ഒരു ചിത്രവും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്കും സിനിമാ ലോകത്തും സൃഷ്ടിക്കുന്ന ആഴം എന്താണെന്ന് അറിയുന്നത് ഇങ്ങനെയൊക്കെയാണ്. അത്ഭുതപ്പെടുത്തുന്ന പ്രതികരണങ്ങളായിരിക്കും ഓരോ കാലത്തും ആ ചിത്രവും കഥാപാത്രങ്ങളും നേടുന്നത്. നടി സായി പല്ലവിയുടെ കണ്ണുകളിലും കാണാം ഈ അത്ഭുതം ഇപ്പോഴും. ഒരു ട്വീറ്റു കണ്ട് ആകെ ഞെട്ടിയിരിക്കയാണ് താരം. ബോളിവുഡ് നടനു പോലും പ്രണയം തോന്നി താൻ അവതരിപ്പിച്ച കഥാപാത്രത്തോട് എന്നറിയുമ്പോൾ പിന്നെന്ത് തോന്നാനാണ്?
നടൻ ആയുഷ്മാൻ ഖുറാനയാണ് ട്വീറ്റിനു പിന്നിൽ. പ്രേമം എന്ന ചിത്രത്തിലെ മലരേ എന്ന പാട്ട് കണ്ടുവെന്നും ലളിതവും മനോഹരവുമാണ് സായി എന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നന്ദി പറഞ്ഞു കൊണ്ട് സായി പല്ലവി റീട്വീറ്റ് ചെയ്തു. പിന്നാലെയെത്തി അദ്ദേഹത്തിന്റെ മറുപടി. ഈ യഥാർഥ ഭംഗിയും സ്വത്വവും യാഥാർഥ്യം കൈവിടാതെ തന്നെ സ്ക്രീനിലും എന്നും നിലനിർത്തണം എന്നായിരുന്നു ആയുഷ്മാന്‍ ഖുറാനയുടെ ട്വീറ്റ്. പരമാവധി ശ്രമിക്കാമെന്ന് സായി മറുപടിയും നൽകി.
ശബരീഷ് വർമ എഴുതി രാജേഷ് മുരുഗേശൻ ഈണമിട്ട് വിജയ് യേശുദാസ് പാടിയ പാട്ട് രണ്ട് കോടിയോളം പ്രാവശ്യമാണ് യുട്യൂബു വഴി ആളുകൾ കണ്ടത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം പുറത്തിറങ്ങിയിട്ട് രണ്ടു വർഷം പിന്നിട്ടു. എന്നിട്ടും തീരുന്നില്ല പ്രേമത്തിനോടുള്ള പ്രണയം എന്നുതന്നെ പറയണം. പ്രത്യേകിച്ച് ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച മലർ എന്ന കഥാപാത്രത്തിനോട്. ബോളിവുഡിൽ പോലും ഇപ്പോഴും മലരിന്റെ ആ പാട്ടിന് പ്രേക്ഷകരുണ്ട് എന്നത് ആ ചിത്രത്തിനും സംവിധായകനുമുള്ളൊരു അംഗീകാരമാണ്. നെഞ്ചോടു ചേർത്ത് സ്നേഹിക്കാൻ തോന്നുന്ന നായിക കഥാപാത്ര സൃഷ്ടിക്ക് പഴയ ചിത്രങ്ങൾക്കു മാത്രമല്ല, പുതുതലമുറയുടേതിനും പ്രാപ്തിയുണ്ടെന്നും പറയുന്നു ഈ സംഭവം.