പെയ്തിറങ്ങുന്ന മഞ്ഞുപോലെയാണ് റഹ്മാൻ ഗാനങ്ങൾ...അദ്ദേഹത്തിന്റെ നമ്മൾ ആഘോഷിക്കപ്പെടുന്ന ഗാനങ്ങളേക്കാൾ ഭംഗിയുള്ളവ...മഞ്ഞ് പ്രകൃതിയിലും പിന്നെ നമ്മുടെ കൺകോണിലും വരച്ചിടുന്ന ചിത്രങ്ങൾക്ക് ഓരോ കാഴ്ചയിലും ഓരോരോ ഭംഗിയാണ്...എത്ര കണ്ടാലും മതിവരാത്ത പോലെ...റഹ്മാൻ പാട്ടുകളും അങ്ങനെ തന്നെ. അങ്ങനെയുള്ളൊരു പാട്ടാണ് ഇത്തവണ മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്സില്‍ നിഖിൽ പാടുന്നത്...
ഒരിക്കൽ ഒരു കാറ്റു വന്ന് എന്റെ വാതിലിനെ മെല്ലെ തുറന്നു..
ഞാൻ അതിനോട് എന്താണ് നിന്റെ പേര് എന്നു ചോദിച്ചു...
കാറ്റു പറഞ്ഞു, എന്റെ പേര്...കാതൽ എന്ന്...ഇത്രമേൽ ഭംഗിയോടെ പ്രണയത്തെ കുറിച്ചു പാടിയ പാട്ട്...വൈരമുത്തു എഴുതിയ അതിമനോഹരമായ പ്രണയഗാനം.
കാട്രേ എൻ വാസൽ വന്തായ്...
ഈ പാട്ടിന്റെ കവർ വേർഷനാണ് നിഖിൽ ആലപിക്കുന്നത്. ഒരു പാട്ട് കേട്ടാൽ അതിന്റെ മൂഡ് എന്താണോ അതിലേക്ക് കേട്ടിരിക്കുന്നവരും അലിഞ്ഞില്ലാതാകണം. അതുപോലെയാണ് റിഥം എന്ന ചിത്രത്തിലെ ഈ പാട്ട് പി.ഉണ്ണികൃഷ്ണനും കവിത കൃഷ്ണമൂർത്തിയും ചേർന്നു പാടിയത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ക്ലാസിക് ആയ ഗാനങ്ങളിലൊന്നാണിത്.
എപ്പോഴും പാട്ടിനെ ഇഷ്ടപ്പെടുന്നവർ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളിലൊന്ന്. ഈ പാട്ട് മ്യൂസിക് ഷോട്സിലേക്കു തിരഞ്ഞെടുത്തതും എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ളതുകൊണ്ടു തന്നെ. റഹ്മാൻ നൽകിയ ഈണത്തെ കുറച്ചു കൂടി പതിഞ്ഞ താളത്തിലേക്കു മാറ്റി നിഖിൽ പാടുമ്പോള്‍ ആ വരികളുടെ ആത്മാവിലേക്ക് ഒന്നുകൂടി നമ്മൾ ആഴ്ന്നു ചെല്ലും.
Read More: Watch More Music Shots Episodes Here