Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഗറ്റീവ് പബ്ലിസിറ്റി പാട്ടിനു തുണയാകുമ്പോൾ...

sathya-movie-trolls

പോയ ദിവസങ്ങളിൽ ഏറ്റവുമധികം ട്രോളുകൾക്കും കളിയാക്കൽ വിഡിയോകൾക്കും ഇരയായ സത്യം എന്ന ചിത്രത്തിലെ പാട്ടുകൾക്ക് യുട്യൂബിൽ മികച്ച പ്രതികരണമാണു ലഭിച്ചത്. സിനിമയ്ക്കു ബോക്സ്ഓഫിസിൽ പ്രതീക്ഷിച്ച കുതിപ്പ് ലഭിച്ചില്ലെങ്കിലും പാട്ടുകളെല്ലാം വിജയം നേടിയെന്നു തന്നെ പറയണം. ചിത്രത്തിലെ ഐറ്റം ഗാനം ഒരാഴ്ച കൊണ്ട് 10 ലക്ഷത്തിലധികം പ്രാവശ്യമാണ് പ്രേക്ഷകർ കണ്ടത്. നെഗറ്റീവ് പബ്ലിസിറ്റി പാട്ടുകളുടെ പ്രചാരണത്തിന് എങ്ങനെ തുണയാകുന്നുവെന്നതിന് തെളിവാണിത്. ഇക്കാര്യം പാട്ടുകൾക്ക് ഈണമിട്ട സംഗീതസംവിധായകൻ ഗോപി സുന്ദറും സമ്മതിക്കുന്നുണ്ട്. ട്രോളുകൾ ഫ്രീ പബ്ലിസിറ്റിയാണു നൽകുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ചില പാട്ടുകൾക്ക് മറ്റേതെങ്കിലും ഹിറ്റ് ഗാനവുമായി തോന്നുന്ന സാദൃശ്യം മനപ്പൂർവം കൊണ്ടുവരുന്നതാണെന്നും അതു പാട്ടുകളുടെ പ്രചാരണത്തിന് മികച്ച പിന്തുണ നൽകുന്നുവെന്നും ഗോപി പറയുന്നു.

sathya-movie-trolls9

സത്യയിലെ പാട്ടുകൾ ഓരോന്നായി പുറത്തിറങ്ങി തുടങ്ങിയപ്പോഴേ ട്രോളൻമാർ ആഘോഷവും തുടങ്ങിയെന്നതാണു വാസ്തവം. ആദ്യ ഗാനമായ ‘ഞാൻ നിന്നെ തേടി വരും’ എന്ന പാട്ടിന്റെ ഈണവും വരികളും നായിക പാർവതിയുടെ ഡാൻസുമാണ് ട്രോൾ ചെയ്യപ്പെട്ടത്. അതിന്റെ ഈണത്തിനു തമിഴ് ഗാനം ഹെലേനയുമായി സാമ്യമുണ്ടെന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. രണ്ടാം ഗാനമായ ‘ചിലങ്കകൾ തോല്‍ക്കും’ എന്നതു മനോഹരമായൊരു പാട്ടായിരുന്നു. പക്ഷേ ഐറ്റം ഡാൻസിനൊപ്പമാണ് പാട്ട് എത്തിയത്. പാട്ടും ദൃശ്യങ്ങളും തമ്മിൽ ഒരു ചേർച്ചയുമില്ലാത്തത് ട്രോൾ മഴ തന്നെ സൃഷ്ടിച്ചു. പാട്ടിനു ചേരുന്ന ദൃശ്യമേതെന്ന് പഴയ ചലച്ചിത്രങ്ങളിൽനിന്നു കണ്ടെത്തി കാണിക്കുക വരെയുണ്ടായി. ‘ചിന്തിച്ചോ’ എന്ന മൂന്നാം ഗാനത്തിനും  ഇതുതന്നെയായിരുന്നു വിധി. വരികളാണ് ഈ ഐറ്റം ഗാനത്തിനെയും ട്രോളുകളിൽ നിർത്തിയത്. എന്തായാലും പാട്ടുകൾക്ക് അതു വലിയ പ്രചാരണമാണു നൽകിയത്. ‘ചിന്തിച്ചോ’ എന്ന പാട്ട് രണ്ടര ലക്ഷത്തോളം പ്രാവശ്യവും ‘ഞാൻ നിന്നെ തേടി വരും’ എന്ന ഗാനം ഏഴു ലക്ഷത്തോളം പ്രാവശ്യവുമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്. ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾക്ക് യുട്യൂബിൽ കിട്ടുന്ന സ്വീകാര്യതയാണ് വിമർശനം ഏറ്റുവാങ്ങിയിട്ടും സത്യയിലെ പാട്ടുകൾക്കു ലഭിച്ചത്. 

ഒരു സംഗീതാവിഷ്കാരത്തെ ജനങ്ങളിലേക്കെത്തിക്കുകയെന്നത് കടുത്ത മൽസരത്തിന്റെ കാലത്ത് വെല്ലുവിളിയാണ്. നല്ല പാട്ടുകളാണെങ്കിലും ജനങ്ങൾ ഏറ്റെടുക്കും എന്നുറപ്പുണ്ടെങ്കിലും എത്രയും വേഗം ജനശ്രദ്ധ നേടുകയെന്നത് ശ്രമകരമാണ്. കുറിക്കുകൊള്ളുന്ന തന്ത്രങ്ങൾ തന്നെ ആവിഷ്കരിക്കണം. സിനിമ വിജയിക്കാത്തതു കൊണ്ട് മികച്ച ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുമുണ്ട്. പാട്ടുകൾ ഒത്തിരി ഇഷ്ടമാണെങ്കിലും ചില സംഗീത സംവിധായകരുടെ പാട്ടുകൾ ഒഴികെ, മറ്റൊന്നിനോടും സിനിമയിലെ ടീസറിനേയോ ട്രെയിലറിനേയോ കാത്തിരിക്കുന്ന അത്രയും ആവേശം പ്രേക്ഷകർ കാണിക്കാറില്ലെന്നതാണ് വാസ്തവം.  പാട്ടുകളോടുള്ള ഇഷ്ടം സിനിമയുടെ പ്രചാരണത്തിലും തിയറ്ററിലേക്കു കാണികളെ എത്തിക്കുന്നതിലും സ്വാധീനം ചെലുത്തുമെന്നതിനാല്‍ പാട്ടുകളും വിഡിയോകളും ഏറ്റവും എഫക്ടീവായി പ്രേക്ഷകരിൽ എത്തിക്കുന്നതിനു വലിയ പ്രാധാന്യമുണ്ട്. പലതരം തന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. 

gopi-sunder-trolls-sathya-movie

നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും പാട്ടുകൾ ശ്രദ്ധിക്കപ്പെടുന്നുവെന്നത് അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് നല്ലതാണ്. അതുപോലെ പാട്ടിനെ കൃത്യമായി വിലയിരുത്താനും ആളുകൾക്ക് സാധിക്കും.