Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയുടെ പാട്ടിൽ എങ്ങനെയെത്തി: അന്നയും ഷെറിലും പറയുന്നു

sheril-anna

കോളജിലെ ഓണപ്പരിപാടിയ്ക്ക് ഡാൻസ് കളിച്ച് കളിച്ച് ഇവര്‍ രണ്ടു പേരിതാ തമിഴ് സൂപ്പർ ഹീറോ സൂര്യയുടെ ടീസറിന്റെ വരെ ഭാഗമായിരിക്കുന്നു. ഷെറിലും അന്നയും. ഇരുവരുടെയും ഡാൻസ് കൂടിയുള്ള പാട്ടിന്റെ ടീസറാകട്ടെ ഒറ്റ ദിവസം കൊണ്ട് പതിനാറ് ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. ഇരുവരും ഡാൻസ് ചെയ്താൽ അത് വൈറലായിരിക്കും എന്നു പറഞ്ഞു പോകുകയാണ് ഇപ്പോൾ. 

മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമ്മിക്കി കമ്മൽ എന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്ത വിഡിയോ വൈറലായതോടെയാണ് ഷെറിലും അന്നയും താരങ്ങളായത്. കോളജിലെ ഓണപ്പരിപാടിയ്ക്ക് ഒരു ഓളമുണ്ടാക്കാൻ ചെയ്ത ഡാൻസ് ഇവരുടെ പ്രതീക്ഷകൾക്കുമപ്പുറമാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ വിഡിയോ കണ്ടിട്ടാണ് സൂര്യയുടെ പുത്തൻ ചിത്രത്തിലെ സൊടക്ക് എന്ന പാട്ടിന്റെ വിഡിയോയിലേക്ക് ഡാൻസ് ചെയ്യാൻ വിളിക്കുന്നത്. പാട്ടിന്റെ ടീസറിൽ കിടിലൻ ലുക്കിൽ ഇവർ ഡാൻസ് ചെയ്യുന്ന വിഡിയോയുമെത്തി അതോടെ. പാട്ടിന് ഈണമിട്ട അനിരുദ്ധ് രവിചന്ദറിന് പിറന്നാൾ ആശംസകൾ നേരുന്ന ടീസറാണിത്. സൂര്യയും അനിരുദ്ധും ഷെറിലും അന്നയും മാത്രമല്ല, ഒട്ടേറെ സാധാരണക്കാരും ഈ വിഡിയോയിലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

സിനിമയൊന്നും സ്വപ്നത്തിലേയുണ്ടായിരുന്നില്ലെന്ന് അന്ന പറയുന്നു. ശരിക്കും ഇപ്പോഴും ‌ഞങ്ങൾക്ക് ഉൾക്കൊള്ളാനാകുന്നില്ല ഈ വിഡിയോ ഇത്രയും വൈറലായി ഞങ്ങളേയും കുറേ പേർ അറിയുന്നുണ്ട് എന്ന്. സിനിമയൊക്കെ വേറൊരു ലോകമല്ലേ. ഞങ്ങൾ രണ്ടാൾക്കും അധ്യാപകരായി തുടരാനാണ് താൽപര്യം. അതിനൊപ്പം ഒരു രസത്തിന് ‍ഡാൻസും കൊണ്ടുപോകണം എന്നേയുള്ളൂ. അന്ന പറയുന്നു. ഈ വിഡിയോ തന്നെ ചെയ്യാൻ വിളിച്ചപ്പോൾ അതുകൊണ്ടു തന്നെ ആകെയൊരു കൺഫ്യൂഷനായിരുന്നു. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയിലേക്ക് വിളിപ്പിച്ചപ്പോൾ അമ്പരന്നുപോയി. അന്ന് താമസിച്ച ഹോട്ടൽ മുറിയിൽ വച്ചായിരുന്നു ഈ ഡാൻസ് ഷൂട്ട് ചെയ്തത്. അന്ന പറഞ്ഞു. സൊടക്ക് ഗാനത്തിന്റെ പ്രൊമോ വിഡിയോയിലും ഫുൾ വിഡിയോയിലും ഡാൻസ് ചെയ്യാനുള്ള അവസരവും ചിലപ്പോൾ ഇരുവരെയും തേടിയെത്തിയേക്കും. 

െചയ്യുന്ന വിഡിയോകളെല്ലാം വൈറലാകുകയാണല്ലോ എന്നു ചോദിച്ചപ്പോൾ അന്ന ഇങ്ങനെയാണു പറഞ്ഞത്...

അയ്യോ അതിനെ കുറിച്ച് എന്തു പറയാനാണ്. ഒന്നും മനപൂര്‍വ്വം ചെയ്യുന്നതേയല്ല. വെറുതെ ഒരു രസത്തിനാണ് ഇതുവരെ എല്ലാ വിഡിയോകളും ചെയ്തത്. അത് ആളുകള്‍ ഇത്ര ആവേശത്തോടെ ഏറ്റെടുക്കും എന്നൊന്നും വിചാരിച്ചിരുന്നേയില്ല. സത്യം. എവിടെ ചെന്നാലും ആളുകള്‍ ചോദിക്കും, പുതിയ വിഡിയോ എന്നു വരും പുതിയ ഡാൻസ് ഏതാണ് എന്നൊക്കെ. ഒന്നും പ്ലാൻ ചെയ്ത് ചെയ്തതല്ല. അതെല്ലാം സംഭവിച്ചതാണ്.

അതെന്തായാലും ക്ലാസ് മുറിയിൽ വച്ച് ചിട്ടപ്പെടുത്തി അവിടെ തന്നെ കളിച്ച ഡാൻസ് ആണ് ഇരുവരെയും ദക്ഷിണേന്ത്യൻ ചിത്രത്തിലെ സൂപ്പർ താരത്തിന്റെ സിനിമയുടെ ഭാഗമാക്കിയത്. ജിമ്മിക്കി കമ്മൽ ഡാന്‍സ്കാർ ഉള്ള വിഡിയോ എന്ന ആ പാട്ടിനെ കുറിച്ച് പറയുമ്പോൾ അത് ഇവർക്കുള്ള അംഗീകാരം കൂടിയാണ്. ജിമ്മിക്കി കമ്മൽ ഡാൻസ് വിഡിയോ യുട്യൂബിൽ രണ്ട് കോടിയോളം ആളുകളാണ് യുട്യൂബ് വഴി ഇതുവരെ കണ്ടത്. വിഡിയോയ്ക്ക് യുട്യൂബ് വഴി ലഭിക്കുന്ന പ്രതിഫലം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.