Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോബ് കുര്യൻ; മലയാളം 'തിരിച്ചറിയാത്ത' പാട്ടുകാരൻ

job-kurian-music

മലയാളത്തിലെ  ‘അണ്ടർ  റേറ്റഡായ’ യുവഗായകരിൽ  ഒരാളാണു ജോബ് കുര്യൻ.  അദ്ദേഹത്തിന്റെ  ഗാനങ്ങളുടെ  പട്ടിക പരിശോധിച്ചാൽ  ഇതു വ്യക്തമാകും.. 2007ൽ കമൽ സംവിധാനം ചെയ്ത ഗോൾ എന്ന ചിത്രത്തിനു വേണ്ടി  വിദ്യാസാഗർ സംഗീതം നൽകിയ ‘ഓ മരിയ ഓ മരിയ’ എന്ന ഗാനത്തോടെ  സിനിമയിലേക്കെത്തിയ  ചെറുപ്പക്കാരൻ.  അടുത്ത ഗാനം  ശ്യാമപ്രസാദിന്റെ  ഋതു എന്ന ചിത്രത്തിനു വേണ്ടി. റഫീക്ക് അഹമ്മദ് എഴുതി  രാഹുൽ രാജ് ഈണം നൽകിയ ‘ചഞ്ചലം തെന്നിപ്പോയി  നീ’ നേഹ നായർക്കൊപ്പം പാടിയതു 2009ൽ. ജോബിന്റെ  ബിഗ് ബ്രേക്കെന്നു  വിശേഷിപ്പിക്കാവുന്ന  ഗാനം എത്തിയതു 2011ലാണ്. ഉറുമിയിലെ  ആരാന്നേ ആരാന്നേ  എന്ന ഗാനം. ദീപക് ദേവിന്റെ സംഗീതത്തിൽ പിറന്ന  ആ പാട്ട്  മലയാളികൾ ഏറെക്കാലം  ഏറ്റുപാടി. പിന്നെ കൃത്യമായ ഇടവേളകളിൽ തന്റെ പാട്ടുകളുമായി ജോബ് കുര്യൻ തന്റെ സാന്നിധ്യം  ഇവിടെ കാട്ടി. പക്ഷെ പത്തു വർഷം പിന്നിടുന്ന കരിയറിൽ ഇതുവരെ ക്രഡിറ്റിലുള്ളതു ഇരുപതോളം പാട്ടുകൾ  മാത്രം. 

റെഡ് വൈൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ അകലുവതെന്തിനോ മറയുവതെന്തിനോ, ഹണി ബീയിലെ ഇന്നലകളെ തിരികെ വരുമോ, കലിയിലെ ചില്ലു റാന്തൽ വിളക്കേ, ഇടുക്കി ഗോൾഡിലെ മാണിക്യ ചിറകുള്ള മാറത്തു കുറിയുള്ള, 22 ഫീമെയിൽ കോട്ടയത്തിലെ മെല്ലേ കൊല്ലും തുടങ്ങിയ ഒരുപിടി നല്ല ഗാനങ്ങൾ ജോബിന്റെ ശബ്ദത്തിൽ കേട്ടു. പക്ഷെ മലയാളം  വേണ്ടത്ര പരിഗണനയോ  ഗാനങ്ങളോ  ഈ ഗായകനു നൽകിയിട്ടില്ലെന്നതാണു വാസ്തവം

ജോബിനെപ്പറ്റി  വീണ്ടും പറയാനുള്ള  കാരണം അദ്ദേഹത്തിന്റെ ഹോപ് എന്ന ആൽബത്തിലെ(പ്രൊജക്ടിലെ) പുതിയ ഗാനമാണ്. ‘എന്താവോ’ എന്ന ട്രാക്ക് ജോബിന്റെ മികവിന് അടയാളമായി നിൽക്കുന്നു. ജോബിന്റെ ഗാനങ്ങളിലെല്ലാം  കൂട്ടുകൂടുന്ന ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്കു സംഗീതവും ആലാപനവും ജോബ് തന്നെ.  

