ചലച്ചിത്ര സംഗീതത്തിന് സമാന്തരമായി ഒരു സംഗീത ശാഖ കേരളത്തിൽ വിജയകരമായി മുന്നേറുകയാണെന്ന് യുവ ഗായകരായ ജോബ്, യാക്സൺ ഗാരി, നേഹ നായർ എന്നിവർ പറഞ്ഞു. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇവർ. ഏത് തരം സംഗീതവും സ്വീകരിക്കുന്ന തലമുറയാണ് ഇന്ന് മലയാള നാട്ടിലുള്ളത്. റോക്ക്, പോപ്പ്, ആംബിയന്റ് എന്നീ വ്യത്യാസങ്ങളില്ലാതെ സംഗീതത്തെ നെഞ്ചേറ്റുന്നത് സംഗീതമേഖലയുടെ വളർച്ചയ്ക്ക് ഗുണകരമാകും.
സമാന്തര സംഗീതത്തിന് കേരളത്തിലും ഗൾഫിലും മികച്ച വിപണിയുണ്ട്. തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, താമരശ്ശേരി ചുരം, വിദ്വാൻ തുടങ്ങിയ ഒട്ടേറെ ബാൻഡുകൾ നാടൻ, ചലച്ചിത്രേതര സംഗീതവുമായി ലോകത്തെങ്ങും ജൈത്രയാത്ര തുടരുന്നു. എന്തൊക്കെ പേരിലറിയപ്പെട്ടാലും മികച്ച സംഗീതം ആളുകൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്നതിന് തെളിവാണിത്. ഒട്ടേറെ ഗായകർക്ക് പാടാൻ അവസരം ലഭിക്കുന്നു എന്നതാണ് ബാന്‍ഡുകളുടെ മറ്റൊരു പ്രത്യേകത. പിന്നണി ഗാനങ്ങൾക്ക് അവസരം കുറഞ്ഞതിനാലല്ല, എല്ലാത്തരം സംഗീതവും ഇഷ്ടപ്പെടുന്നതിനാലാണ് താൻ സമാന്തര സംഗീത മേഖലയിൽ പ്രവർത്തിക്കുന്നതെന്ന് സംഗീത സംവിധായകൻ കൂടിയായ ജോബ് പറഞ്ഞു.
നിലവിൽ മലയാള ചലച്ചിത്രങ്ങളിൽ പാട്ടുകൾ കുറവാണെങ്കിലും വൈകാതെ ഇൗ സംഗീതരംഗം കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നതായി യക്സാൻ ഗാരി പറഞ്ഞു. റിയാലിറ്റി ഷോയിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെത്തിയ ജോബ് കുര്യൻ ഇന്ന് തിരക്കേറിയ യുവഗായകനാണ്. ഉറുമി എന്ന ചിത്രത്തിലെ ആരാന്നെ ആരാന്നേ.., 22 ഫി മെയിൽ കോട്ടയത്തിലെ ചില്ലാണേ.. ഹണി ബീയിലെ മെഹ്ഫിൽ കൊഴുക്കുന്ന.. തുടങ്ങിയ പാട്ടുകളിലൂടെ ശ്രദ്ധേയനായി. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് യക്സാൻ ഗാരിയും നേഹാ നായരും അറിയപ്പെട്ടുതുടങ്ങിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.