സായന്തനത്തിലെ ആദ്യ വെയിൽ നാളങ്ങൾ മഴയുടെ ആലസ്യത്തിൽ മയങ്ങിയ ഇലയെ ഉണർത്തുന്നത് പോലെയാണ് ചില പാട്ടുകൾ. പ്രണയത്തിന്റെ എത്രയെത്ര കാഴ്ചകളാണ് അത്തരം പാട്ടുകൾ മനസിന്റെ പലയിടങ്ങളിൽ തീർക്കുന്നത്.
ഇഷ്ടമാണോയെന്ന ചോദ്യത്തിന് മറുപടിയിനിയും കിട്ടിയില്ലെങ്കിലും ചിന്തകളിൽ അവൾ മാത്രമായി മാറിയവന്റെ മനസിനെ പാടുന്ന പാട്ടുകൾ. ശ്വാസനിശ്വാസങ്ങൾ പോലും പങ്കിട്ട് ഒപ്പമുള്ളവളോടൊത്തുള്ള അനുഭവങ്ങളെ അനശ്വരമാക്കിയ പാട്ടുകൾ. ഈണക്കൂട്ടിന്റെ എല്ലാ തലങ്ങളിലും പ്രണയം മാത്രം പേറുന്ന രണ്ടു പാട്ടുകൾ മനോരമ ഒാൺലൈൻ മ്യൂസിക്ക് ഷോട്ട്സിലൂടെ ഒന്നിക്കുന്നു.
'ദോസ്ത്' എന്ന ചിത്രത്തിലെ മഞ്ഞു പോലെ എന്ന പാട്ടും തെനാലിയിലെ 'ശ്വാസമേ' എന്ന ഗാനവും. പ്രണയ ചിന്തകളെ അതികാൽപനികമായാണ് ഈ രണ്ടു പാട്ടുകളിലും കുറിച്ചിരിക്കുന്നത്. ഭാഷാഭേദമന്യേ മലയാളി ഏറെയിഷ്ടപ്പെട്ട പാട്ടാണ് ശ്വാസമേ. പാ.വിജയ് കുറിച്ച് എ.ആർ.റഹ്മാൻ ഈണമിട്ട് സാധന സര്‍ഗവും എസ്.പി.ബാലസുബ്രഹ്മണ്യവും ആലപിച്ച പാട്ട്. മെലഡികളുടെ തമ്പുരാൻ വിദ്യാസാഗറാണ് മഞ്ഞുപോലെ എന്ന പാട്ടിന്റെ ഈണ ശിൽപി. വരികൾ എസ്. രമേശൻ നായരുേടയും. എ.ആർ.റഹ്മാൻ ഈണമിട്ട ഏറ്റവും വ്യത്യസ്തമായ ഗാനങ്ങളിലൊന്നു കൂടിയാണിത്.
മ്യൂസിക് ഷോട്സിൽ ഈ രണ്ടു പാട്ടുകളും ചേർത്തു പാടുന്നത് നിഖിൽ മാത്യു. ഒൗസേപ്പച്ചന്റെ പ്രണയഗാനം, 'അഴലിന്റെ ആഴങ്ങൾ പാടി' കണ്ണുനനയിച്ച അതേ ഗായകൻ തന്നെ. അത്രമേൽ ഭാവാർദ്രമാണ് ആലാപനം. നിരവധി മനോഹരമായ പ്രണയഗാനങ്ങൾ തീർത്ത രാഹുൽ രാജാണ് ഈ മാഷ് അപ് മനോരമ ഓൺലൈൻ മ്യൂസിക് ഷോട്സിനു വേണ്ടി തയ്യാറാക്കിയത്. തീർത്തും ലളിതമായ പശ്ചാത്തല സംഗീതത്തിൽ ഈ ഗാനം പാടുമ്പോൾ പ്രണയത്തിന്റെ മഞ്ഞ് ചുറ്റിലും പെയ്തിറങ്ങുന്ന പോലെ... ജീവിതത്തിന്റെ എല്ലാമെല്ലാമായ പ്രണയിനിയുടെ സ്പർശനത്തിന്റെ ചൂട് വലം കൈയ്ക്കുള്ളിൽ അറിയുന്ന പോലെ....