ജോബ് കുര്യനെ ഒരു ഗായകൻ എന്നതിനേക്കാളുപരി ഒരു മ്യുസിഷൻ(സംഗീതജ്ഞൻ) എന്നു  വിശേഷിപ്പിക്കുന്നതാണ് ഉത്തമം. പാട്ടുകൾ സൃഷ്ടിക്കുകയും  സംഗീതത്തിൽ വേറിട്ട  വഴികളിലൂടെ സഞ്ചരിക്കാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്നവർ. സിനിമയിലെ ഗാനങ്ങളെക്കാൾ ജോബിനെ  പലരും ഇഷ്ടപ്പെടുന്നത് അദ്ദേഹം  സംഗീതം നൽകിയ പല ഗാനങ്ങളുടെയും പേരിലാകും.  നാടൻ ശീലുകളും  വരികളുമെല്ലാം  നിറഞ്ഞ  സുന്ദരമായ  ഈണങ്ങൾ. ആദ്യമെത്തിയതു താളമെന്ന ആൽബമാണ്. മലയാളത്തിൽ  ബാൻഡുകൾ പെരുകുന്നതിനു മുൻപു വേറിട്ട താളം കേൾപ്പിച്ച ഒരു ബാൻഡ്. നേരിൻ നോവിൽ തീയിൽ പടരുക, പൈങ്കിളിതത്ത, താളം തുടങ്ങിയ ഈ ആൽബത്തിലെ  ഗാനങ്ങളെല്ലാം  ഒന്നിനൊന്നു മികച്ചവയായിരുന്നു. ജോബ് കുര്യൻ, യാക്സൻ പെരേര(ഇയോബ്ബിന്റെ പുസ്തകത്തിൽ  സംഗീതം പകർന്നു അവാർഡുകൾ നേടിയ യാക്സൻ-നേഹ സംഘം), ചരൺ രാജ് എന്നിവരായിരുന്നു ആൽബത്തിനു പിന്നിൽ. നെടുമുടി വേണു പാടിയ പൈങ്കിളിതത്ത എന്ന പാട്ടൊക്കെ ഏറെ മനോഹരമായിരുന്നു. 

താളം വേണ്ടത്ര ഇടം പിടിച്ചില്ല. പക്ഷെ ജോബ് തന്റെ  യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഒരു കീബോർഡിന്റെ മാത്രം പശ്ചാത്തലത്തിൽ കണ്ണീർ പൂവിന്റെ എന്ന ഗാനത്തിനു കവർ പാടിയ ജോബ് തന്നെയാണു ‘കാണാൻ കണ്ണ്, കേൾക്കാൻ കാത്’ എന്നതുൾപ്പെടെയുള്ള ഗാനങ്ങൾ തയാറാക്കിയത്. ചാനലുകളിലെ സംഗീത പരിപാടികളിൽ  ജോബ് തന്റെ സ്വന്തം ഗാനങ്ങളുമായി കൃത്യമായ ഇടവേളകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. പല ഗാനങ്ങളും എക്സിപിരിമെന്റൽ ശീലുകൾ ഉള്ളതുകൊണ്ടാകാം  വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 

ജോബിന്റെ ഗാനങ്ങൾ കേൾക്കുക സുഖമുള്ളൊരു ഏർപ്പാടാണ്. സംശയമുള്ളവർ യുട്യൂബിൽ ചിലതൊന്നു കേൾക്കാം. ഒരുപാട് ആളുകൾ യുട്യൂബ് വഴി കണ്ട പദയാത്രയേക്കാൾ മികച്ചതു 'മായമോ' എന്ന പാട്ടാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. തിരുവനന്തപുരത്തെ  ഒരു കഫെയുടെ  പ്രചരണത്തിനു വേണ്ടി തയാറാക്കിയ ഓപ്പൺ അപ് എന്ന ഗാനം 2015ലാണു റിലീസ് ചെയ്തത്. ഇരുപതിനായിരത്തിൽ താഴെ മാത്രമാണു യുട്യൂബിൽ ഇതിന്റെ കാഴ്ചക്കാർ. അഞ്ചു ഗാനങ്ങൾ ഉൾപ്പെടുന്ന ഹോപ് എന്ന പ്രൊജക്ടിലെ ആദ്യ ഗാനമാണ് എന്താവോ. രസകരമായ വീഡിയോയും ഓർക്കസ്ട്രേഷനുമെല്ലാമായി മനോഹരമാക്കിയിട്ടുണ്ട് ആ ഗാനം