മെയ് നല്ല സിനിമ ഗാനങ്ങളുടെയും മാസം

വേനലിന്റെ കളിയുടെ ചിരിയുടെ മെയ് മാസം കടന്നുപോയിരിക്കുന്നു. ഇനി മഴയുടെ കുളിരുള്ള ജൂൺ. അവധിക്കാലമായിരുന്നു മെയ് മാസം. പാട്ടു കേട്ടും പാടിയും കളിച്ചും രസിച്ചും നടന്ന നാളുകളുടെ ഓർമകളിലേക്ക് ഒരു മെയ് കൂടിയെത്തുമ്പോൾ ഓർത്തെടുക്കാം മെയ് മാസത്തിന്റെ ഭംഗിയുള്ള കുറേ പാട്ടുകളെ...മെയ് മാസത്തിൽ നമ്മള്‍ കേട്ട ഏറ്റവും പുതിയ മനോഹരമായ അഞ്ചു പാട്ടുകളെ

കണ്ണഞ്ഞുന്നൊരു നാട്

ചോര തിളയ്ക്കുന്ന സംഭാഷണങ്ങളെഴുതാനും അതുപോലെ രസകരമായി കഥാപാത്രമായി പുലിയാണെന്നാണ് രൺജി പണിക്കർ തെളിയിച്ചതാണ്. ബേസിൽ ജോസഫിന്റെ ഗോദയിൽ രൺജി പണിക്കറിന്റെ കഥാപാത്രത്തെയും നാടിനേയും കുറിച്ചൊരു പാട്ടുണ്ട്. ഒന്നു കേട്ടാൽ പിന്നെയും പാടി നടക്കുന്നൊരു കുഞ്ഞൻ പാട്ട്. പാടുകയാണോ എന്നു ചോദിച്ചാൽ സംശയമാണ്. കുറേ വരികൾ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ താളത്തിലങ്ങ് പറയുകയാണ്. ഉറച്ച സ്വരത്തിൽ. അതിനൊപ്പം ഷാൻ ചേർത്ത ചടുലമായ ഊർജസ്വലമായ സംഗീതമുണ്ട്. അതാണു പാട്ടിനെ പ്രിയപ്പെട്ടതാക്കിയത്. 

റേഡിയോ സോങ്

ഒരു പാട്ടിനു വേണ്ടി സംവിധായകൻ ഏറ്റെടുക്കുന്ന പരിശ്രമമാണ് ചില പാട്ടുകളെ പ്രസക്തമാക്കുന്നത്. കബീർ ഖാന്റെ പുത്തന്‍ സൽമാൻ ചിത്രമായ ട്യൂബ്‍ലൈറ്റിലെ റേഡിയോ സോങിനെ വാർത്തകളിലെത്തിച്ചത് അങ്ങനെയൊരു കാര്യമാണ്. 1000 പേരെയാണ് ഈ പാട്ടിൽ നൃത്തച്ചുവടുകൾ അവതരിപ്പിക്കുവാൻ അദ്ദേഹം എത്തിച്ചത്. 200 നർത്തകരും 800 ജൂനിയർ ആർടിസ്റ്റുകൾക്കുമൊപ്പമാണ് നിഷ്കളങ്കത്വമുള്ള മുഖഭാവത്തോടു കൂടി സൽമാൻ നൃത്തം ചവിട്ടുന്നത്. സല്‍മാന്റെ ഭാവവും കുട്ടിത്തമുള്ള നൃത്തച്ചുവടുകളുമാണ് വേറൊരു പ്രത്യേകത. അമിതാഭ് ഭട്ടാചാര്യ എഴുതിയ വരികൾക്ക് പ്രിതം ഈണമിട്ട് കമാൽ ഖാനും അമിത് മിശ്രയും അക്ഷദീപ് സെൻഗുപ്തയും ചേർന്നാണീ പാട്ടു പാടിയത്. പാട്ട് പാടുന്ന ശൈലിയും വരികളിലെ ഭംഗിയും സൽമാന്റെയും സംഘത്തിന്റെയും നൃത്തവും ചേര്‍ന്നു സൃഷ്ടിക്കുന്നത് ആഘോഷത്തിന്റെ മൂഡാണ്. 

