മലയാളികൾ ഒരിക്കലും മറക്കാത്ത വിഷുപ്പാട്ടുകൾ പാടിത്തന്നിട്ടുണ്ട് എസ്.ജാനകിയെന്ന പ്രിയപ്പെട്ട ഗായിക. ‘കേശാദി പാദം തൊഴുന്നേൻ..കേശവ കേശാദി പാദം തൊഴുന്നേൻ…’, ‘കൊന്നപൂവേ കൊങ്ങീണി പൂവേ ഇന്നെന്നെ കണ്ടാൽ എന്തു തോന്നും കിങ്ങിണി പൂവേ…’എന്നീ ഗാനങ്ങൾ എന്നെന്നും പ്രിയപ്പെട്ട പാട്ടുകളാണ്. നമുക്കെത്രമാത്രം ഇഷ്ടമാണോ ജാനകിയമ്മയുടെ ഈ പാട്ടുകൾ ഒരുപക്ഷേ അതിനോളം അല്ലെങ്കിൽ അതിനേക്കാളും മേലെയാണ് വിഷു എന്ന ആഘോഷത്തോട് അവർക്കുള്ള സ്നേഹം.
വിഷുവുമായി ബന്ധപ്പെട്ട് ജാനകിയമ്മയ്ക്ക് പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല. എന്നാലും വിശേഷങ്ങളും സ്നേഹാശംസകളുമായി തന്നെ വിളിക്കുന്ന മലയാളികളുടെ മനം നിറയ്ക്കും ജാനകിയമ്മയൂടെ വിഷു ആശംസകളിലൂടെ. മലയാളിയുടെ സ്നേഹവും സന്തോഷവും അടുത്തറിയാനാകുന്ന ദിനം. അതാണ് എനിക്ക് വിഷു എന്നാണ് ജാനകിയമ്മ പറയുന്നത്.
കൊന്നപൂവും വെള്ളരിക്കയും നാണയവും കൃഷ്ണഭഗവാനും കണികാണലും ഒക്കെ വിഷുവിന്റെ ആഘോഷങ്ങളാണെന്ന് എന്നെ വിളിക്കുന്ന മലയാളികൾ പറഞ്ഞ് തരും. ചിലപ്പോൾ അവർ വിട്ട് പോയ ചിലത് ഞാൻ പറയും അപ്പോൾ അവർ ചിരിക്കും.. വിഷു ചിരി. കേൾക്കാൻ ഒരുപാട് രസകരമാണ് ആ സംസാരം. നല്ലൊരു അനുഭവം. ജാനകിയമ്മ പറഞ്ഞു.