ഉന്നം മറന്നു തെന്നിപ്പറന്ന, ഏകാന്തചന്ദ്രികേ, നീർപ്പളുങ്കുകൾ... മലയാളികൾ എന്നും ഓർത്തുവയ്ക്കാനിഷ്ടപ്പെടുന്ന, ഒരു സമയത്ത് മലയാളിക്കരയാകെ വീശിയടിച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളാണിവ. ആ ഗാനങ്ങൾ ഇന്നും നമ്മുടെ മനസിലുണ്ടെങ്കിലും അതിന് സംഗീതം നിർവ്വഹിച്ച എസ് ബാലകൃഷ്ണൻ എന്ന പ്രതിഭ ഇന്നെവിടെയാണെന്ന് അധികമാർക്കും അറിയില്ല.
പാലക്കാട് ജില്ലയില്‍ ചിറ്റിലഞ്ചേരിയില്‍ മലയാള ബ്രാഹ്മണ കുടുംബത്തിലാണ് എസ് ബാലകൃഷ്‌ണന്‍ ജനിക്കുന്നത്. മലയാളം നന്നായി സംസാരിക്കാന്‍ അറിയാത്ത അദ്ദേഹം മലയാള സിനിമയില്‍ ഒരുകാലത്തെ ഹിറ്റ്ഗാനങ്ങളുടെ തോഴനായിരുന്നു. കെ എസ് ചിത്രയും യേശുദാസുമെല്ലാം സമ്മാനിച്ച ഒരുപിടി ഹിറ്റ് ഗാനങ്ങളുടെ സംഗീതം ചെയ്‌തത് അദ്ദേഹമായിരുന്നു. ഇദ്ദേഹം എവിടെയാണ് എന്നു നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് ചെന്നൈയില്‍ ഉണ്ടെന്ന് അറിഞ്ഞത്. നമ്പര്‍ തേടിയെടുത്ത് വിളിച്ചു.
ഏകാന്തചന്ദ്രികേ...
സാര്‍ ഒരു ഇന്റര്‍വ്യു വേണമായിരുന്നു എന്നുചോദിച്ചപ്പോള്‍ മറുപടി ഉടന്‍ വന്നു. "പ്രോജക്ട് ഒന്നുമില്ല സാര്‍.. പിന്നെ എതുക്ക് സാര്‍ ഇന്റര്‍വ്യു".
"മലയാളികള്‍ക്ക് താങ്കളെപ്പറ്റി അറിയണമെന്നുണ്ട് സാര്‍ അതിനായാണ്".
"ഒക്കെ ഞാന്‍ ഫ്രീയായിരിക്കും വിളിച്ചോളൂ എന്ന് മറുപടി വന്നു."
സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച എസ് ബാലകൃഷ്ണൻ. ഇൻ ഹരിഹർനഗർ, കിലുക്കാംപെട്ടി, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങി തൊണ്ണൂറുകളിലെ സൂപ്പർഹിറ്റായിരുന്ന നിരവധി ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ മൊഹബത്ത്, 2012 ൽ പുറത്തിറങ്ങിയ മാന്ത്രികൻ തുടങ്ങിയ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. 16 സിനിമകളിലായി 78 ഗാനങ്ങളാണ് അദ്ദേഹം മലയാളത്തില്‍ ചെയ്‌തത്. സംഗീത അധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന എസ് ബാലകൃഷ്ണൻ മലയാള സിനിമയിലെ തന്റെ സംഗീതാനുഭവങ്ങള്‍ മനോരമ ഓണ്‍ലൈനുമായി പങ്കിടുന്നു.
ഉന്നം മറന്നു തെന്നിപ്പറന്ന...
ഹിറ്റ് ഗാനങ്ങളുടെ തോഴന്‍
അവനവന്‍ കുരുക്കുന്ന...
ഒരായിരം കിനാക്കളായി...
കണ്ണീര്‍ കായലിലേതോ...
ഏകാന്തചന്ദ്രികേ...
പൂക്കാലം വന്നു പൂക്കാലം...
