കേരളത്തിൽ മാത്രമല്ല, ഇന്ത്യയില്‍ തന്നെ തരംഗമായിരുന്നു 'ജിമിക്കി കമ്മൽ'. പലരും ജിമിക്കി കമ്മലിനു ചുവടുവച്ചു. ഏറ്റവുമൊടുവിൽ ജിമിക്കി കമ്മലുമായി എത്തുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം ജ്യോതിക.
വിദ്യാബാലൻ ചിത്രം 'തുമാരി സുലു'വിന്റെ തമിഴ് പതിപ്പായ 'കാട്രിൻ മൊഴി' യിലാണ് ജ്യോതിക ജിമിക്കി കമ്മലുമായി എത്തുന്നത്. തുമാരി സുലുവിൽ ശ്രീദേവിയുടെ 'ഹവായി ഹവായ്' എന്ന ഗാനത്തിനായിരുന്നു വിദ്യാബാലൻ ചുവടുവച്ചത്. അതേരംഗത്തിന്റെ ചിത്രീകരണത്തിലാണ് 'ജിമിക്കി കമ്മൽ' വരുന്നത്. ജ്യോതികയുടെ 'ജിമിക്കി കമ്മൽ' ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്
മലയാളം ഗാനം എന്ന നിലയിലാണ് സിനിമയിൽ ജിമിക്കി കമ്മൽ വരുന്നത്. ഗാനം റീമിക്‌സ് ചെയ്യാതെ തന്നെ ഉപയോഗിക്കും. 'കാട്രിന്‍ മൊഴി'യില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്.
യുട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാളം ഗാനമായിരുന്നു 'ജിമിക്കി കമ്മൽ'. ചിത്രത്തിന്റെ കോപ്പി റൈറ്റ് ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനാണ് നൽകിയത്. പക്ഷെ, ഗാനം യൂടൂബിൽ അപ്‌ലോഡ് ചെയ്തത് മറ്റൊരു സ്വകാര്യ കമ്പനിയായിരുന്നു. ഇവർക്കെതിരെ ചാനൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജിമിക്കി കമ്മൽ യുട്യൂബിൽ നിന്നും മാറ്റിയിരുന്നു.