Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി 'ബൂഗി': എവർ ആഫ്റ്റർ ചങ്ങാത്തത്തിന്റെ പാട്ടുപെട്ടി

roby-abraham

വര്‍ഷത്തിലൊരിക്കല്‍ മാത്രമേ പാട്ടുപ്പെട്ടി തുറക്കാറുള്ളെങ്കിലും എവര്‍ ആഫ്റ്റര്‍ ബാന്റിന്റെ വരവ് ഒരു ഒന്നൊന്നര വരവായിരിക്കും. രണ്ടേ രണ്ടു മ്യൂസിക്ക് വീഡിയോസ് മാത്രമേ ഈ ബാന്‍ഡിന്റേതായി പുറത്തു വന്നിട്ടുളെങ്കിലും വമ്പിച്ച സ്വീകാര്യതയാണ് ഈ ബാന്‍ഡിനെന്ന് യൂട്യൂബ് ഹിറ്റുകളും ലൈക്കുകളും സാക്ഷ്യപ്പെടുത്തുന്നു. സംഗീതത്തിലും അവതരണത്തിലും പുതുമയും സ്വന്തമായ ഐഡന്ററ്റിയും നിലനിര്‍ത്താറുണ്ട് ഈ മലയാളി ബാന്‍ഡ് എന്നും. 'ബൂഗി'യെന്ന പുതിയ മ്യൂസിക്ക് വീഡിയോയുടെയും എവര്‍ ആഫ്റ്റര്‍ ബാന്‍ഡിന്റെയും വിശേഷങ്ങള്‍ പങ്കുവെക്കുന്നു ചലച്ചിത്ര സംഗീത സംവിധായകന്‍ കൂടിയായ റോബി എബ്രഹാം. 

'വെറുതെ'ക്കും 'ബൂഗി'ക്കും ഇടയില്‍ ഒന്നര വര്‍ഷത്തെ ഇടവേള 

'വെറുതെ' സത്യത്തില്‍ വെറുതെ ചെയ്‌തൊരു ആല്‍ബമായിരുന്നു. വെറുതെ ചെയ്യുന്ന സമയത്ത് എവര്‍ ആഫ്റ്റര്‍ ബാന്‍ഡ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ വരികളെഴുതിയ ആളിനു അത് ഒരു മ്യൂസിക്ക് വീഡിയോയായി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ പേരിലാണ് അതൊരു വീഡിയോയായി മാറുന്നത്. എവര്‍ ആഫ്റ്റര്‍ ഒരു സൗഹൃദകൂട്ടായ്മയാണ്. ഞാനും മഡോണ സെബാസ്റ്റിയനും അശ്വിന്‍ ആര്യന്‍, ജോയല്‍ വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് എവര്‍ ആഫ്റ്റര്‍. ഈ മ്യൂസിക്ക് ബാന്‍ഡ് ഞങ്ങളുടെ ഒരു സ്വപ്‌നവും പാഷനുമൊക്കെയാണ്. ഞങ്ങള്‍ എല്ലാവരും ഉപജീവനത്തിനു വേണ്ടി മറ്റു ജോലികള്‍ ചെയ്യുന്ന ആളുകളാണ്. മഡോണക്കു അഭിനേത്രിയെന്ന നിലയിലുള്ള തിരക്കുകളുണ്ട്. എനിക്കും അശ്വിനും ജോയലിനും മ്യൂസിക്ക് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കുകളും ഉണ്ടാകാരുണ്ട്. നാലും പേരും കൂടി ഒത്തുകൂടുന്ന സമയം ചുരുക്കമാണ് എന്നതാണ് സത്യം. ദീര്‍ഘമായൊരു ഇടവേളക്കു അതുമൊരു കാരണമാണ്. 

പാട്ട് കംപോസ് ചെയ്യാനും റിഹേഴ്‌സല്‍ ചെയ്യാനും ഞങ്ങള്‍ അധികം സമയം എടുക്കാറില്ല. മറിച്ച് ചിത്രീകരണത്തിനാണ് പലപ്പോഴും സമയം എടുക്കാറുള്ളത്. ഈ മ്യൂസിക്ക് വിഡീയോ സംവിധാനം ചെയ്ത വിഷ്ണു രാഘവാണ് സ്‌റ്റോപ്പ് മോഷന്റെ സാധ്യത പ്രയോജനപ്പെടുത്തമെന്ന ആശയം മുന്നോട്ട് വെക്കുന്നത്. സാധാരണ ഒരു വീഡിയോ ചെയ്യുന്നതു പോലെയല്ല സ്‌റ്റോപ്പ് മോഷന്‍ ചെയ്യുമ്പോള്‍ അനേകം ഫ്രെയിമുകള്‍ വേണം. അത് ആല്‍ബത്തിന്റെ റിലീസിങിനെ വൈകിപ്പിച്ചു. പാട്ടുകള്‍ തമ്മിലുള്ള ഇടവേള പരമാവധി കുറക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. 

