പി. ജയചന്ദ്രൻ പാടിയ പാട്ട് മാറ്റി അതേ പാട്ട് താൻ തന്നെ പാടിയതിനു മതിയായ ന്യായീകരണമുണ്ടെന്നു സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. ഗായകനെ മാറ്റിയത് അറിയിച്ചില്ലെന്ന പി. ജയചന്ദ്രന്റെ ആക്ഷേപത്തിനു കൃത്യമായ മറുപടി ഉണ്ടെങ്കിലും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാൽ ഒന്നും പറയുന്നില്ല. പൂർണതയടക്കം പല ഘടകങ്ങൾ കണക്കിലെടുത്താണ് പാട്ട് മാറ്റിയത്. സത്യം പറയണം എന്നുണ്ട്. എന്നാൽ, താൻ ഏറ്റവും അധികം ബഹുമാനിക്കുന്നയാളെ വേദനിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘സൈഗാൾ പാടുന്നു എന്ന ചിത്രത്തിൽ ഹിന്ദുസ്ഥാനി രീതിയിലുള്ള ഒരു പാട്ടിനായി ജയചന്ദ്രനെ വിളിച്ചിരുന്നു. ഹിന്ദുസ്ഥാനിയുടെ ഭാവം ഉൾക്കൊണ്ടു പാടാൻ കൂടുതൽ സമയം നൽകണമെന്നും അഭ്യർഥിച്ചു. എന്നാൽ, സമയം തരാൻ അദ്ദേഹം തയാറായില്ല. പകരം ശങ്കർ മഹാദേവനാണ് പാടിയത്. ഇതു പി. ജയചന്ദ്രന്റെ കുറ്റമോ കുറവോ അല്ല. എന്നാൽ, എന്റെ തീരുമാനത്തിൽ തെറ്റില്ല എന്നു വ്യക്തമാക്കാനാണിതു പറഞ്ഞത്. ഞാൻ അനീതി ചെയ്തു എന്ന് അദ്ദേഹത്തിന്റെ തോന്നലുകളിൽ ഉണ്ടെങ്കിൽ പോലും മാപ്പ് ചോദിക്കുന്നു. അദ്ദേഹവുമായി കൂടുതൽ പാട്ടുകൾ ചെയ്യുക എന്നത് എന്നെ സംബന്ധിച്ചു വലിയ അവസരമാണ്. അതിനായി ഞാൻ കൂടുതൽ ആഗ്രഹിക്കുന്നു’’– എം. ജയചന്ദ്രൻ പറഞ്ഞു.
‘ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുത്'...
‘ഏകാന്തപഥികൻ ഞാൻ’ എന്ന പി. ജയചന്ദ്രന്റെ ആത്മകഥയിൽ പറഞ്ഞ കാര്യങ്ങൾ മെട്രോ മനോരമയിൽ പ്രസിദ്ധീകരിക്കുന്ന ‘ഗ്രാമഫോൺ’ പംക്തിയിൽ പരാമർശിച്ചിരുന്നു. തുടർന്നാണ് എം. ജയചന്ദ്രന്റെ വിശദീകരണം.
ആരോപണങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ പാട്ടുകൾ ചെയ്യാനുള്ള ഊർജമാണ് തനിക്കു ലഭിക്കുന്നത്. കോപ്പിയടിയെന്നു പറയുന്നതിനെ താൻ അംഗീകരിക്കുന്നില്ല.
നിലവിലുള്ള ഈണങ്ങളുടെ മെച്ചപ്പെടുത്തലും പകർത്തലും ഇക്കാലത്തു മാത്രമല്ല, മുൻപും ഉണ്ടായിട്ടുണ്ട്. പുത്തൻ തലമുറ സംഗീത സംവിധായകരെ മാത്രം ആക്ഷേപിക്കുന്നത് ശരിയല്ലെന്നും എം. ജയചന്ദ്രൻ പറഞ്ഞു.