നിക്ക് ജോനാസിന്റെ മൊബൈൽ വാൾപേപ്പർ കണ്ട് അമ്പരന്ന് ആരാധകർ

ഇന്ത്യയുടെ മരുമകനാകാൻ തയാറെടുക്കുന്ന നിക്ക് ജോനാസിന്റെ ഓരോ ചലനവും വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. കഴിഞ്ഞ ദിവസം സഹോദരനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ നിക്ക് ജോനാസ് പങ്കു വച്ചിരുന്നു. ഫോട്ടോയിൽ, നിക്കിനെയോ സഹോദരനെയോ അല്ല ആരാധകർ ശ്രദ്ധിച്ചത്. മറിച്ച് നിക്കിന്റെ കയ്യിലെ മൊബൈലാണ് ആരാധകശ്രദ്ധ കവർന്നത്. പ്രിയങ്ക ചോപ്രയുടെ ഫോട്ടോ വാൾപേപ്പറാക്കിയ നിക്കിന്റെ മൊബൈൽ അതോടെ വാർത്താകേന്ദ്രമായി.

വെറുമൊരു ഫോട്ടോ ആയിരുന്നില്ല ആ വാൾപേപ്പർ. ഒരു വർഷം മുൻപ് നിക്കും പ്രിയങ്കയും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ട പരിപാടിയിലെ പ്രിയങ്കയുടെ ഫോട്ടോ ആയിരുന്നു അത്. ഇൻസ്റ്റഗ്രാം പേജിൽ നിക്ക് ജോനസ് ആദ്യമായി പങ്കു വച്ച പ്രിയങ്കയുടെ ഫോട്ടോയും ഇതു തന്നെയായിരുന്നു. ഇതാണ് ഇരുവരുടെയും ആരാധകരെ അമ്പരപ്പിച്ചത്.  

ഒരു വർഷം മുൻപ് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി നടത്താറുള്ള മെറ്റ് ഗാലയിലാണ് ഇരുതാരങ്ങളും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നത്. പരിപാടിക്കു ശേഷം നിക്ക് ജോനാസ് പരിപാടിയിൽ വച്ചെടുത്ത പ്രിയങ്കയുടെ ചിത്രം സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ചു. ഇതോടെ ഇരുവരും തമ്മിൽ പ്രണയമാണോയെന്ന ചർച്ചകളും സജീവമായി. ഒരു വർഷത്തിനിപ്പുറം ഇരുവരും പ്രണയം പരസ്യമാക്കുകയും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. 

പ്രിയങ്കയോടുള്ള നിക്കിന്റെ പ്രണയത്തിന്റെ ഏറ്റവും മനോഹരമായ അടയാളപ്പെടുത്തിലാണ് അദ്ദേഹത്തിന്റെ മൊബൈലിലെ ആ ചിത്രമെന്നാണ് ആരാധകരുടെ അഭിപ്രായം. നിരവധി പേർ നിക്കിനെ അഭിനന്ദിക്കുകയും ചെയ്തു. ഡിസംബർ രണ്ടിന് രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചാണ് നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും വിവാഹിതരാകുന്നത്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.