സ്നേഹത്തിന്റെ അത്രമേൽ ആഴത്തിൽ പരവശരായി നിൽക്കുന്ന രണ്ടു പുരുഷന്മാർക്കിടയിൽനിന്നു കൊണ്ട് ഒരു പെണ്ണിന് എത്ര ദൂരം പോകാനാകും? ഒരിക്കൽ അവളേറ്റവും ഇഷ്ടപ്പെട്ടിരുന്ന കർത്താവിന്റെ മണവാട്ടിപ്പട്ടം വരെ? പക്ഷേ എവിടെപ്പോയാലും പതറിപ്പതറി, കണ്ണു നിറഞ്ഞ്, നെഞ്ചു പിടഞ്ഞു വേണം ഓരോ നിമിഷത്തെയും അവൾ അതിജീവിക്കേണ്ടത്. പ്രിയയ്ക്കു സംഭവിച്ചത് കണ്ടില്ലേ? അവളറിയാതെ അവളെ പ്രാണനെപ്പോലെ സ്നേഹിച്ച തോമസിന്റെ പ്രണയം കണ്ടെടുത്തപ്പോഴേക്കും സംഗീതം കൊണ്ട് അവളെ നിറച്ച ദേവയുടെ പ്രണയനിലാവിന്റെ ഭാഗമായി അവൾ മാറിപ്പോയിരുന്നില്ലേ... പക്ഷേ തിരിച്ചറിവ് നോവിക്കുന്നതാണ്... ആരെയും സങ്കടപ്പെടുത്താൻ വയ്യാതെ അവളോടുക്കം എത്തിച്ചേർന്നതോ...!!!
‘മിൻസാരക്കനവ്’ എന്ന സിനിമ 1997 ൽ പുറത്തിറങ്ങുമ്പോൾ സംഗീതസാന്ദ്രമായ ഒരു ചിത്രം എന്നതിനപ്പുറം ഹോളിവുഡിലെ മോസ്റ്റ് എലിജിബിൾ ടാലന്റഡ് നായിക കാജോളിന്റെ സാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈരമുത്തുവിന്റെ മനോഹരമായ വരികൾക്ക് എപ്പോഴും ചേരുക എ.ആർ. റഹ്‌മാന്റെ സംഗീതമാണെന്ന് ഈ ചിത്രം വീണ്ടും തെളിയിച്ചിരുന്നു.
‘പൂപൂക്കും ഓസൈ അതൈ കേൾക്കത്താൻ ആസൈ
പുൽവിരിയും ഓസൈ അതൈ കേൾക്കത്താൻ ആസൈ’
പഠനത്തിനൊപ്പം, എപ്പോഴാണ് പ്രിയയുടെ ഉള്ളിൽ കർത്താവിന്റെ തിരുമണവാട്ടിയാവുക എന്ന മോഹം കുടിയേറി പാർത്തതാവോ!!! നിത്യവും പ്രാർഥനകളും യേശുവും ഹൃദയത്തിൽ വരികളായും സംഗീതമായും സ്നേഹമായും വന്നു നിറഞ്ഞപ്പോൾ സ്വന്തമായ ഉടലും ഉയിരും ആ പരമ കാരുണികനു നൽകാൻ തീരുമാനിച്ചതിൽ പ്രിയയെ ഒന്നും പറയാനില്ല.
തോമസിന് ഹൃദയത്തിൽ തട്ടിയ പ്രേമമായിരുന്നു പ്രിയയോട്. ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തുനിന്ന് അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അവളുടെ കണ്ണുകൾ നിലാവു പോലെ പ്രകാശിക്കുന്നതാണ് അയാളാദ്യം കണ്ടത്.
"തങ്ക താമരൈ മഗളേ
വാ അരുഗേ"
അവൾ തൊട്ട വിരലുകൾ, അവൾ തൊട്ടു കടന്നു പോയ മുടിയിഴകൾ, അവളുടെ ചിരി, എല്ലാം മോഹമുള്ളു കൊണ്ട പോലെ നോവിച്ചു കൊണ്ട് കടന്നു വരുന്നു, പിന്നെ ഇറങ്ങിപ്പോകാതെ നെഞ്ചിലെവിടെയോ ഒട്ടിയിരിക്കുന്നു. പക്ഷേ അവളോടു പറയാനാകാതെ ഓരോ നിമിഷവും അയാൾ ഉരുകിയിരുന്നു. എന്തുകൊണ്ടാവും പ്രണയം തോന്നുന്ന പെൺകുട്ടിയോട് തന്റെ ഹൃദയം തുറന്നു പറയാൻ അയാൾ ഇത്ര മടിച്ചത്? ഒരുപക്ഷേ ഒന്ന് പറഞ്ഞിരുന്നെങ്കിൽപ്പോലും അവൾ അയാളിലേക്ക് എത്തുമായിരുന്നോ? സംശയമാണ്, കാരണം അവളുടെ മിടിപ്പുകൾ പണ്ടേക്കു പണ്ടേ ദേവയുടെ സംഗീതവുമായി കൂടി കുഴഞ്ഞതായിരുന്നു.
