അജിതിനെ കുഴപ്പിച്ച് അനിരുദ്ധ്: നൽകിയത് 50 ഈണങ്ങള്‍!

ആലുമ ഡോലുമ എന്ന പാട്ടിനു ശേഷം അജിതിനു വേണ്ടി ഈണമിടുകയാണ് തമിഴകത്തെ യുവ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. വിവേഗം എന്ന ത്രില്ലർ ചിത്രത്തിലേക്കാണ് അനിരുദ്ധ് ഈണമൊരുക്കുന്നത്. സിനിമയുടെ തീം സോങും താരത്തിന്റെ ഇൻട്രോ‍ സമയത്തിലേക്കുമുള്ള സംഗീതം അജിതിന്റെയും കൂടി ഇഷ്ത്തിനനുസരിച്ചാണ് അനിരുദ്ധ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. 50 ഈണങ്ങളാണ് അനിരുദ്ധ് അജിതിന് കേൾപ്പിച്ചു കൊടുത്തത്. സിനിമയിലേക്കുള്ള പശ്ചാത്തല സംഗീതവും അനിരുദ്ധ് തന്നെയാണു ചെയ്യുന്നത്. 50 ഈണങ്ങളും കേട്ടിരുന്ന അജിത് ആകെ കണ്‍ഫ്യൂഷനിലായി. ഒന്നിനോടൊന്നു മനോഹരമായിരുന്നു എല്ലാ ഈണങ്ങളും.  അവയെല്ലാം പ്രിയപ്പെട്ടതുമായി അജിതിന്. 

തന്റെ ജോലിയിൽ കൈകടത്താത്ത, അനാവശ്യമായ നിർദ്ദേശങ്ങൾ തരാത്ത താരം എന്നാണ് അജിതിനെ അനിരുദ്ധ് വിശേഷിപ്പിക്കുന്നത്. ജെയിംസ് ബോണ്ട് ശൈലിയിലുള്ളതാണ് വിവേഗം. അതുകൊണ്ട് നവീനത്വമുള്ള സ്റ്റൈലൻ സംഗീതമാണ് ചിത്രത്തിനായി ഒരുക്കുകയെന്നാണ് അനിരുദ്ധ് വ്യക്തമാക്കിയത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേഗം. 

അടുത്ത ബന്ധു കൂടിയായ നടൻ ധനുഷ് സംവിധാനം ചെയ്ത 3 എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് ചലച്ചിത്ര രംഗത്തേയ്ക്കുന്നത്. വെറും 21 വയസു മാത്രമായിരുന്നു അന്ന് പ്രായം. ഇതിൽ ധനുഷ് പാടി വൈ ദിസ് കൊലവെറി എന്ന പാട്ട് യുട്യൂബിലുള്ള ഇന്ത്യൻ വിഡിയോകളിൽ ഏറ്റവുമധികം പ്രേക്ഷകരെ നേടിയൊരു പാട്ടു കൂടിയാണ്. ആലുമ ഡോലുമ എന്ന പാട്ടും വൈ ദിസ് കൊലവെറി പോലെ വൻ ജനപ്രീതി നേടിയിരുന്നു.