പച്ചക്കറിക്കായ തട്ടില്‍...
പവനരച്ചെഴുതുന്നു...
പാതിരാവായി നേരം...
എന്നിങ്ങനെ നീളുന്ന അനേകം ഗാനങ്ങള്‍ ഞാന്‍ മലയാളത്തില്‍ ചെയ്‌തിട്ടുണ്ട്. സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിന്റെ ഒരിടക്കാലത്തെ സിനിമയിലെല്ലാം ഞാനാണ് വര്‍ക്ക് ചെയ്‌തിരുന്നത്. അവര്‍ നല്ല ഫ്രീഡം തരുമായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഇഷ്‌ടമുള്ള പരീക്ഷണങ്ങള്‍ പാട്ടില്‍ നടത്താനും കഴിഞ്ഞിരുന്നു.
ഒരായിരം കിനാക്കളായി...
മലയാളം സംഗീത ലോകത്തെ കടന്നുവരവ്
എം ബി ശ്രീനിവാസന്റെ അസിസ്റ്റന്റായി ഞാന്‍ വര്‍ക്കുചെയ്‌തിട്ടുണ്ട്. രണ്ട് പ്രോജക്റ്റിലാണ് അദ്ദേഹത്തിനൊപ്പം മലയാളത്തില്‍ വര്‍ക്ക് ചെയ്‌തത്. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. രണ്ടും ഫാസിലിന്റെ ചിത്രമായിരുന്നു. ഈ ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്ക് സംഗീത സംവിധാനം ചെയ്യണമെന്നും എന്റെ അസിസ്റ്റന്റായി വര്‍ക്കുചെയ്‌തിരുന്ന സിദ്ദിഖും ലാലും സിനിമയെടുക്കുന്നുണ്ടെന്നും ഫാസില്‍ പറഞ്ഞു. അദ്ദേഹമാണ് അവരെ വിളിച്ചിട്ട് എന്റെ സംഗീതം ട്രൈ ചെയ്‌തു നോക്കാന്‍ പറയുന്നത്.
അങ്ങനെയാണ് റാംജി റാവു സ്‌പീക്കിങ് എന്ന ചിത്രത്തിനായി ഞാന്‍ സംഗീതം ചെയ്യുന്നത്. ആദ്യം അതിനായി 10 ടൂണുകള്‍ ഉണ്ടാക്കി. അത് സംവിധായകര്‍ക്ക് അയച്ചു കൊടുത്തു. അവര്‍ അതില്‍ നിന്നും 4 എണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് 1. അവനവന്‍ കുരുക്കുന്ന... 2. കളിക്കളം ഇത് കളിക്കളം... 3. കണ്ണീര്‍ക്കായലിലേതോ... 4. ഒരായിരം കിനാക്കളാല്‍... എന്നീ ഗാനങ്ങള്‍ ഉണ്ടാകുന്നത്.
ഞാൻ എആര്‍ റഹ്‌മാന് അവസരം കൊടുത്തു
കളിക്കളം ഇത് കളിക്കളം എന്ന ഗാനം ചെയ്യുമ്പോള്‍ അതിന് കീബോര്‍ഡ് വായിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. അന്ന് റഹ്‌മാന്‍ സംഗീത സംവിധായകനായിട്ടില്ല. പയ്യനാണ്. കുട്ടിക്കാലത്ത് തന്നെ റഹ്‌മാന്‍ കീബോര്‍ഡ് വായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ തീരുമാനിച്ചതാണ് ഞാന്‍ സംഗീതം ചെയ്യുന്നെങ്കില്‍ എആര്‍ റഹ്‌മാന് അവസരം നല്‍കണമെന്ന്. അങ്ങനെയാണ് കളിക്കളം എന്ന പാട്ടില്‍ റഹ്‌മാനെയും ശിവമണിയെയും ഉള്‍പ്പെടുത്തുന്നത്. അവര്‍ തന്നെയാണ് ആ പാട്ടിനെ ഹിറ്റാക്കിയതും.
