന്നും ഈ പൊന്നോണം
തരംഗിണിയുടെ ‘എന്നും ഈ പൊന്നോണം’ കാസറ്റിൽ പാടാൻ എനിക്ക് അദ്ദേഹം അവസരം തന്നു. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആ മഹാഭാഗ്യം. മോഹൻ സിത്താരയായിരുന്നു സംഗീത സംവിധായകൻ. കൂടെയിരുന്ന് പഠിപ്പിച്ച് ആ പാട്ട് റെക്കോർഡ് ചെയ്യിപ്പിച്ചത് ദാസ് അങ്കിളാണ്. സാധാരണയായി സംഗീത സംവിധായകനാണ് അതു ചെയ്യുന്നത്. അങ്ങനെ പല ഭാഗ്യങ്ങളും എനിക്കു ജീവിതത്തിൽ ലഭിച്ചിട്ടുണ്ട്. സിനിമയിൽ പാടിതുടങ്ങിയ സമയത്ത് ദാസ് അങ്കിളിനൊപ്പമാണ് മിക്ക ഡ്യുയറ്റും ഞാന്‍ പാടിയത്. അത് ദൈവാനുഗ്രഹമാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും അദ്ദേഹത്തിനൊപ്പം പാടി.
തിരിച്ചറിവുണ്ടായ പ്രായത്തിലാണ് സിനിമാഗാന രംഗത്തേക്ക് ഞാൻ എത്തുന്നത്. പതിനെട്ടാമത്തെ വയസിലാണ് അദ്ദേഹത്തിനൊപ്പം ആദ്യമായി അച്ചുവിന്റെ അമ്മയിൽ 'ശ്വാസത്തിൻ താളം...' എന്ന ഗാനം ആലപിക്കുന്നത്. ഞാൻ പാടിക്കഴിഞ്ഞ ശേഷമാണ് ദാസ് അങ്കിളാണ് ഡ്യുയറ്റ് പാടുന്നതെന്ന് ഇളയരാജ സാർ പറഞ്ഞത്. അദ്ദേഹം സ്റ്റുഡിയോയിൽ വന്നുപാടിയതിന് പിന്നാലെ അതിന്റെ മിക്സിന് വേണ്ടി ഞാൻ കാത്തുനിന്നു. വലിയ ത്രില്ലില്ലാണ് ഞാനത് കേട്ടത്. ആ സന്തോഷം ഇന്നും വിശദീകരിക്കാൻ പറ്റില്ല.
ഞാൻ പൊട്ടിക്കരഞ്ഞു...
അടുത്തിടെ കാർ ഡ്രൈവ് ചെയ്തപ്പോൾ 'ആരോ വിരൽ മീട്ടി...', 'പിന്നെയും പിന്നെയും...' ഈ രണ്ട് പാട്ടുകളും നോൺസ്റ്റോപ്പായി ഞാൻ മാറിമാറി കേൾക്കുകയാണ്. വേറൊരു ഫീലാണതിന്. ഉടൻ അമേരിക്കയിലുളള ദാസ് അങ്കിളിന് ഈ പാട്ടുകൾ കേൾക്കുകയാണെന്ന് മെസേജ് അയച്ചു. കുറച്ച് കഴിഞ്ഞപ്പോൾ എനിക്കൊരു വോയ്സ് കോൾ വന്നു. അങ്ങേതലയ്ക്കൽ ഹലോയെന്ന് നീട്ടിവിളിച്ചുള്ള അങ്കിളിന്റെ ശബ്ദം. അത് കേട്ടപ്പോഴേക്കും ഞാൻ പൊട്ടിക്കരയാൻ തുടങ്ങി. കരച്ചിലോട് കരച്ചിലായിരുന്നു. ആ ശബ്ദം അത്രയ്ക്ക് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. പാട്ടുകളെപ്പറ്റിയൊക്കെ സംസാരിക്കുമ്പോൾ അദ്ദേഹം ഒരുപാട് വാചാലനാകും.
തലയാട്ടിയാൽ സമാധാനം
മൂകാംബികയിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഒത്തുകൂടിയ അവസരത്തിലൊക്കെ കുറച്ച് കൃതികൾ പാടാനായി പഠിപ്പിച്ച് തന്നിട്ടുണ്ട്. അത് വൃത്തിയായി പാടിയാൽ പ്രത്യേകിച്ച് ഒന്നും പറയില്ല. തലയാട്ടിയാൽ അത്രയും സമാധാനമാണ്. കുറച്ച് നാൾ മുൻപ് ഞാൻ തന്നെ സംഗീതം ചെയ്ത ഗസലും ഗണപതി സ്തുതിയും ഇറക്കിയിരുന്നു. ഇത് രണ്ടും അദ്ദേഹത്തിന് അയച്ചു. ഗണപതി സ്തുതി അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്ന് പറഞ്ഞു. വല്ലപ്പോഴുമേ അങ്ങനെയൊക്കെ പറയൂ. ബാക്കിയൊക്കെ മനസ്സിൽ വച്ചിരിക്കും. നല്ലത് കേട്ടാൽ അതിൽ സന്തോഷിച്ച് നമ്മള്‍ അഹങ്കരിച്ച് പോകുമോയെന്ന് കരുതിയാണ്. ആയുരാരോഗ്യത്തോടെ ദാസ് അങ്കിൾ ഇരിക്കട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. എത്രപ്രായമായാലും രാവിലെ എഴുന്നേറ്റ് കാപ്പി കുടിച്ചശേഷം പാട്ടിനെപ്പറ്റിയുളള ചർച്ചകളും പാട്ടുപാടലും പുസ്തകം വായനയുമൊക്കെയാണ് അദ്ദേഹത്തിന്. അത് അങ്ങനെ തന്നെ തുടരട്ടെയെന്നാണ് ആഗ്രഹിക്കുന്നത്.
യേശുദാസും മഞ്ജരിയും പാടിയ ഹിറ്റ് ഗാനങ്ങൾ
ശ്വാസത്തിൻ താളം – അച്ചുവിന്റെ അമ്മ
മുറ്റത്തേ മുല്ലേ ചൊല്ല് – മായാവി
എന്തേ കണ്ണന് കറുപ്പ് നിറം – ഫോട്ടോഗ്രാഫർ
ഇനിയും മൗനമോ – നോട്ട്ബുക്ക്
ഒന്നിനുമല്ലാതെ – നോവൽ
പൂവേ മെഹബൂബേ – ആയുധം
ഇന്നീ കടലിന്‍ – വീരപുത്രന്‍