"ഊ ലാ ലാ ല്ലാ...ഊ ഊ ലാ ലാ ലല്ലലാ
ഉ ല്ല ലാ ലാ ലാ ലാ ല ല്ല ലാ..."
ഒന്നിച്ചായിരുന്നു ആ പാട്ട്.... അവർ ഒന്നിച്ച് പിന്നെ എത്രയോ പാട്ടുകൾ പാടി. പക്ഷേ ആദ്യത്തെ ആ പാട്ടു പാടുമ്പോൾ ഒരിക്കലും അവൾ കരുതിയിരുന്നില്ല, ഇനിയങ്ങോട്ടുള്ള പാട്ടുകൾ ദേവനൊപ്പമായിരിക്കുമെന്ന്. കാരണം ആ സമയത്ത് ദേവൻ വെറുമൊരു കടമെടുപ്പുകാരൻ ആയിരുന്നു. തോമസിനു വേണ്ടി, കന്യാസ്ത്രീ ആകാൻ തീരുമാനിച്ച പ്രിയയുടെ ജീവിതത്തിലേക്കു പ്രണയത്തിന്റെ നിറങ്ങൾ കാണിച്ചു കൊടുക്കാൻ വന്ന പകരക്കാരൻ. നിറങ്ങളിൽ പെട്ട് അവൾ മോഹവലയത്തിലായാൽ ദേവനു പകരം തോമസ് അവളിലേക്കു നടന്നെത്തി അവളെ കരവലയത്തിനുള്ളിൽ സുരക്ഷിതമാക്കുമെന്നും അയാൾ പദ്ധതിയിട്ടു, പക്ഷേ കർത്താവിന്റെ മണവാട്ടിയാകാൻ തീരുമാനിച്ച, ഈശോയുടെ പ്രിയപ്പെട്ടവൾക്ക് എന്താണ് അനുയോജ്യം എന്ന് അദ്ദേഹത്തേക്കാൾ നന്നായി മറ്റാരു മനസ്സിലാക്കിയെന്നാണ്!
"അൻപെൻട്ര മഴൈയിലേ അഖിലങ്കൾ
നനൈയവേ അതിരൂപം തോൺട്രിനാനേ
വൈക്കോലിൻ മേലൊരു വൈരമായ് വൈരമായ്
വന്തവൻ മിന്നിനാനേ"
കരുണയുടെ കാറ്റ് വീശിയടിക്കുന്നു. ഏറ്റവും മനോഹരമായ പാട്ടുകൾ അവനു വേണ്ടി ഉള്ളിൽനിന്നു പാടുന്നതായിരിക്കും. ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കു വേണ്ടി പാടുമ്പോൾ മാത്രമേ അതിലെ വരികളിൽ, സംഗീതത്തിൽ എല്ലാം ജീവനുണ്ടാകൂ, ആ പാട്ടു കേൾക്കുമ്പോൾ ചിലപ്പോൾ കണ്ണുകൾ നിറഞ്ഞെന്നു വരും. പ്രിയയുടെ സ്നേഹം മുഴുവൻ ദേവനെ കണ്ടെത്തുന്നതിനു മുൻപ് ഒഴുകിയിരുന്നത് ആ തിരുസ്നേഹത്തിന്റെ കണ്ണുകളിലേക്കായിരുന്നു. മറ്റൊന്നിലേക്കും കാഴ്ചയെത്താതെ, മറ്റൊരിടത്തേക്കും മനസ്സു പോകാതെ അവൾ അവളുടെ ആഴമുള്ള പ്രേമത്തെ അദ്ദേഹത്തിലേക്കു ചേർത്തു വച്ചു. ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പൊതുവെ തമിഴ് സിനിമകളിൽ കുറവാണ്. പക്ഷേ ഉള്ള പാട്ടുകൾ ഏറ്റവും മനോഹരങ്ങൾ തന്നെയാണ്. റഹ്മാന്റെ സംഗീതവും വൈരമുത്തുവിന്റെ വരികളും അല്ലെങ്കിലും ഒരിക്കലും പാഴാകില്ലല്ലോ!
