വരും തലമുറയുടെ ഈണങ്ങൾക്കു കാതോർക്കൂവെന്ന് പറഞ്ഞു കൊണ്ട്, പാട്ടിന്റെ എസ്.ജാനകി അമ്മ വിശ്രമ ജീവിതത്തിലേക്കു താനേ തിരിച്ചു പോയത് കുറച്ചു നാളുകൾക്കു മുൻപാണ്. അവസാനമായി അവർ പാടിയതാകട്ടെ ഒരു മലയാളം ചിത്രത്തിലും. പത്തു കൽപനകൾ എന്ന ചിത്രത്തിലുണ്ടായിരുന്നത് അതിമനോഹരമായൊരു താരാട്ടു പാട്ടായിരുന്നു. സിനിമ പുറത്തിറങ്ങി മാസങ്ങൾക്കിപ്പുറം സമൂഹമാധ്യമത്തിൽ ഒരു ആരോപണം എത്തിയിരിക്കുകയാണ്. ജാനകിയമ്മയെ കുറിച്ചുള്ള പുസ്തകം എഴുതി ഗിന്നസ് ബുക്കിൽ ഇടംനേടിയ അഭിലാഷ് പുതുക്കാടിന്റേതായിരുന്നു ഇത്. ജാനകിയമ്മയുടെ പാട്ട് ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. രാജ്യത്തെ അതിശയിപ്പിച്ച ആലാപന ശൈലിയുള്ള ഗായികയോടുള്ള അനാദരവാണിതെന്നാണ് അഭിലാഷ് പറഞ്ഞിരുന്നത്. സംഗീത പ്രേമികൾ ഇക്കാര്യം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എന്താണ് ഈ വിഷയത്തിൽ സംഭവിച്ചതെന്ന് പാട്ടിന് ഈണമിട്ട മിഥുൻ ഈശ്വറും നിർമാതാക്കളിലൊരാളായിരുന്ന ജിജി അഞ്ചാണി മനോരമ ഓൺലൈനോടു പറഞ്ഞു.
ജാനകിയമ്മയോട് ഒരിക്കലും അനാദരവ് കാണിച്ചിട്ടില്ല. സിനിമയിൽ അവസാന നിമിഷം വന്ന ചില മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പാട്ട് ഉൾക്കൊള്ളിക്കാനാകാതെ പോയതാണ്. രണ്ടര മണിക്കൂർ ആയിരുന്നു സിനിമയുടെ ദൈർഘ്യം. ഇത് രണ്ടു മണിക്കൂർ ആക്കണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടതോടെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ഈ പാട്ട് നിലനിർത്താൻ പരമാവധി ശ്രമിച്ചുവെങ്കിലും നടന്നില്ല. പാട്ടിന്റെ രംഗങ്ങളൊക്കെ ഏറെ ഭംഗിയോടെയാണു ചിത്രീകരിച്ചതും. ഈണവും വരികളുമെല്ലാം എന്നെന്നും ഓർത്തിരിക്കുന്നതുമായിരുന്നു. പക്ഷേ ദൈര്‍ഘ്യം കുറയ്ക്കേണ്ടി വന്നതോടെ അത് ഒഴിവാക്കാതെ നിവൃത്തിയില്ലായിരുന്നു. വിഷമമുണ്ട് അത് ഒഴിവാക്കേണ്ടി വന്നതിൽ. പാട്ടിന്റെ വിഡിയോ പുറത്തിറക്കിയിരുന്നു. അത് ഏറെ ശ്രദ്ധ നേടുകയുമുണ്ടായി. ഇവർ വ്യക്തമാക്കി.
വാക്കുകൾക്കതീതമായ ആലാപന വൈദഗ്ധ്യവും ഉപമകൾക്കതീതമായ സ്വരഭംഗിയും കൊണ്ട് ദശാബ്ദങ്ങളോളം നമ്മെ പാട്ടിൽ ലയിപ്പിച്ച വാനമ്പാടിയാണ് എസ്.ജാനകി. അവര്‍ അവസാനം പാടിയ പാട്ട് ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി ഉപയോഗപ്പെടുത്തി. പക്ഷേ സിനിമ ഇറങ്ങിയപ്പോൾ പാട്ട് ഉൾപ്പെടുത്തിയില്ല. സാമാന്യ മര്യാദ കാണിക്കണമായിരുന്നു എന്നാണ് അഭിലാഷ് പുതുക്കാട് എഴുതിയത്. സിനിമയിൽ നിന്ന് പാട്ടുകൾ ഒഴിവാക്കപ്പെടുന്നത് പുതിയ കാര്യമല്ല. പക്ഷേ ഇവിടെ കാര്യം അങ്ങനെയല്ല. ഈ പാട്ട് അവരുടെ അവസാനം പാടിയ ചലച്ചിത്ര ഗാനമാണ്. ആ വിരമിക്കൽ ഗാനം നാലുവരിയെങ്കിലും ചേർക്കാൻ 10കല്പനകൾ എന്ന ചിത്രത്തിന്റെ അണിയറക്കാർ ശ്രമിക്കണമായിരുന്നു. അഭിലാഷ് പുതുക്കാട് പറഞ്ഞിരുന്നു.