ഞാനും നീയും

ഏതു നിമിഷം നോക്കിയാലും, എത്ര നോക്കിനിന്നാലും മതിവരാത്ത ഭംഗിയുള്ളൊരിടമാണു കടൽത്തീരങ്ങൾ. തിരമാലകൾ കുസൃതികാട്ടി മടങ്ങിപ്പോകുന്ന കാഴ്ചയുമായി നിൽക്കുന്ന കടൽത്തീരം പോലെ ഭംഗിയുള്ള പാട്ടുകളാണ് അഫ്സൽ യൂസഫ് ഈണമിട്ട തീരം എന്ന ചിത്രത്തിലുള്ളത്. സിനിമയിൽ ശ്രേയ ഘോഷാലും ക്യുൻസി ചേറ്റുപള്ളിയും ചേർന്നു പാടിയ പാട്ടാണിത്. പക്ഷേ ശ്രേയയുടെ സ്വരഭംഗിയിൽ മലയാളത്തിൽ പിറന്ന ഏറ്റവും ഭാവാർദ്രമായ ഗാനങ്ങളിലൊന്നാണിതെന്നതിൽ തർക്കമില്ല. അത്രയേറെ നല്ലൊരു മെലഡിയാണിത്. ഹരിനാരായണൻ ബി.െക.യുടേതാണു വരികൾ.

സച്ചിൻ സച്ചിൻ

എ.ആർ.റഹ്മാനും സച്ചിൻ ടെൻഡുൽക്കറും...ഇന്ത്യയുടെ വികാരങ്ങളിലൊന്നാണിവർ. സച്ചിന്റെ ജീവിതത്തെ കുറിച്ചൊരുക്കുന്ന ചിത്രത്തിൽ എ.ആർ.റഹ്മാൻ സംഗീതം ചെയ്യുമ്പോൾ അത് നമ്മളെ ഹരംപിടിപ്പിച്ചില്ലെങ്കിലല്ലേ അർഥമുള്ളൂ. അങ്ങനെ തന്നെയായി. കുറേ ദശാബ്ദക്കാലം ലോകമെമ്പാടുമുള്ള മൈതാനങ്ങളിൽ മുഴങ്ങിക്കേട്ട സച്ചിൻ സച്ചിൻ എന്ന ആരവം നിറഞ്ഞു നിൽക്കുന്ന ഗാനം. ഛയ്യ ഛയ്യ പോലെ സുഖ്‍വിന്ദർ സിങിനു റഹ്മാൻ നൽകിയ മറ്റൊരു ത്രില്ലിങ് ഗാനമാണിതും. ഇർഷാദ് കാമിലിന്റേതാണു വരികള്‍.

മുസഫിര്‍

ബോളിവുഡിൽ നിന്നുള്ള ടില പാട്ടുകൾ കേട്ടാല്‍ അറിയാതെ കണ്ണുനിറയും. പ്രത്യേകിച്ചു പ്രണയത്തെ കുറിച്ചുള്ളതാണെങ്കിൽ. ബോളിവുഡ് ഗായകൻമാരെ പോലെ ഇത്രയേറെ ഭാവാര്‍ദ്രമായി പാടുന്നവർ മറ്റൊരു ഇൻഡസ്ട്രിയിലുമുണ്ടാകാനിടയില്ല. അതിഫ് അസ്‍ലമും പലക് മുച്ഛലും ചേർന്നു പാടിയ സ്വീറ്റി വെഡ്സ് എൻആർഐ എന്ന ചിത്രത്തിലെ മുസാഫിർ എന്ന പാട്ടും അതുപോലൊരെണ്ണമാണ്. പലാഷ് മുച്ഛലിന്റേതാണു സംഗീതം. പലക് മുച്ഛലാണു വരികളും കുറിച്ചത്.