പ്രണയം അതിന്റെ എല്ലാ പരിപൂർണതയോടും കൂടി പെയ്തിറങ്ങിയ പാട്ടുകൾ. കാലമെത്ര പിന്നിട്ടിട്ടും പ്രണയചിന്തകളിൽ കാലാനുസൃതമായ മാറ്റം കടന്നുവന്നിട്ടും ഉള്ളിന്റെയുള്ളിൽ നിറഞ്ഞൊഴുകുന്ന പാട്ടുകൾ. അത്തരത്തിൽ മൂന്നു ഗാനങ്ങളുടെ ഫ്യൂഷൻ കവർ വേർഷനാണ് 'ദി റെഡ്‍വയോള' എന്ന ബാന്‍ഡ് ചെയ്തിരിക്കുന്നത്. എത്ര കേട്ടിരുന്നാലും മതിവരാത്ത പാട്ടുകളുടെ സമന്വയം. രണ്ടാഴ്ച മുന്‍പാണ് 'ദി റെഡ്‍വയോള' എന്ന ഇൻസ്ട്രുമെന്റൽ മ്യൂസിക് ബാൻഡിന് ഫായിസ് മുഹമ്മദ് എന്ന വയലിനിസ്റ്റ് തുടക്കമിട്ടത്. മെലഡിയുടെ മനോഹാരിതയിൽ കാലാതീതമായി മാറിയ മൂന്നു പാട്ടുകളെ വാദ്യോപകരണങ്ങളിൽ ഒന്നിപ്പിച്ചു തുടങ്ങിയ യാത്രയിൽ പിന്നെയുമുണ്ട് ആവിഷ്കാരങ്ങൾ ഏറെ.
ഇളയരാജ ഗാനം, സുന്ദരി കണ്ടാല്‍ ഒരു സേതി, റഹ്മാന്റെ മലർഗളേ പിന്നെ വിദ്യാസാഗറിന്റെ മറന്നിട്ടുമെന്തിനോ...എന്നീ പാട്ടുകൾ ചേർത്താണ് ഇവർ ഫ്യൂഷൻ തയ്യാറാക്കിയത്. വയലിനിലും കീബോർഡിലും ഡ്രംസിലുമായിട്ടാണ് ഈ മൂന്നു പാട്ടുകളേയും ചേർത്തു വായിച്ചത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ സൃഷ്ടിയ്ക്കു ലഭിക്കുന്നതും.
എല്ലാവരേയും എന്റർടെയ്ൻ ചെയ്യിക്കുക എന്നതാണ് റെഡ് വയോളയുടെ ലക്ഷ്യമെന്ന് ഫായിസ് പറയുന്നു. 'ലോകത്തെ ഓരോയിടങ്ങളിലും ഓരോ സംഗീത സംസ്കാരമാണ്. അതെല്ലാം അറിയണം. പഠിക്കണം. ഇൻസ്ട്രുമെന്റൽ ഫ്യൂഷനുമായി ലോകത്ത് മുഴുവൻ ആ സംസ്കാരത്തെ ഉൾക്കൊണ്ടുകൊണ്ട് സഞ്ചരിക്കണ. അതാണ് ഫായിസിന്റെ ആഗ്രഹം. അതിനുള്ള തുടക്കമാണ് ദി റെഡ് വയോള. ദി റെഡ് വയോള എന്ന പേരിനുമുണ്ട് ഒരു പ്രത്യേകത. ചുവപ്പിനോട് അഥവാ കമ്യൂണിസത്തോട് ഹരമാണ്. ചിന്തകൾ അങ്ങനെയുള്ളതാണ്. പിന്നെ പ്രിയം വയലിനോടും. വയലിന്റെ മറ്റൊരു രൂപമാണ് വയോള. രണ്ടിഷ്ടങ്ങളും പിന്നെ ബാൻഡിന്റെ പേര് അൽപം വ്യത്യസ്തമാകണം എന്ന ചിന്തയും ചേർത്തുവച്ചാണ് ദി റെഡ് വയോള എന്നു പേരിട്ടത്. ഫായിസ് പറയുന്നു.
സംഗീതത്തോടുള്ള ഇഷ്ടവും അതിനോടൊപ്പം സ്വതന്ത്രമായും ക്രിയാത്മകമായും സഞ്ചരിക്കണമെന്ന ചിന്തയും ചേർന്നാണ് മിക്കവരും ബാൻഡ് എന്ന സ്വപ്നത്തിലേക്കെത്തുന്നത്. ഫായിസും അങ്ങനെ തന്നെ. വോക്കൽ ഉപയോഗിക്കാതെ വാദ്യോപകരണങ്ങൾ മാത്രം വച്ചുകൊണ്ടുള്ളൊരു ബാൻഡ് എന്നത് വെല്ലുവിളി നിറഞ്ഞതാണ്. ആ വെല്ലുവിളിയെ ഏറ്റെടുത്താണ് ഈ സംഘം സംഗീതലോകത്ത് ചുവടുറപ്പിക്കാൻ കൊതിക്കുന്നതും.