പൂക്കാലം വന്നു പൂക്കാലം...
മലയാള സംഗീത ലോകത്തുനിന്നും എങ്ങനെ പുറത്തായി?
സത്യത്തില്‍ യഥാര്‍ത്ഥ കാരണമെന്തെന്ന് അറിയില്ല. മലയാളികള്‍ എന്റെ സംഗീതത്തെ എന്നും ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ്. ഞാന്‍ ചെയ്യുന്നവയെല്ലാം ഹിറ്റായി കൊണ്ടിരുന്നു. എന്നാല്‍ അന്നത്തെക്കാലത്ത് സിനിമാ മേഖലയില്‍ സംവിധായക - സംഗീത സംവിധായക കൂട്ടുക്കെട്ടുകള്‍ ഉണ്ടായിരുന്നു. ഇളയരാജയെ സ്ഥിരമായി സംഗീതം ചെയ്യുന്ന സംവിധായകര്‍... അങ്ങനെ സംവിധായകര്‍ക്ക് സംഗീതജ്ഞരുടെ കോമ്പോ ഉണ്ടായിരുന്നു. സിദ്ദിഖ് ലാല്‍ വേറെ സംഗീതജ്ഞരെ ട്രൈ ചെയ്‌തപ്പോള്‍ ഞാന്‍ ഔട്ടായി തുടങ്ങി. അങ്ങനെ ഒരു ബ്രേക്ക് വന്നു. പിന്നെ അവസരങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ ഹിറ്റുകള്‍ ഉണ്ടാക്കാനും കഴിഞ്ഞില്ല. അതാകാം കാരണമെന്ന് കരുതുന്നു.
ഇനിയും അവസരങ്ങള്‍ കിട്ടിയാല്‍
അവസരങ്ങള്‍ കിട്ടാത്തതില്‍ പരിഭവമില്ല. എനിക്ക് 67 വയസായി. പുതിയ നിരവധി ആളുകള്‍ നല്ലരീതിയില്‍ മലയാളത്തില്‍ ഇപ്പോള്‍ സംഗീതം ചെയ്യുന്നുണ്ട്. എന്നാല്‍ എന്നെ ആരെങ്കിലും സംഗീതം ചെയ്യാന്‍ വിളിച്ചാല്‍ തീര്‍ച്ചയായും ചെയ്യും. മലയാളികള്‍ രസിച്ച പാട്ടുകളിലൂടെയാണ് ഞാന്‍ അറിയപ്പെടുന്നത്. അവര്‍ക്കായി എന്നും പാട്ടുകള്‍ മെനയാന്‍ ഞാന്‍ തയ്യാറാണ്.
പാതിരാവായി നേരം...
മറ്റുഭാഷകളില്‍
ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് അതായത് എംജിആര്‍ നഗറിലും അതിന്റെ തന്റെ തെലുങ്കിലും സംഗീതം ചെയ്‌തിട്ടുണ്ട്. അല്ലാതെ മറ്റുഭാഷകളില്‍ കൂടുതല്‍ ചാന്‍സുകള്‍ ലഭിച്ചിട്ടില്ല.
നിലവില്‍ സംഗീത അദ്ധ്യാപകന്‍
ഞാന്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് സംഗീതം പഠിപ്പിക്കുകയാണ്. എ ആര്‍ റഹ്‌മാന്റെ കെ എം മ്യൂസികില്‍ വെസ്റ്റേണ്‍ ഫ്ലൂട്ട് പഠിപ്പിക്കുകയാണ്. നിരവധി സമാന്തര സംഗീത പ്രോജക്റ്റുകള്‍ മനസ്സിലുണ്ടെങ്കിലും അധ്യാപനത്തില്‍ മുഴുകിയിരിക്കുന്നതിനാല്‍ സമയം ലഭിക്കുന്നില്ല. സംഗീതം ചെയ്യണം. എത്രത്തോളം ചെയ്യാന്‍ കഴിയുമോ അത്രത്തോളം കാലം സംഗീതം ചെയ്യണം. അതാണല്ലോ എന്റെ ലോകം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.