ആകാശത്തൊരു പൂർണബിംബം, അതിന്റെ നിലാവ് അവളുടെ മുഖത്തു തട്ടി രാവിനു പോലും ചാരുത കൂടുന്നു... അങ്ങകലെ ആകാശത്തെ അമ്പിളി മുന്നിലേക്കു വന്നിറങ്ങിയതാകുമോ... എങ്ങനെയൊക്കെ ആലോചിച്ചിട്ടും ദേവയ്ക്കു സംശയം മാറുന്നില്ല. പ്രണയത്തിലേക്കു വഴുതി വീഴാൻ ഭയന്നും മടിച്ചും അവൾ അകന്നിരിക്കുമ്പോൾ അവന്റെ പാട്ട് ഈശോയുടെ തിരുരൂപം സ്ഥാപിച്ച ഹൃദയത്തിന്റെ ഏതോ കോണിൽ ചലനങ്ങളുണ്ടാക്കുന്നു.
"വെണ്ണിലവേ വെണ്ണിലവേ വിണ്ണൈ താണ്ടി വരുവായാ
വിളയാട ജോഡി തേവൈ
ഇന്ത ഭൂലോകത്തിൽ യാരും പാക്കും മുന്നേ
ഉന്നൈ അതികാലൈ അണുപ്പി വൈപ്പോം"
പണം കയ്യിലുള്ള ആളായിരുന്നില്ല അയാൾ, വെളുത്തു തുടുത്ത സുന്ദരനുമായിരുന്നില്ല. പക്ഷേ ഈ ഗുണങ്ങളൊക്കെ ഉണ്ടായിട്ടും, തോമസ് എന്ന അനുരാഗിയുടെ പകരക്കാരനായി എത്തിയതായിട്ടും ദേവയ്ക്കു മാത്രമേ പ്രിയയുടെ ഹൃദയത്തെ കീഴടക്കാൻ കഴിഞ്ഞുള്ളു. ഒരു നിമിഷ നേരം അവന്റെ കരവലയത്തിൽ ഒതുങ്ങിപ്പോകുമ്പോൾ അവൾ തിരിച്ചറിയുന്നു, യഥാർഥത്തിൽ തന്റെ പ്രണയം തിരികെ ലഭിക്കേണ്ട ഒരിടത്തേക്ക് തന്നെ ഒഴുകേണ്ടതായിരുന്നു... അത് ദേവയുടേതായിരുന്നു...
ആ പാട്ടിന്റെയൊടുവിൽ പ്രിയ എത്തിപ്പെടുന്ന ലോകം അത്യാനന്ദത്തിന്റെ പ്രണയ താഴ്‌വരകളിൽ ആടിയുലഞ്ഞു നിൽക്കുന്ന ഒരു പൂവ് പോലെയാണെങ്കിൽ ദേവയ്ക്ക് അതു നെഞ്ചിൽ കുത്തിക്കയറുന്ന വേദനകളുടെ തരിശു ഭൂമിയായിരുന്നു.
ജോലിയും നിറവും താമസവും എല്ലാം, എല്ലാം അവൾക്കു മുന്നിലെത്തുമ്പോൾ അവനു പ്രശ്നം തന്നെയാണെന്ന് അറിയാതെയല്ല. പക്ഷേ ഹൃദയം മുറിയുന്നു, അവളുടെ നോട്ടം താങ്ങാൻ കഴിയാതെയാകുന്നു... അവളുടെ പ്രണയം കുത്തിക്കയറുന്ന മുള്ളുകളാകുന്നു... പക്ഷേ അത് ഒഴിവാക്കാൻ ആകുന്നുമില്ല... അതിനുമപ്പുറം തോമസ് ഏൽപ്പിച്ച അയാളുടെ പ്രണയിനിയോടു സ്നേഹം തോന്നിയതിലുള്ള കുറ്റബോധം. ദേവയ്ക്കു പക്ഷേ നല്ല ബോധ്യമുണ്ട്, പ്രിയയുടെ സ്നേഹം ദേവയിലേക്കു തന്നെയേ ഒഴുകിയെത്തൂ, ഏതവസ്ഥയിൽനിന്നും ആരുടെ വിളികളിൽനിന്നും അവൾക്കു വന്നെത്തേണ്ടത് അവന്റെ നെഞ്ചിന്റെ മിടിപ്പിലേക്കു തന്നെയാകണം. രണ്ടു പേരല്ല, മോഹിച്ച ഒരാൾ മാത്രമാണ് സത്യം എന്നത് പ്രിയയേക്കാൾ നന്നായി ആരാണ് മനസ്സിലാക്കിയത് അല്ലെങ്കിലും!!!