ഒഴുകി നടക്കുന്ന ദൃശ്യങ്ങളും വരികളുമാണല്ലോ 'ബൂഗി'യുടേത് 

ഇലക്ട്രോണിക്ക് സൗണ്ടിസിനു ആഗോളതലത്തില്‍ തന്നെ വലി സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. അതിന്റെ സാധ്യതകള്‍ മലയാളത്തില്‍ കാര്യമായി പ്രയോജനപ്പെടുത്തി കണ്ടിട്ടില്ല. 'ബൂഗി' അത്തരത്തിലുള്ള ഒരു ശ്രമമാണ്. പിന്നെയൊരു ക്ലബ് മ്യൂസിക്ക് ജോണറിലാണ് 'ബൂഗി' ചെയ്തിരിക്കുന്നത്. വരികള്‍ക്ക് ഇവിടെ വലിയ പ്രസക്തിയില്ല, ഒഴുക്കന്‍ വരികളാണ്. പാട്ട് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്കൊന്നു മ്യൂവ് ചെയ്യാന്‍ തോന്നണം എന്ന ചിന്തയിലാണ് 'ബൂഗി' ചെയ്തിരിക്കുന്നത്. 

പഴയപാട്ടുകള്‍ റീക്രീയേറ്റ് ചെയ്യാന്‍ ബാന്‍ഡുകള്‍ മത്സരിക്കുമ്പോള്‍

എവര്‍ ആഫ്റ്റര്‍ പുതിയ ഈണങ്ങള്‍ക്കു പിന്നാലെയാണല്ലോ

പഴയ പാട്ടുകള്‍ റീക്രീയേറ്റ് ചെയ്തു അവതരിപ്പിക്കുക എന്നത് ഏതൊരു ബാന്‍ഡിന്റെയും ആര്‍ട്ടിസ്റ്റിന്റെയും സ്വപ്‌നമാണ്. പഴയപാട്ടുകള്‍ റീക്രീയേറ്റ് ചെയ്തു അവതരിപ്പിക്കേണ്ട എന്ന് ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു. കാരണം അങ്ങനെ പാട്ടുകള്‍ അവതരിപ്പിച്ചു തുടങ്ങിയാല്‍ ബാന്‍ഡിനു സ്വന്തമായൊരു ഐഡന്ററ്റി നഷ്ടപ്പെേേട്ടക്കും എന്ന ഭയമുണ്ട്. പലപ്പോഴും ലൈവ് പ്രോഗ്രാമിനു വിളിക്കുമ്പോള്‍ സംഘാടകര്‍ക്കു അറിയേണ്ടത് എതൊക്കെ പാട്ട് (പഴയ പാട്ടുകള്‍) നിങ്ങള്‍ പാടും എന്നാണ്. ഒരിക്കല്‍ നമ്മള്‍ അങ്ങനെ പഴയപാട്ടുകളുടെ പിന്നാലെ പോയാല്‍ ആളുകള്‍ ഡിമാന്റ് ചെയ്യുന്നതും അത്തരം പാട്ടുകള്‍ പാടാനാകും. അങ്ങനെ ബാന്‍ഡിനെ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ബാന്‍ഡ് സ്വന്തമായി ചിട്ടപ്പെടുത്തുന്ന ഗാനങ്ങള്‍ ശ്രോതാക്കളിലേക്ക് എത്തിക്കാനാണ് താല്‍പര്യം. 

പുതിയ പ്രൊജക്റ്റുകള്‍

എവര്‍ ആഫ്റ്ററിന്റെ അടുത്ത ഗാനം ഒരു ഇംഗ്ലീഷ് ഗാനമായിരിക്കും. അതിന്റെ റിഹേഴ്‌സല്‍ നടക്കുന്നുണ്ട്. ആദ്യം രണ്ട് ഗാനങ്ങള്‍ ഇഷ്ടമായ ആളുകള്‍ക്കു ചിലപ്പോള്‍ ഈ ഗാനം ഇഷ്ടമായെന്നു വരില്ല. എവര്‍ ആഫ്റ്ററിലെ ഓരോ അംഗങ്ങളും പലതരം പാട്ടുകള്‍ കേള്‍ക്കുന്നവരാണ്. അതിന്റെ പ്രതിഫലനം ബാന്‍ഡിന്റെ പാട്ടുകളിലും ഉണ്ടാകും. 

ever-after-video-song

നമ്മുടെ നാട്ടില്‍ സിനിമ ഇതര ഗാനങ്ങള്‍ അത്ര എളുപ്പത്തില്‍ സ്വീകരിക്കപ്പെടില്ല. അതിനു സ്വാഭാവികമായി സമയമെടുക്കും. ബാന്‍ഡ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ നാലും പേരും പരസ്പരം പറഞ്ഞത് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ബാന്‍ഡും ബാന്‍ഡിന്റെ മ്യൂസിക്കും ഹിറ്റാകുമെന്നും ജനകീയമാകുമെന്നും 

കരുതരുത് എന്നാണ്. അത്തരമൊരു പരസ്പര ധാരണയിലും വിശ്വാസത്തിലുമാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. അഞ്ചു വര്‍ഷത്തിനിടെ എവര്‍ ആഫ്റ്ററിന്റെ മൂന്നോ നാലോ ഗാനങ്ങളെങ്കിലും ആസ്വാദകര്‍ സ്വീകരിച്ചാല്‍ അത് ഞങ്ങള്‍ക്കു ലഭിക്കുന്ന വലിയ അംഗീകാരമാകും. അതുകൊണ്ടു തന്നെ 

പെട്ടെന്നൊരു മാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.