നേഹയുടെ പാട്ടുപുസ്തകം

ഇതാ മലയാളത്തിന്റെ പ്രിയ ഗായിക. ഒരു പൂച്ചെണ്ടുമായി ഇങ്ങനെയൊരു വരവേൽപ്പാണ് കേരളത്തിലേക്കെത്തുമ്പോൾ നേഹ പ്രതീക്ഷിച്ചത്. സ്കൂളിലെ സംഗീത മത്സരങ്ങളിൽ കൈ നിറയെ സമ്മാനങ്ങൾ വാരിക്കൂട്ടിയ പെൺകുട്ടിയുടെ മനസിലെ സ്വപ്നം. പക്ഷേ, സിനിമാലോകത്തിന്റെ വാതിലുകൾ നേഹയുടെ മുന്നിൽ തുറക്കാൻ അൽപം മടിച്ചു. അതോടെ നേഹ സ്വപ്നം മടക്കി പോക്കറ്റിലിട്ട് പാട്ടിനെ മുറുകെപ്പിടിച്ചു. രണ്ടോ മൂന്നോ പാട്ട് ദൂരമായപ്പോഴേക്കും കഥ മാറി. ബാൻഡുകളിലെ ജനപ്രിയ പെൺസ്വരം, പിന്നണി ഗായിക. ഇപ്പോഴിതാ സംഗീത സംവിധായികയുടെ കുപ്പായവുമായി നേഹ എസ് നായർ സംഗീത യാത്ര തുടരുകയാണ്.

പാട്ടു നേരങ്ങൾ നൽകിയ സ്വപ്നം

അച്ഛനാണു സംഗീതത്തിലേക്കുള്ള വഴികാട്ടിയായത് നേഹ ഓർമകളെ പകർത്തിയെടുത്തു മസ്ക്കറ്റിലാണു വളർന്നതും പഠിച്ചതുമെല്ലാം. സംഗീതപ്രേമിയായ അച്ഛൻ ശശികുമാറിനു സാഹചര്യങ്ങൾ കാരണം സംഗീതം കൈവെടിയേണ്ടിവന്നു. സംഗീത ലോകത്തെത്തണമെന്ന ആഗ്രഹം ഞങ്ങൾ മക്കളിലൂടെ യാഥാർഥ്യമാക്കാനാണ് അച്ഛൻ ശ്രമിച്ചത്. എനിക്കു ചെറിയ പ്രായത്തിലേ സമ്മാനങ്ങളൊക്കെ ധാരാളം കിട്ടിയിരുന്നു. ഞാൻ സംഗീതത്തിലേക്കു തിരിയുന്നതുകണ്ട് ഏറ്റവുമധികം സന്തോഷിച്ചതും അച്ഛനാണ്.

തിരുവനന്തപുരത്തെ വിമൻസ് കോളജിൽ ബിഎ മ്യൂസിക്കിനു ചേരാനെത്തുമ്പോൾ എന്നിലെ പാട്ടുകാരിയെ സംഗീത സംവിധായകർ എളുപ്പം തിരിച്ചറിയുമെന്നായിരുന്നു വിശ്വാസം. പാട്ടു പാടി ഡെമോ സിഡിയിലാക്കി പല സംഗീത സംവിധായകർക്കും അയച്ചു കൊടുത്തു. ആരും മൈൻഡ് ചെയ്തതേയില്ല. ആകെ നിരാശപ്പെട്ടിരുന്ന സമയത്താണു സംഗീത സംവിധായകൻ രാഹുൽ രാജ് ‘ഋതു’വിലേക്കു വിളിച്ചത്. പക്ഷേ സിനിമയിൽ ആ പാട്ട് ഇല്ലായിരുന്നു.

പിന്നീട് പാട്ടിന്റെ ലോകത്തേക്കു പൂർണമായി തിരിഞ്ഞു. റോസ്ബൗൾ ചാനലിൽ ഔട്ട്കാസ്റ്റ് വോക്കൽസ് ആൻഡ് പിയാനോ സെഷൻസ് എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. റെക്സ് വിജയനായിരുന്നു ആ പ്രോഗ്രാമിന്റെ ഗിറ്റാറിസ്റ്റ്. റെക്സാണ് മ്യൂസിക് ബാൻഡായ അവിയലിന്റെ കൂടെ പാടാൻ ക്ഷണിച്ചത്. ബാൻഡിന്റെകൂടെ പാടുക എന്നതാണ് എറ്റവും നല്ല അനുഭവം. സ്റ്റേജിൽ നിൽക്കുമ്പോൾ സാധാരണയുള്ളതിലും പത്തിരട്ടി എനർജി അനുഭവപ്പെടും. ഇപ്പോൾ വിദ്വാൻ എന്ന ബാൻഡിന്റെയും ഭാഗമാണു ഞാൻ. രണ്ട് വർഷം മുമ്പാണു ഞാൻ വിദ്വാനിലെത്തിയത്. വിദ്വാനു വേണ്ടി ഞാൻ പാട്ടെഴുതുകയും കംപോസ് ചെയ്യാറുമുണ്ട്. സംഗീതത്തിൽ മുങ്ങി യാത്ര ചെയ്യും പോലെയാണു ബാൻഡുകൾക്കു വേണ്ടിയുള്ള യാത്രകൾ...

സാൾട്ട് ആൻഡ് പെപ്പറിലെ ‘ പ്രേമിക്കുമ്പോൾ’ എന്ന പാട്ടിലൂടെ പിന്നണിയിലും ശ്രദ്ധിക്കപ്പെട്ടു. ‘22 എഫ്കെ’യിലും, ‘ഇംഗ്ലിഷി’ലും പാടി. അഞ്ചു സുന്ദരികളിലെ അൻവർ റഷീദിന്റെയും ഷൈജു ഖാലിദിന്റെയും ചിത്രങ്ങളിലെ പാട്ടുകൾക്ക് ഞാനും വിദ്വാൻ എന്ന ഞങ്ങളുടെ ബാൻഡിലെ യാക്സിനും കൂടിയാണു സംഗീതം നൽകിയത്. ഇയോബിന്റെ പുസ്തകത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഞങ്ങളാണ് ചെയ്തത്. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. എങ്കിലും ഇനി വർഷത്തിൽ ഒരു സിനിമ ചെയ്താൽ മതിയെന്നാണ് കരുതുന്നത്. സംഗീതത്തിൽ മുങ്ങിയുള്ള യാത്രകൾ എന്നെ അത്രയേറെ മോഹിപ്പിക്കുന്നു....